പെരിയമ്പലം ബീച്ചിലെ റസ്​റ്റാറൻറ്​ പൊലീസ്​ പൊളിച്ചെന്ന്​

05:00 AM
16/05/2019
പുന്നയൂര്‍ക്കുളം: സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നുവെന്നാരോപിച്ച് പെരിയമ്പലം ബീച്ചിലെ കുന്നിക്കുരു റസ്റ്റാറൻറ് വടക്കേക്കാട് പൊലീസ് പൊളിച്ചതായി ഉടമകളിലൊരാളായ ബാബു പയ്യമ്പിള്ളി. 13 ലക്ഷം രൂപ ചെലവിട്ട് ഒരു വര്‍ഷം മുമ്പ് നിർമിച്ച സ്ഥാപനത്തില്‍ ഏതാനും മാസം മാത്രമാണ് റസ്റ്റാറൻറ് പ്രവര്‍ത്തിച്ചത്. ഇത് പൊളിച്ചതോടെ നഷ്ടത്തിന് പുറമെ കുടുംബത്തിൻെറ വരുമാനമാര്‍ഗവും ഇല്ലാതായെന്ന് ബാബു, പിതാവ് റഹ്മത്തുല്ല, മാതാവ് ആയിഷ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 'പെന്‍ മീഡിയ'യുടെ ആദ്യ പ്രോജക്ട് ആയാണ് ഒരു വര്‍ഷം മുമ്പ് ബീച്ചില്‍ റസ്റ്റാറൻറിൻെറ പണി ആരംഭിച്ചത്. എന്നാല്‍ നിർമാണം പൂര്‍ത്തിയായിട്ടും തീരദേശ ചട്ടലംഘനമുണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് നമ്പര്‍ അനുവദിച്ചില്ല. പഞ്ചായത്തിൻെറ അനുമതിക്കും മറ്റും ശ്രമം നടത്തുന്നതിനിടെയാണ് പൊലീസ് രംഗത്തെത്തുന്നത്. മൂന്നാഴ്ച മുമ്പ് സാമൂഹിക വിരുദ്ധര്‍ എന്ന് ആരോപിച്ച് എട്ട് യുവാക്കളെ ഇവിടെ നിന്നും വടക്കേകാട് പൊലീസ് കരുതൽ തടങ്കലിെലടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ഇവരെ വിട്ടയച്ചു. നിരപരാധികളെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഈ യുവാക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനം ഇല്ലാതാക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതെന്ന് ബാബു ആരോപിച്ചു. നേരത്തെ അകലാട് നിന്നു കഞ്ചാവുമായി പിടിയിലായ യുവാവിനെ പെരിയമ്പലത്തുനിന്ന് പിടിച്ചതായി സാക്ഷി ഒപ്പിടാന്‍ ബാബുവിനോട് ആവശ്യപ്പെട്ടതിനെ ഇവര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധം വച്ച് പൊലീസ് നിരന്തരം ദ്രോഹിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
Loading...