പൂരം പകർത്താൻ പകർപ്പാവകാശമോ?

05:00 AM
16/05/2019
തൃശൂർ: പൂരത്തിൻെറ ദൃശ്യങ്ങൾ പകർത്താൻ പലർക്കും കഴിഞ്ഞില്ലെന്നും അതിൻെറ അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയെന്നും ആക്ഷേപം. പൂരം കൊടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ തർക്കത്തിന് കൊടിക്കൂറ ഉയർന്നത്. തൃശൂർ പൂരം അടിസ്ഥാനമാക്കി പ്രസിദ്ധ സംഗീതജ്ഞൻ റസൂൽ പൂക്കുട്ടി സംവിധാനം 'ദ സൗണ്ട് സ്റ്റോറി' എന്ന സിനിമക്കായി സോണി മ്യൂസിക്കും പൂക്കുട്ടിയും ഇലഞ്ഞിത്തറ മേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയുടെ പകർപ്പവകാശം വാങ്ങിയെന്നാണ് ചിലർ ഉന്നയിക്കുന്നത്. മുൻകാലങ്ങളിൽ തൃശൂർ പൂരത്തിൻെറ ദൃശ്യങ്ങൾ പകർത്താറുള്ള ചില സ്ഥാപനങ്ങളാണ് ഇത് ഉന്നയിച്ചത്. പകർപ്പവകാശമുള്ള ഈ മേളങ്ങളുടെ ശബ്ദം അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമ ലംഘനമാകുമെന്നും അഥവാ അങ്ങനെ ചെയ്താൽ പകർപ്പവകാശ നിയമപ്രകാരം വൻ തുക നൽകേണ്ടി വരുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നുമാണ് ഇക്കൂട്ടർ പറഞ്ഞത്. ആക്ഷേപം ശ്രദ്ധയിൽപെട്ടതോടെയാണ് പൂക്കുട്ടി പ്രതികരിച്ചത്. വിൽക്കാൻ തൃശൂർ പൂരം തൻെറ തറവാട്ടു സ്വത്തല്ലെന്നും കേരള സംസ്കാരത്തിൻെറ ഭാഗവും എല്ലാവരുടേതുമാണെന്നും അദ്ദേഹം പറയുന്നു. അതിൽ ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി പകർപ്പവകാശം എടുക്കാനാവില്ല. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണെന്നും ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ തിരിഞ്ഞ പെപ്സി കമ്പനിയോട് സ്വീകരിച്ച നിലപാടിന് സമാനമായി ഇതും കൈകാര്യം ചെയ്യണമെന്നുമാണ് അേദ്ദഹത്തിൻെറ പക്ഷം. പൂരത്തിൻെറ വീഡിയോയുടെ പകർപ്പവകാശത്തിൽ തനിക്ക് പങ്കില്ല. താൻ ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. പൂരത്തിൻെറ ശബ്ദം റെക്കോഡ് ചെയ്തത് ആർെെക്കവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോയെക്കുറിച്ചാണ് പറയുന്നതെങ്കിൽ അതിൽ തനിക്ക് പങ്കില്ല. അത് പാംസ്റ്റോൺ മീഡിയയും പ്രശാന്ത് പ്രഭാകറുമാണ് നിർമിച്ചത്. അതിൻെറ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയത് എന്നാണ് തൻെറ അറിവ്. ബൗദ്ധിക സ്വത്തവകാശമോ പകർപ്പവകാശമോ അവർക്ക് കിട്ടിയതായി കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.
Loading...
COMMENTS