ഡി.സി.സി പ്രസിഡൻറ്​: വീണ്ടും പിടിമുറുക്കി ഗ്രൂപ്പുകൾ; എ.കെ. ആൻറണിയെ ആശങ്ക അറിയിച്ച്​ നേതാക്കൾ

05:00 AM
19/05/2020
തൃശൂർ: ഇടവേളക്കുശേഷം ഡി.സി.സി പ്രസിഡൻറ് പദവിക്ക് ആവശ്യം ശക്തമാക്കി ഗ്രൂപ്പുകൾ സജീവമായി. വിഷയത്തിൽ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് എ.കെ. ആൻറണിയെ നേതാക്കൾ ജില്ലയുടെ സാഹചര്യം അറിയിച്ചു. പ്രസിഡൻറിൻെറ ചുമതല നൽകി രണ്ടുപേരെ നിയമിച്ചതിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വികാരം അറിയിച്ചതായാണ് നേതാക്കൾ നൽകുന്ന വിശദീകരണം. തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ പോലും ജില്ല നേരിട്ടിട്ടില്ലാത്ത സംഘടന തകർച്ചയാണ് ഇപ്പോഴത്തേതെന്നാണ് എ.കെ. ആൻറണിയോട് മുതിർന്ന േനതാക്കൾ അറിയിച്ചത്. സി.പി.എമ്മിന് അടുക്കാൻ കഴിയാതിരുന്നിരുന്ന കോൺഗ്രസ് കോട്ടയായ കടവല്ലൂരിൽ പ്രധാന നേതാക്കളടക്കമുള്ളവർ പാർട്ടി വിട്ട സാഹചര്യം അടക്കം അറിയിച്ചിട്ടുണ്ട്. ഡി.സി.സി സംവിധാനം ഇല്ലാത്തതിനാൽ സംഘടന പ്രവർത്തനം നടക്കുന്നില്ല. അടിയന്തരമായി പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ ജില്ലയിലെ സംഘടന സംവിധാനത്തെ നേതൃത്വം ഇടപെട്ട് തകർക്കുന്നുവെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. രണ്ട് ഗ്രൂപ്പുകളും ജില്ലയെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. ഇതിനിടയിലാണ് കെ.സി. വേണുഗോപാലും ജില്ലക്കുവേണ്ടി പിടിമുറുക്കിയത്. ഇതാണ് പ്രസിഡൻറ് നിയമനം പ്രതിസന്ധിയിലാക്കിയതെന്നാണ് പറയുന്നത്. ലീഡറുടെ തട്ടകമെന്ന നിലയിൽ ഇത് തങ്ങളുടേതെന്ന വാദത്തിലാണ് ഐ ഗ്രൂപ്. എന്നാൽ, അതിൽ മാറ്റം വന്നുവെന്നും ധാരണകളിൽ തിരുത്തലുണ്ടെന്നും ഇപ്പോൾ തങ്ങളുടേതാണെന്നും എ ഗ്രൂപ് വ്യക്തമാക്കുന്നു. ആരോപണ വിധേയനായതിനാൽ എം.പി. വിൻസൻെറിനെ നിയമിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കും വിയോജിപ്പുണ്ട്. ടി.വി. ചന്ദ്രമോഹൻ, ജോസ് വള്ളൂർ എന്നിവരെ ഐ ഗ്രൂപ്പും ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവരെ എ ഗ്രൂപ്പും നിർദേശിക്കുന്നു. അതേസമയം, കോഴിക്കോടും തൃശൂരും തമ്മിൽ വെച്ചുമാറ്റത്തിന് നേതൃത്വ തലത്തിൽ തീരുമാനിച്ചാൽ ഇവിടെയും മാറേണ്ടിവരും.
Loading...