Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാറാണത്ത് ഭ്രാന്തൻ...

നാറാണത്ത് ഭ്രാന്തൻ സ്‌മൃതികളുമായി ഭക്തർ രായിരനെല്ലൂർ മല കയറി

text_fields
bookmark_border
പട്ടാമ്പി: പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്ത​െൻറ ദുർഗാദേവി ദർശനസ്മൃതികളുമായി ഭക്തർ രായിരനെല്ലൂർ മല കയറി. വ്രതവിശുദ്ധിയോടെ നാരായണമന്ത്രോച്ചാരണങ്ങളുമായി അഞ്ഞൂറടിയോളമുള്ള മലയുടെ മുകളിലേക്ക് പ്രഭാതം മുതൽ ഭക്തജന പ്രയാണം തുടങ്ങി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ഹർത്താൽ മലകയറ്റത്തെ സാരമായി ബാധിച്ചു. പൊതുവാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നതിനാൽ മല കയറാനെത്തിയവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ തൂതപ്പുഴയോരത്ത് പിറന്നുവീണ നാറാണത്തിനെ എടുത്തുവളർത്തിയതും വേദപഠനത്തിനായി തിരുവേഗപ്പുറയിലെത്തിച്ചതും നാരായണമംഗലത്ത് ഭട്ടതിരിമാരായിരുന്നു. പഠനകാലത്ത് രായിരനെല്ലൂർ മലയിലേക്ക് വലിയ കല്ലുകൾ ഉരുട്ടിക്കയറ്റി താഴേക്ക് ഉരുട്ടി പൊട്ടിച്ചിരിക്കുന്നത് ഭ്രാന്ത​െൻറ പതിവായിരുന്നു. മലമുകളിൽ കല്ലുമായെത്തിയ ഭ്രാന്തൻ അരയാലിൽ പൊന്നൂഞ്ഞാലിലാടുന്ന ദേവിയെ കണ്ടെന്നും ഭ്രാന്തനെ കണ്ട് പേടിച്ച് ദേവി ഊഞ്ഞാലിൽനിന്നിറങ്ങി നടന്നപ്പോൾ പാറയിൽ ഏഴ് കുഴികൾ രൂപപ്പെട്ടെന്നുമാണ് ഐതിഹ്യം. ദേവിയുടെ പാദമുദ്രകളെ വണങ്ങി പൂജ തുടങ്ങിയ ഭ്രാന്തന് പിൻഗാമികളായി ചെത്തല്ലൂർ ഭട്ടതിരിമാരെത്തി. മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നു. തുലാം ഒന്നി​െൻറ ദുർഗാ ദർശനം രായിരനെല്ലൂരി​െൻറ ഉത്സവമായി. പാറയിൽ ദേവിയുടെ പാദം പതിഞ്ഞുണ്ടായ കുഴികളിലെ ജല൦ ഭക്തർക്ക് തീർഥമായി നൽകുന്നു. ഇളനീർകൊണ്ട് മുട്ടറുത്തും വഴിപാടുകൾ നേർന്നും ദേവീപ്രസാദം നുകർന്നുമാണ് മലയിറക്കം. വിഗ്രഹമില്ലാത്ത ക്ഷേത്രത്തിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. മലനിരപ്പിൽ നാറാണത്തു ഭ്രാന്ത​െൻറ കൂറ്റൻ ശിൽപം വലംവെച്ചും കാണിക്കയിട്ടുമാണ് ഒരു വർഷത്തെ കാത്തിരിപ്പും നോമ്പും നാരായണഭക്തർ പൂർത്തിയാക്കുന്നത്. തന്ത്രി രാമൻ ഭട്ടതിരിപ്പാട്, അനന്തരാവകാശി മധു ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജയും ആചാരങ്ങളും. ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ഭ്രാന്താചലം ക്ഷേത്രത്തിലും തുലാം ഒന്ന് പ്രതിഷ്ഠാദിനമായി കൊണ്ടാടി. മല കയറിയവർ ഇവിടെയും ദർശനം നടത്തി. ഷൊർണൂർ സബ് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും അഗ്നിശമന സേനയും മലകയറ്റ൦ സുഗമമാക്കാൻ രംഗത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story