അലവന്സ് നല്കിയില്ല; പ്രതിഷേധവുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്
text_fieldsവെഞ്ഞാറമൂട്: അലവന്സ് ലഭിച്ചില്ളെന്നാരോപിച്ച് വാമനപുരം ബ്ളോക്കിന് കീഴിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് ബ്ളോക് റിട്ടേണിങ് ഓഫിസര്ക്ക് മുന്നില് ബഹളമുണ്ടാക്കി. വെഞ്ഞാറമൂട് ഹയര്സെക്കന്ഡറി സ്കൂളില് വോട്ടിങ് മെഷീനുകള് ഏറ്റുവാങ്ങുന്ന ജോലി പൂര്ത്തീകരിച്ചശേഷം രാത്രി 11നായിരുന്നു സംഭവം. ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുമായി ആലോചിച്ച് പരിഹാരമുണ്ടാക്കാമെന്ന റിട്ടേണിങ് ഓഫിസറുടെ ഉറപ്പിനെതുടര്ന്നാണ് ഒരുമണിക്കൂറോളം പ്രതിഷേധമുയര്ത്തിയ ഉദ്യോഗസ്ഥര് പിരിഞ്ഞത്. പഞ്ചായത്ത് റിട്ടേണിങ് ഓഫിസര്മാരുടെ കീഴില് നിരവധി ഉദ്യോഗസ്ഥരാണ് ദിവസങ്ങളായി തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള് ചെയ്തത്. വോട്ടിങ് മെഷീന് കമീഷന് ചെയ്യല്, പോസ്റ്റല് ബാലറ്റ് അയക്കല്, മെഷീനുകളുടെയും തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം തുടങ്ങി എല്ലാ ജോലികളും ഇവര് സമയബന്ധിതമായി തീര്ക്കുകയും ചെയ്തു. എന്നാല്, എട്ടുപേര് വരെ ജോലി ചെയ്ത സെക്ഷനുകളില് രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ പേരുകള് മാത്രമാണ് രജിസ്റ്ററില് ഉള്പ്പെടുത്തിയിട്ടുള്ളതത്രെ. പിന്നീട് കൂടുതല് പേരുകള് എഴുതിച്ചേര്ത്ത് തട്ടിപ്പ് നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പുള്ള പരിശീലന ക്ളാസില് പങ്കെടുത്ത ഇനത്തില് ലഭിക്കേണ്ട തുക ലഭിക്കാത്തതിനാല് പോളിങ് ഓഫിസര്മാരും പ്രതിഷേധമറിയിച്ചു. തുടര്ന്ന് അതാത് പോളിങ് ബൂത്തുകളില് ഇവര്ക്കുള്ള തുക എത്തിക്കാന് സെക്ടറല് ഓഫിസര്മാരെ ഏല്പിച്ചു. എന്നാല്, രണ്ടുദിവസത്തെ ക്ളാസില് പങ്കെടുത്തവര്ക്ക് ഒരു ദിവസത്തെ പ്രതിഫലം മാത്രമാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള്ക്ക് ജൂനിയര് സൂപ്രണ്ട് തസ്തികയിലുള്ളവര്ക്ക് 350 രൂപയും അതിന് താഴെയുള്ളവര്ക്ക് 250 രൂപയുമാണ് പ്രതിഫലം. ഏഴുമണിക്കൂറില് കൂടുതല് ജോലി നീണ്ടാല് 150 രൂപ ഭക്ഷണ അലവന്സും നല്കും. വാമനപുരം ബ്ളോക്കില് രാവിലെ മുതല് പാതിരാവരെ ജോലി ചെയ്തവര്ക്ക് ഭക്ഷണ അലവന്സ് നല്കിയിട്ടില്ളെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര് ആരോപിക്കുന്നു. അതേസമയം, ജോലിയെടുത്ത മുഴുവന് ഉദ്യോഗസ്ഥര്ക്കും പ്രതിഫലം നല്കാന് വരുംദിവസങ്ങളില് നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര് രാജഗോപാല് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.