Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇറോം ശര്‍മിളയുടെ...

ഇറോം ശര്‍മിളയുടെ സമരത്തിന് ഐക്യദാര്‍ഢ്യം തേടി സഹോദരന്‍ തലസ്ഥാനത്ത്

text_fields
bookmark_border
തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ സമരം തുടരുന്ന ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം തേടി സഹോദരന്‍ ഇറോം സിംഹജിത്ത് തലസ്ഥാനത്ത്. ഒക്ടോബര്‍ അഞ്ചിന് നിരാഹാര സമരത്തിന് 15 വര്‍ഷം തികയുന്ന ഘട്ടത്തില്‍ സമരസന്ദേശം കൂടുതല്‍ ജനങ്ങളിലത്തെിക്കുകയും പൊതുജന പിന്തുണയാര്‍ജിക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യം. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തത്തെിയ അദ്ദേഹം വിവിധ മനുഷ്യാവകാശ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. കൃഷി ഓഫിസറായിരുന്ന സിംഹജിത്ത് ജോലി രാജിവെച്ചാണ് മണിപ്പൂരിലെ ജനകീയ സമരവഴിയില്‍ ഇറങ്ങിത്തിരിച്ചത്. ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ടിന്‍െറ മറവിലെ ഭരണകൂട ഭീകരതയുടെ കറുത്ത ചിത്രങ്ങളാണ് ഇറോം സിംഹജിത്തിന് പറയാനുള്ളത്. സൈന്യം ഒരു ജനാധിപത്യ അവകാശവും വകവെക്കാതെ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘അവിടെ വിധവകളുടെ എണ്ണം കൂടുകയാണ്. സ്ത്രീ സുരക്ഷ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മണിപ്പൂര്‍ മാറുന്നു. ചെറുപ്പക്കാരെയാണ് സൈന്യം കൂടുതലും തോക്കിനിരയാക്കുന്നത്. സ്ത്രീകളെ മാത്രമല്ല, കുഞ്ഞുങ്ങളെ പോലും ശാരീരികമായി ഉപദ്രവിക്കുന്നത് വര്‍ധിച്ചു. നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാതെ നിസ്സഹായരാണ് ജനങ്ങള്‍. നിരപരാധികളായ പൗരന്മാരെ വ്യാപകമായി കൊല്ലുന്നത് തുടരുന്നു. പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാറില്ല. ഇതിനിടെ പ്രതിബന്ധങ്ങള്‍ അതിജീവിച്ച് സുപ്രീംകോടതിലത്തെിയ അഞ്ച് കേസുകളും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് വിധിയുണ്ടായി. എന്നാല്‍, ഇക്കാര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുത്തില്ല. കുക്കി വംശജരും നാഗന്‍മാരും മുസ്ലിംകളുമടക്കം സഹവര്‍ത്തിത്വത്തോടെയും സമാധാനത്തോടെയുമാണ് അവിടെ കഴിഞ്ഞിരുന്നത്. ഭരണകൂടം ആസൂത്രിതമായ ഗോത്രവികാരം ഇളക്കിവിട്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണ് സര്‍ക്കാറും പ്രയോഗിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതു രൂക്ഷമാണ്- ഇറോം സിംഹജിത്ത് തുടര്‍ന്നു. ‘ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരില്‍ കുടിയേറ്റം മറ്റൊരു പ്രശ്നമായി വളരുന്നുണ്ട്. മ്യാന്മറില്‍നിന്ന് വന്‍തോതില്‍ മണിപ്പൂരിലേക്ക് കുടിയേറ്റമുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ കുടിയേറ്റ നിരക്ക് മൂന്ന് ശതമാനത്തില്‍നിന്ന് 13 ശതമാനമായി വര്‍ധിച്ചു. കുടിയേറ്റക്കാരുടെ വിഷയത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ളെന്ന് മാത്രമല്ല, പ്രശ്നം ആഭ്യന്തരസംഘര്‍ഷത്തിലേക്ക് വഴിമാറുന്നുമുണ്ട്. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെയും ദലിത് വിഭാഗങ്ങളുടെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറായാല്‍ അതു ജനാധിപത്യത്തെ ശക്തിപ്പെടുത്തും. മനുഷ്യത്വരഹിതമായ ഭരണകൂട ഇടപെടലുകള്‍ക്കെതിരെയാണ് ഇറോം ശര്‍മിളയുടെ സമരം. എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനാധിപത്യസമൂഹത്തില്‍ നഷ്ടപ്പെടുന്നുവെന്നാണ് പുതിയ അനുഭവങ്ങള്‍’ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാടില്‍ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറോം സിംഹജിത്ത് തിരുവനന്തപുരത്തത്തെിയത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്്.
Show Full Article
TAGS:
Next Story