Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ അവശേഷിക്കുന്നവർ അവഗണനയിൽ; പതിനായിരം രൂപ പോലും കിട്ടിയില്ല

text_fields
bookmark_border
തൃശൂർ: പ്രളയദുരന്തം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജീവിതത്തിലേക്ക് മടങ്ങിേപ്പാകാൻ കഴിയാതെ ഇപ്പോഴും ക്യാമ്പുകളിൽ കുറേപേർ. ജില്ലയിൽ അവശേഷിക്കുന്ന ക്യാമ്പുകളിലൊന്നായ ചാഴൂർ പഞ്ചായത്തിലെ കുറുമ്പിലാവ് സ്വാമി ബോധാനന്ദ സ്കൂളിൽ കഴിയുന്ന അഞ്ച് കുടുംബങ്ങൾ എങ്ങോട്ട് പോകണമെന്ന് അറിയാത്തവരാണ്. ഒമ്പതാം വാർഡിലെ ഊക്കംപറമ്പിൽ ശശിക്കും ഭാര്യ രമക്കും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും കിട്ടിയിട്ടില്ല. അസുഖബാധിതനായ ശശിക്ക് പണിക്ക് പോകാൻ കഴിയാത്തതിനാൽ രമ അയൽവീടുകളിൽ അടുക്കളപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. അടിയന്തര ധനസഹായത്തുനുവേണ്ടി തഹസിൽദാർക്ക് വീണ്ടും അപേക്ഷ നൽകി കാത്തിരിക്കുകയാണ് രമ. മറ്റ് ക്യാമ്പുകളെല്ലാം ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുമ്പോഴും സ്വാമി ബോധാനന്ദ സ്കൂളിലെ ക്യാമ്പി​െൻറ ദുസ്ഥിതിയിൽ കുടുംബങ്ങൾ വലയുകയാണ്. പ്രളയത്തിൽ വീട് നിശ്ശേഷം തകർന്നുപോയ ഇവർ പല പല ക്യാമ്പുകളിൽ മാറിമാറിക്കഴിഞ്ഞാണ് സ്വാമി ബോധാനന്ദ സ്കൂളിലെത്തിയത്. ഒരാഴ്ചയോളം സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ജീവിച്ചു. രാത്രിയും രാവിലെയും കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം പട്ടിണിയിലായിരുന്നു. കലക്ടർ നിയോഗിച്ച സംഘം എത്തിയപ്പോൾ ഇതേക്കുറിച്ചെല്ലാം പരാതി പറഞ്ഞതോടെയാണ് ക്യാമ്പിൽ വെളിച്ചവും ഭക്ഷ്യവസ്തുക്കളും എത്തിയത്. ഇതോടെ ഇവർ അധികൃതരുടെ കണ്ണിലെ കരടായി മാറി. അതുകൊണ്ടാകാം, നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും ലഭിക്കാത്തത്. സംഭരണകേന്ദ്രത്തിൽ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം ഉണ്ടായിരുന്നുവെങ്കിലും ഒന്നരമാസം മുമ്പ് വിതരണം ചെയ്ത കിറ്റുകളല്ലാതെ ഇവർക്ക് ഒന്നും കിട്ടിയിട്ടില്ല. വിറകോ മണ്ണെണ്ണയോ നൽകാമെന്നേറ്റ ഗ്യാസ് സ്റ്റൗവോ കിടക്കയോ പായയോ ഒന്നും ഈ ക്യാമ്പിലേക്ക് മാത്രം എത്തിയില്ല. സ്കൂളിൽ പഠനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ജോലിയെല്ലാം തീർക്കേണ്ടതിനാൽ നാല് മണിക്ക് തന്നെ എണീറ്റ് പാചകം ചെയ്തുതീർക്കേണ്ട ഗതികേടിലാണെന്ന് കെട്ടിടം പണിക്കാരനായ 13ാം വാർഡിലെ തെരുക്കുവീട്ടിൽ ശക്തിയുടെ ഭാര്യ രജിത പറഞ്ഞു. 11 വർഷമായി താമസിച്ചിരുന്ന വാടകവീട് തകർന്നതിനൊപ്പം സാധനങ്ങളെല്ലാം നശിച്ചു. പഴയതുപോലെ വാടകക്ക് വീടെടുത്ത് ക്യാമ്പിൽനിന്ന് മാറിക്കൂടെ എന്നാണ് അധികൃതരുടെ ചോദ്യം. ക്യാമ്പിൽനിന്ന് ലഭിച്ച സാധനങ്ങളല്ലാതെ ഒന്നും മിച്ചമില്ലാത്ത തങ്ങൾക്ക് അത്യാവശ്യം വീട്ടുപകരണങ്ങളും പാത്രങ്ങളും വാങ്ങാനും അഡ്വാൻസ് തുക നൽകാനുമുള്ള പണമെങ്കിലും കണ്ടെത്താൻ കഴിയാതെ എങ്ങോട്ടുപോകുമെന്ന് ഇവർക്കും അറിയില്ല. ഏഴാം വാർഡിലെ പടിപ്പുരക്കൽ വീട്ടിലെ രശ്മി-സുരേഷ് ദമ്പതികളും എട്ടാം വാർഡിലെ കണ്ണോളി ഷെലൻ-കല ദമ്പതികളും ചീരംകുളങ്ങര രാമാനുജനും സമാന അവസ്ഥയിൽ തന്നെയാണ് ക്യാമ്പിൽ കഴിയുന്നത്. സ്കൂളിൽനിന്ന് ഇറങ്ങിയാൽ പോകാൻ മറ്റൊരിടമില്ല എന്നതുതന്നെയാണ് എല്ലാവരുടേയും പ്രശ്നം. വാടകവീട് എടുക്കാൻ സഹായിക്കാമെന്ന് ഏറ്റിരുന്നതാണെങ്കിലും അത് സാധ്യമല്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. സ്കൂളിൽ നിന്ന് ഇറക്കിവിടുമോ എന്ന ആശങ്കയിലാണ് ഇവർ ജീവിക്കുന്നത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും ചെയ്തുതരുമെന്ന സർക്കാറി‍​െൻറ പ്രഖ്യാപനത്തിൽ ആശ്വാസം കണ്ടെത്തിയവർ ഇപ്പോൾ നിരാശയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story