കോളറ പ്രതിരോധം; ഇതരസംസ്ഥാന ക്യാമ്പുകളിൽ ഹിന്ദിയിലും ബംഗാളിയിലും ബോധവത്​കരണം

09:20 AM
12/08/2017
തിരുവനന്തപുരം: കോളറ ഉൾപ്പെടെ പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ ആരോഗ്യവകുപ്പ് ഹിന്ദി, ബംഗാളി ഭാഷകൾ നന്നായി കൈാര്യം ചെയ്യാനറിയാവുന്നവരെ ചുമതലപ്പെടുത്തുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ രണ്ടുപേർ മരിക്കുകയും നിരവധിപേർക്ക് രോഗം കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ കോളറ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ പെെട്ടന്നുതന്നെ ഗുരുതരാവസ്ഥയിലേക്ക് രോഗിയെ കൊണ്ടെത്തിക്കുന്ന അപകടാവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാനക്കാരെ കൂടി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കോഴിക്കോട്ട് ഇതിനായി മെഡിക്കൽ കോളജിലെ ഇതരസംസ്ഥാന വിദ്യാർഥികളുടെ സഹായം തേടി. മറ്റ് ജില്ലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലും അവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും ഹിന്ദി, ബംഗാളി ഭാഷകളിൽ ബോധവത്കരണവും പ്രചാരണവും നടത്തും. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാണെന്നും ആശങ്കക്ക് വകയില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. കോഴിക്കോട്ടും പത്തനംതിട്ടയിലും കേസുകൾ റിപ്പോർട്ട് ചെയ്തശേഷം സംസ്ഥാനത്തൊട്ടാകെ ശക്തമായ നിരീക്ഷണവും ബോധവത്കരണവും നടത്തിവരികയാണ്. വയറിളക്കവും മറ്റ് അനുബന്ധ രോഗങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കാനും കോളറയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‌ മലിനമായ ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതാണ് രോഗം പടരാൻ പ്രധാന കാരണം. കുടിവെള്ളത്തിൽ മനുഷ്യവിസർജ്യം കലരുന്നത് ഒഴിവാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളിലാണ് പകർച്ചവ്യാധികൾ പലതും ഇപ്പോൾ കണ്ടെത്തുന്നത്. മലിനമായ സാഹചര്യങ്ങളും വ്യക്തിശുചിത്വമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം. -എ. സക്കീർ ഹുസൈൻ
COMMENTS