കശ്​മീരിലെ കൊലപാതകത്തിന്​ പിന്നിൽ ഗോരക്ഷക ഗുണ്ടകളല്ലെന്ന്​ അധികൃതർ

05:01 AM
18/05/2019
കൊലപാതകത്തെ ഗവർണർ അപലപിച്ചു ശ്രീനഗർ: കശ്മീരിലെ ദോദ ജില്ലയിൽ ഒരാൾ വെടിയേറ്റു മരിച്ചതിനെ തുടർന്ന് സംഘർഷം. ഇതോടെ, രണ്ടാം ദിവസവും ജില്ലയിൽ കർഫ്യൂ തുടർന്നു. അതേസമയം, ഗോരക്ഷക ഗുണ്ടകളാണ് കൊല നടത്തിയതെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. സംഭവത്തിന് വർഗീയ നിറം നൽകാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദോദ ഡെപ്യൂട്ടി കമീഷണർ സാഗർ ദോയിഫോദെ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചയാണ് നഇൗം എന്നയാൾ വെടിയേറ്റു മരിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ്ചെയ്തു. കൊലപാതകത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ഇവർ പൊലീസ് സ്റ്റേഷൻ അക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയുമായിരുന്നു. ഗോരക്ഷക ഗുണ്ടകളാണ് നഈമിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. അദ്ദേഹം കന്നുകാലി വ്യാപാരിയായിരുന്നുവെന്നും അവർ പറഞ്ഞു. ദോദ നഗരത്തിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തെ ഗവർണർ സത്യപാൽ മാലിക് അപലപിച്ചു. നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം ജനങ്ങേളാട് അഭ്യർഥിച്ചു.
Loading...