Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിൽ ഇന്നലെ...

കുതിരാനിൽ ഇന്നലെ കുരുങ്ങിയത് അഞ്ച് മണിക്കൂർ

text_fields
bookmark_border
തൃശൂർ: ദേശീയപാത കുതിരാനിലെ പകൽകുരുക്ക് അയയുന്നു. ടാങ്കർലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ മണ്ണുത്തിക്കും വടക്കാഞ്ചേരിക്കും ഇടയിലുള്ള വഴിയോരത്ത് ഒതുക്കുന്നതിന് പൊലീസി​െൻറ ഇടപെടലാണ് കുരുക്കഴിക്കാൻ കാരണം. വ്യാഴാഴ്ച പുലർച്ചെ നാലോടെ തുടങ്ങിയ കുരുക്ക് ഒമ്പതോടെ അയഞ്ഞു. ഇതിനിടെ തുരങ്കപാതയിലൂടെ വാഹനഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം വഴുക്കുമ്പാറ മുതല്‍ വാണിയമ്പാറ വരെയായി എട്ടുമണിക്കൂറോളമായിരുന്നു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കുഴികളിൽപെട്ട് ചരക്ക് ലോറികളുടെ ആക്‌സില്‍ ഒടിഞ്ഞ് വഴിയില്‍ കിടക്കുന്നതാണ് കുരുക്കിന് കാരണമായത്. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ ഒറ്റവരിയായാണ് കടത്തിവിട്ടിരുന്നത്. കൊമ്പഴ മുതല്‍ വഴുക്കുമ്പാറ വരെ നാല് കിലോമീറ്റർ ടാറിങ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കുരുക്കിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ പലതും ട്രിപ്പുകള്‍ വെട്ടിക്കുറച്ചു. കുരുക്ക് കണക്കിലെടുത്ത് ചില ബസുകള്‍ വടക്കഞ്ചേരിയില്‍ സര്‍വിസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ ഇരട്ടി ബുദ്ധിമുട്ടിലാക്കി. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകളും ചെറുവാഹനങ്ങളും തുരങ്കത്തിനുള്ളില്‍ കൂടി കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്ത് നല്‍കി. ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കുമാണ് കത്ത് നല്‍കിയത്. ഇതിന് പുറമെ രണ്ടാം തുരങ്കത്തിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്നും കത്തില്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളുടെ സമയ നഷ്ടം ഒഴിവാക്കാന്‍ തുരങ്കത്തിന് സമീപത്തെ പാലത്തി​െൻറ അടിയില്‍ കൂടി ബസുകള്‍ കടത്തിവിടുന്നതിന് പൊലീസ് ആലോചിക്കുന്നുണ്ട്. പകൽ സമയങ്ങളിലെ ചരക്ക് വാഹനങ്ങളുടെ യാത്രകളെ നിയന്ത്രിച്ചത് കുരുക്ക് ഒഴിവാക്കാൻ സഹായകരമായിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമല്ല. ഇതിനെ മറികടക്കാനാണ് തുരങ്കപാതയിലൂടെ യാത്രാസൗകര്യത്തിന് പൊലീസ് ആലോചന. ദേശീയപാത- സമരം തുടരുന്നു പട്ടിക്കാട്: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരം തുടരുന്നു. പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പീച്ചി റോഡ് ജങ്ഷനില്‍ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുമ്പുപാലത്തിന് സമീപം നടത്തുന്ന അനിശ്ചിതകാല സമരവും തുടരുകയാണ്. ഡി.വൈ.എഫ്.ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം പീച്ചി റോഡ് ജങ്ഷനില്‍ മൂന്നാം ദിവസത്തിലേക്കെത്തി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരവും നാലാംനാളിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story