'സുഭിക്ഷ കേരള'ത്തിനായി വാർഷിക പദ്ധതികൾ പുനഃക്രമീകരിക്കുന്നു

02:11 AM
21/05/2020
പി.പി. പ്രശാന്ത് അടിയന്തര പ്രാധാന്യമില്ലാത്തവ മാറ്റിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർേദശം തൃശൂർ: കാർഷികമേഖലയിൽ നടപ്പാക്കുന്ന 3000 കോടി രൂപയുടെ 'സുഭിക്ഷ കേരളം' പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ പുനഃക്രമീകരിക്കുന്നു. പുതിയ റോഡ്, ഓഫിസ് മന്ദിരങ്ങൾ തുടങ്ങിയ അടിയന്തര പ്രാധാന്യമില്ലാത്തതോ അനാവശ്യമായതോ ആയ പദ്ധതികൾ മാറ്റിവെക്കാൻ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗരേഖയിൽ നിർദേശിച്ചു. തരിശുനിലവും പുരയിടങ്ങളും വീട്ടുവളപ്പും ടെറസുകളും ഉൽപാദനകേന്ദ്രങ്ങളാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. യാഥാർഥ്യമാക്കാൻ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെയും ഹരിതകേരളം, കുടുംബശ്രീ- തൊഴിലുറപ്പ് മിഷനുകളുടെയും ബന്ധപ്പെട്ട വികസനസ്ഥാപനങ്ങളുടെയും ഏകോപനത്തിൽ പദ്ധതിക്കായി സമഗ്രരേഖ തദ്ദേശസ്ഥാപനതലത്തിൽ രൂപപ്പെടുത്താനാണ് നിർദേശം. ഭക്ഷ്യസുരക്ഷ ലക്ഷ്യമിടുന്ന പദ്ധതിക്കായി 1500 കോടി രൂപ തദ്ദേശസ്ഥാപനങ്ങളുെടയും വിവിധ വകുപ്പുകളുടെയും പദ്ധതിവിഹിതത്തിൽനിന്നും ബാക്കി 1500 കോടി നബാർഡിൽനിന്നും സഹകരണ മേഖലയിൽനിന്നും വായ്പയായി കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെയും കുടുംബശ്രീ, തൊഴിലുറപ്പ് മിഷനുകളുടെയും പരമാവധി വിഹിതം ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. വകുപ്പുകൾ ഭക്ഷ്യോൽപാദനരംഗത്ത് കൂടുതൽ പണം കണ്ടെത്തി പുതുപദ്ധതികൾ തയാറാക്കണം. കാർഷിക അനുബന്ധമേഖലയിലെ പദ്ധതികൾ സംയോജിപ്പിച്ച് തദ്ദേശസ്ഥാപനങ്ങൾ കരട് ഉൽപാദന പദ്ധതിക്ക് രൂപംനൽകി വാർഷിക പദ്ധതിയുടെ ഭാഗമാക്കണം. അതിനാൽ നിലവിലെ പദ്ധതിയിൽ മാറ്റം വരുത്താം. വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പ്രത്യേകം പദ്ധതികളെന്ന പതിവ് രീതിക്ക് പകരം ഈ മേഖലകളിൽ തദ്ദേശസ്ഥാപനത്തിനായി ഒറ്റപദ്ധതി തയാറാക്കണം. തുടർന്ന് മറ്റ് വകുപ്പുകൾക്ക് നിർവഹണച്ചുമതല നൽകുകയെന്നതാണ് സമീപനം. തരിശുഭൂമിയിൽ കൃഷിചെയ്യാൻ സമ്മതമുള്ളവരുടെയും ഗ്രൂപ്പിൻെറയും ലിസ്റ്റ് തയാറാക്കാനൊരുങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങൾ. പ്രവാസികളെയും പരിഗണിക്കണമെന്നും ഗുണഭോക്താക്കളിൽ 25 ശതമാനം യുവാക്കളാകണമെന്നും നിർദേശമുണ്ട്. തരിശ് ഭൂവുടമയെ ബോധ്യപ്പെടുത്തി കൃഷിഭൂമി കർഷകന് കൈമാറേണ്ട ഉത്തരവാദിത്തം തദ്ദേശവകുപ്പിനാണ്. ഭൂമിയുടെ ഉടമാവകാശം ഉടമക്കുതന്നെയാകുമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു.
Loading...