Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃത്തിയിൽ വരണാസി അത്ര...

വൃത്തിയിൽ വരണാസി അത്ര പോര-അൽഫോൺസ് കണ്ണന്താനം

text_fields
bookmark_border
ഗുരുവായൂർ: വൃത്തിയുടെകാര്യത്തിൽ പ്രധാമന്ത്രിയുടെ സ്വന്തം മണ്ഡലമായ വരണാസി അത്ര പോരെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രസാദ് പദ്ധതിയിൽ ഗുരുവായൂർ ദേവസ്വം നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കോംപ്ലക്സി​െൻറ നിർമാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വച്ഛ് ഭാരതത്തി​െൻറ വിജയാഘോഷങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണ്ഡലം പോലും മെച്ചപ്പെട്ടിട്ടില്ലെന്ന് കണ്ണന്താനം തുറന്നടിച്ചത്. ആഗ്രയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതൊക്കെ തുറന്ന് പറയുമ്പോൾ ചിലർക്ക് വിരോധമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയത്തിൽ നിന്നുള്ള വീണ്ടെടുപ്പിന് താൻ പരമാവധി സഹായം തേടുന്നുണ്ടെന്ന് കണ്ണന്താനം പറഞ്ഞു. അപ്പോൾ ചിലരെ തെറി പറയേണ്ട ഘട്ടം വരെ ഉണ്ടാകുന്നുണ്ട്. പ്രളയത്തിൽ നിന്നുള്ള വീണ്ടെടുപ്പിന് നമ്മൾ രാഷ്ട്രീയം മറന്ന് ഒന്നിക്കണം. അതിന് ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയത്തിലെ ഇടപെടലിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. പ്രളയം പുനർനിർമാണത്തിനുള്ള അവസരമായിരുന്നു. കൈയേറിയതെല്ലാം പ്രളയം അടിച്ചുതകർത്തു. എന്നാൽ ഇപ്പോൾ വീണ്ടും ൈകയേറ്റം നടക്കുകയാണ്. എല്ലാം അടിച്ചുപൊളിച്ച് ശരിയാക്കാൻ താൻ കരാറെടുക്കാം. ഇത് പറയുമ്പോൾ തന്നെ ചിലർ വട്ടനെന്ന് വിളിക്കുകയാണ്. ഗുരുവായൂരിൽ വരുന്നവർ ദർശനം നടത്തി മടങ്ങിയാൽ നഗരത്തിന് മാലിന്യം മാത്രമേ കിട്ടൂ. നാടിന് എന്തെങ്കിലും കിട്ടണമെങ്കിൽ അവർ ഇവിടെ രണ്ട് ദിവസം നിൽക്കണം. ഇതിന് വേണ്ടി പൂജാരിമാരോട് പറയുകയോ പ്രശ്നം വെക്കുകയോ ചെയ്താലും വേണ്ടില്ല. വരുന്നവർ താമസിച്ചാലേ നാടിന് ഗുണം കിട്ടൂ. കേരള ട്രാവൽ മാർട്ട് മാതൃകയാക്കിയാണ് ഇന്ത്യൻ ട്രാവൽ മാർട്ട് സംഘടിപ്പിച്ചത്. 444 കോടിയുടെ ടൂറിസം പദ്ധതികൾ കേന്ദ്രം കേരളത്തിനായി നടപ്പാക്കുന്നുണ്ട്. ദേശീയതലത്തിൽ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യം. ചൈനയെ ഉന്നം വെച്ചാണ് ഇപ്പോൾ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. ചൈനീസ് വിനോദസഞ്ചാരികളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇന്ത്യയിലെത്തുന്നത്. ഇത് മാറണം. ഇക്കാര്യത്തിൽ ചൈനീസ് സർക്കാറും സഹകരിക്കുന്നുണ്ടെന്ന് കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ദേവസ്വം കമീഷണർ പി. വേണുഗോപാൽ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, കൗൺസിലർ ശോഭ ഹരിനാരായണൻ, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥൻ, ഉഴമാലക്കൽ വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു. 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന സമുച്ചയം ഒരു വർഷത്തിനകം പൂർത്തിയാവും. 25 കോടി രൂപ ചെലവിലാണ് നിർമാണം. ഊരാളുങ്കൽ ലേബർ കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story