മന്ത്രി മൊയ്തീന് ക്വാറൻറീൻ വേണ്ടെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം

05:00 AM
19/05/2020
*പ്രതിഷേധിച്ച് അനിൽ അക്കരയും ടി.എൻ. പ്രതാപനും ഇന്ന് ഉപവസിക്കും തൃശൂർ: മടങ്ങിയെത്തിയ പ്രവാസികളെ ഗുരുവായൂരിലെ ക്യാമ്പിൽ സന്ദർശിച്ച മന്ത്രി എ.സി. മൊയ്തീന് ക്വാറൻറീൻ വേണ്ടെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം. മൊയ്തീൻ സന്ദർശിച്ച ക്യാമ്പിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എ നൽകിയ കത്തും കോൺഗ്രസ് ഡി.എം.ഒക്ക് നൽകിയ പരാതികളും പരിശോധിച്ചാണ് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. ഈ ആവശ്യങ്ങളെല്ലാം മെഡിക്കൽ ബോർഡ് തള്ളി. മന്ത്രി മതിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി അടുത്തിടപഴകുന്ന സമ്പർക്കം ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. ക്വാറൻറീനിൽ പോവേണ്ട ആവശ്യമില്ലെങ്കിലും പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചു. അതേസമയം, മന്ത്രിക്ക് ക്വാറൻറീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച 24 മണിക്കൂർ ഉപവസിക്കുമെന്ന് ടി.എൻ. പ്രതാപനും അനിൽ അക്കരയും അറിയിച്ചു.
Loading...