Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം: പണിയും പഴിയും...

പ്രളയം: പണിയും പഴിയും പഞ്ചായത്തുകൾക്ക്; കൈയടി റവന്യൂവിന്​

text_fields
bookmark_border
തൃശൂർ: പ്രളയദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പണിയെടുത്ത തദ്ദേശവകുപ്പ് ജീവനക്കാർക്ക് കിട്ടിയത് പഴി; അഭിനന്ദനമത്രയും ഏറ്റുവാങ്ങിയത് റവന്യൂ വകുപ്പും അതിലെ ജീവനക്കാരും. പ്രളയത്തിൽപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം നൽകുന്ന ചുമതല പഞ്ചായത്തുകൾക്കായിരുന്നു. ഭരണ സമിതികളുടെ നേതൃത്വത്തിൽ ഈ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിമാരും ജീവനക്കാരും കാര്യക്ഷമമായി നിർവഹിച്ചു. രാപ്പകൽ ഭേദമേന്യ വനിത ജീവനക്കാരുൾപ്പെടെയുള്ളവർ പഞ്ചായത്ത് ഒാഫിസുകളിലും ക്യാമ്പുകളിലും ദിവസങ്ങളോളം തങ്ങിയാണ് ചുമതലകൾ നിറവേറ്റിയത്. പ്രളയശേഷം വീടുകളിൽ കുടിവെള്ള വിതരണം, മാലിന്യ നീക്കം തുടങ്ങിയ പ്രവർത്തനങ്ങളിലും പഞ്ചായത്ത് ജീവനക്കാർ വ്യാപൃതരായി. ഇതോടൊപ്പം നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പഞ്ചായത്ത് സെക്രട്ടറിമാരുടെ ചുമലിലായി. ഇതിനായി ആദ്യം തദ്ദേശവകുപ്പിലെ അസി. എൻജിനീയർമാരെയാണ് സർക്കാർ നിയോഗിച്ചിരുന്നത്. ഇവരുടെ സംഘടന സർക്കാറിൽ സ്വാധീനം ചെലുത്തിയതിനെ തുടർന്നായിരുന്നു ഈ മാറ്റം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനോെടാപ്പം ക്യാമ്പുകളിൽ നിന്നും മാറേണ്ടി വന്നവരിൽ കിടപ്പാടം ഇല്ലാതായവർക്ക് പകരം താമസ സൗകര്യങ്ങൾ ഏർപ്പെടുത്തലും മറ്റുള്ളവർക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കലും പഞ്ചായത്തുകളുടെ കടമയായി മാറി. മാലിന്യസംസ്കരണം അതിലേറെ വെല്ലുവിളിയായി. പഞ്ചായത്തുകളിൽ ഏറ്റവും കൂടിയത് രണ്ട് കണ്ടിൻജൻറ് ജീവനക്കാർ മാത്രമാണുള്ളതെങ്കിൽ 2015ൽ നിലവിൽ വന്ന നഗരസഭകളിൽ പോലും രണ്ടു ഡസനിലധികം പേർ ഈ വിഭാഗത്തിൽ സേവനം ചെയ്യുന്നുണ്ട്. രണ്ടാം ഗ്രേഡ് നഗരസഭകളിലാണെങ്കിൽ എൺപതോളം കണ്ടിജൻറ് ജീവനക്കാരുണ്ട്. അതിനാൽ, മാലിന്യ സംസ്കരണം വേഗത്തിലാക്കാൻ അവർക്കായി. ജീവനക്കാരുടെ കുറവുള്ളതിനാൽ ദിവസക്കൂലിക്ക് ആളെ വെച്ചാണ് പല പഞ്ചായത്തുകളും മാലിന്യം നീക്കം ചെയ്തത്. പിടിപ്പത് പണിയുണ്ടെങ്കിലും തങ്ങളെ ഏൽപ്പിച്ച ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കിയെന്നാണ് പഞ്ചായത്ത് ജീവനക്കാർ പറയുന്നത്. എന്നാൽ, ദുരന്ത നിവാരണ ചുമതല റവന്യുവകുപ്പിനായതിനാൽ പ്രവർത്തനങ്ങൾ അവർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പഞ്ചായത്ത് ജീവനക്കാർ വൈകിയാണറിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതലയുണ്ടായിരുന്ന വില്ലേജ് ഓഫിസർമാർ ക്യാമ്പുകളിലെത്താത്തതും പ്രവർത്തനങ്ങളറിയാത്തതും പ്രളയബാധിതരുടെ പ്രശ്നങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാത്തതും വിമർശനത്തിനിടയാക്കിയിരുന്നു. പത്തനംതിട്ടയിൽ കലക്ടർ തന്നെ വില്ലേജ് ഓഫിസറെ പരസ്യമായി വഴക്ക് പറയേണ്ട അവസ്ഥയുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ച ഭക്ഷ്യ സാധനങ്ങൾ കടത്തിയതിലും റവന്യു വകുപ്പ് പ്രതിക്കൂട്ടിലായിരുന്നത് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ രോഷം.
Show Full Article
TAGS:LOCAL NEWS 
Next Story