തിമിലപ്പെരുക്കത്തിൽ പ്രദീപി​െൻറ ഫൈബർ ടച്ച്​

05:01 AM
11/01/2019
പഴയന്നൂർ: തുകൽ വാദ്യത്തോളം വരില്ല ഫൈബർ വാദ്യമെന്ന് വാദിക്കുന്നവർ ഒന്ന് കേട്ടുനോക്കണം, പ്രദീപ് എന്ന വാദ്യകലാകാരൻ നിർമിച്ചെടുക്കുന്ന തിമിലയിലെ നാദം. തോൽവാദ്യത്തേക്കാൾ ഒട്ടും പിറകിലല്ല ഫൈബർനാദമെന്ന് കേട്ടവർ നിസ്സംശയം സാക്ഷ്യപ്പെടുത്തും. അതുകൊണ്ടുതന്നെ ഒട്ടും കുറ്റംപറയാനില്ലെന്ന് മേളപ്രമാണികളുടെ പ്രശംസ ഏറെ കിട്ടിയിട്ടുണ്ട് പ്രദീപ് എന്ന മുപ്പത്തിയേഴുകാരന്. തുകൽ ക്ഷാമം കാരണം പ്രതിസന്ധിയിലായ തുകൽവാദ്യോപകരണ നിർമാണത്തിൽ പുത്തൻ പ്രതീക്ഷയാണ് തിമില കലാകാരനായ പുത്തിരിത്തറ കൂടത്തിൽ പ്രദീപ്. മൃഗത്തോലിന് പകരം ഫൈബർ ഷീറ്റും പ്രേത്യക മിശ്രിതങ്ങളും ചേർത്തൊരുക്കിയ വട്ടങ്ങളുപയോഗിച്ചാണ് പ്രദീപി​െൻറ വാദ്യോപകരണ നിർമാണം. പശുത്തോലിന് ഉണ്ടായ ക്ഷാമത്തെത്തുടർന്നാണ് തിമില, ഇടയ്ക്ക, ഉടുക്ക്, തകിൽ, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിർമാണത്തിൽ ഫൈബറി​െൻറ സാധ്യത തേടിയത്. പ്രദീപ് 11 വർഷമായി വാദ്യോപകരണ നിർമാണ രംഗത്തുണ്ട്. ക്ഷാമം രൂക്ഷമായപ്പോഴാണ് ഫൈബർ ഷീറ്റിനെ തുകൽ രൂപത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ആദ്യകാലങ്ങളിൽ തോലുകൊണ്ടുള്ള വാദ്യോപകരണങ്ങളിൽനിന്ന് ഫൈബറിലേക്ക് മാറിയപ്പോൾ എതിർപ്പ് ഏറെയായിരുന്നു. നിരന്തര ശ്രമത്തിലൂടെ ഫൈബർ ഷീറ്റിനെ തുകൽ പോലെ രൂപാന്തരപ്പെടുത്തി. ഇതോടെ വാദ്യകുലപതികളുടെ ഫൈബറിനോടുള്ള അയിത്തവും കുറഞ്ഞു. ഫൈബർ ആകുമ്പോൾ ഏതു കാലാവസ്ഥയിലും ശബ്ദവ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടം. തുകൽ ഉപയോഗിച്ചുണ്ടാക്കുന്നതിനേക്കാൾ െചലവും കുറവാണ്. തോലും ഫൈബറും തമ്മിൽ ശബ്ദ വ്യത്യാസവുമില്ലെന്ന് ഫൈബർ തിമില വർഷങ്ങളായി ശീലമാക്കിയ പ്രശസ്ത തിമില കലാകാരനായ പല്ലാവൂർ ശ്രീധരൻ മാരാർ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ തൃശൂർ പൂരത്തിന് പ്രദീപി​െൻറ ഫൈബറിൽ തീർത്ത തിമിലക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫൈബർ തിമില ഉപയോഗിക്കുന്ന കാലത്ത് കൊട്ടാൻ വരാമെന്നു പറഞ്ഞ വാദ്യകലാകാരന്മാർ അന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള പിന്തുണയാണ് പ്രചോദനമെന്ന് പ്രദീപ് പറയുന്നു. ഇന്ത്യക്ക് അകത്തും പുറത്തും പ്രദീപി​െൻറ വാദ്യോപകരണങ്ങൾക്ക് ചെലവേറെയാണ്.
Loading...
COMMENTS