Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലപ്പൊഴിയുടെ...

മുതലപ്പൊഴിയുടെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്താന്‍ പദ്ധതി

text_fields
bookmark_border
തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയില്‍ മുതലപ്പൊഴിയുടെയും സമീപ പ്രദേശങ്ങളുടെയും സാധ്യത പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി. പെരുമാതുറ-മുതലപ്പൊഴി പ്രദേശത്തിന്‍െറ ടൂറിസം വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയാണ് ഇതിനകം അനുവദിച്ചിട്ടുള്ളത്. പെരുമാതുറ പാലം വന്നതോടെ ഇവിടെ സന്ദര്‍ശകരായി നിരവധിപേരാണ് ദിവസവും എത്തുന്നത്. കടലും കായലും സംഗമിക്കുന്ന മുതലപ്പൊഴിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ടൂറിസം വകുപ്പ് തയാറെടുക്കുന്നത്. മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വിസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ കായല്‍ എന്നിവയുമായി ബന്ധിപ്പിക്കാനായാല്‍ സംസ്ഥാനത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായി ഇവിടം മാറും. നിലവില്‍ പുളിമൂട്ടില്‍ കടവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ബോട്ട് ക്ളബ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് സഫാരി ബോട്ടും നാല് സ്പീഡ് ബോട്ടുകളുമാണ് ഇവിടെയുള്ളത്. ഈ സര്‍വിസ് കൂടി ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്താനാവും. സാഹസിക ടൂറിസം പദ്ധതിയാണ് പെരുമാതുറ-മുതലപ്പൊഴി മേഖലയില്‍ പ്രധാനമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അലങ്കാരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ടോയ്ലറ്റ് സൗകര്യം, ബോട്ട് സര്‍വിസ്, ബോട്ട് ജെട്ടി എന്നിവയും ഇവിടെ ഒരുക്കും. ടൂറിസം രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുള്ള പ്രദേശമാണ് പ്രകൃതിരമണീയമായ അകത്തുമുറി കായലിലെ പൊന്നുംതുരുത്ത് ദ്വീപ്. അകത്തുമുറിയും കാപ്പില്‍ കായലുമായി ബന്ധിപ്പിക്കുന്ന വര്‍ക്കല തുരപ്പ് ഒരുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന പ്രധാന ജലപാതയായിരുന്നു. ടി.എസ് കനാല്‍ വഴി കാപ്പില്‍, അകത്തുമുറി, അഞ്ചുതെങ്ങ്, കഠിനംകുളം, ചാക്ക, കോവളം വരെ എത്തുന്ന ജലപാതയും ഉണ്ടായിരുന്നു. വാണിജ്യബന്ധങ്ങള്‍ പലതും ഈ മാര്‍ഗത്തിലൂടെയായിരുന്നു. ചരിത്രപസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, ആറ്റിങ്ങല്‍ കൊട്ടാരം എന്നിവയും കായല്‍ മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. വേളി കായലിലേതുപോലെ പായലോ മറ്റു തടസ്സങ്ങളോ ഇവിടെയില്ല. നല്ല നീരൊഴുക്കുള്ള പ്രദേശവുമാണ്. പുളിമൂട്ടില്‍ കടവിലെ ബോട്ട് ക്ളബും പെരുമാതുറയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയും കൂടിയാകുമ്പോള്‍ ഇത് ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നതില്‍ സംശയമില്ല. രാത്രിയായാല്‍ വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തത് തുടക്കം മുതലേ നേരിടുന്ന പ്രശ്നമാണ്. ഇതിന് പരിഹാരമായി ഡോ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പെരുമാതുറ പാലത്തിന്‍െറ ഇരുവശങ്ങളിലും ഹൈമാസ്റ്റ് ലൈറ്റും പാലത്തിന്‍െറ വശങ്ങളില്‍ വി. ശശി എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് 24 എല്‍.ഇ.ഡി വിളക്കുകളും സ്ഥാപിക്കും. പെരുമാതുറ-താഴംപള്ളി ഭാഗത്തായിരിക്കും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക. ഇതോടെ പാലത്തിലെ രാത്രികാലത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും
Show Full Article
TAGS:LOCAL NEWS 
Next Story