Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത ദുസ്സഹം;...

ദേശീയപാത ദുസ്സഹം; നിർമാണം ഇഴയു​േമ്പാൾ അനങ്ങാതെ ജനപ്രതിനിധികൾ

text_fields
bookmark_border
തൃശൂർ: അന്തർ സംസ്ഥാന ചരക്കുനീക്കത്തിന് പ്രധാന മാർഗമായ ദേശീയപാത 544 തകർന്ന് തരിപ്പണമായി ആറ് മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. ദേശീയപാത അതോറിറ്റിയോ ജില്ല ഭരണകൂടമോ ജനപ്രതിനിധികളോ ഇടപെടാത്തതിൽ ജനരോഷം പുകയുകയാണ്. ആറുവരിയാക്കാനുള്ള നിർമാണം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും വെറും 35 കിലോമീറ്റർ പാത നിർമാണം പൂർത്തിയാക്കാൻ കരാറുകാരായ കെ.എം.സിക്കായില്ല. ഇതിനെതിരെ നടപടിയെടുക്കാൻ ദേശീയപാത വികസന അതോറിറ്റി തയാറാവാത്തതാണ് ദുരവസ്ഥക്ക് കാരണം. നടപടിക്ക് പകരം നാല് തവണ കമീഷനിങ് കാലാവധി നീട്ടി നൽകുകയായിരുന്നു അതോറിറ്റി . 300 കോടി മുതൽമുടക്കുവരുന്ന കുതിരാൻ തുരങ്കത്തി​െൻറ സുരക്ഷ ചോദ്യചിഹ്നമായതോടെ കരാറുകാരെ ഒഴിവാക്കി വികസനം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും കരാറുകാരെ കരിമ്പട്ടികയിൽപെടുത്തണമെന്നും ആവശ്യം ശക്തമാണ്. മഴ ചൂണ്ടിക്കാട്ടിയാണ് കമ്പനി പണി നിർത്തിയത്. എന്നാൽ മഴമാറി ദിവസങ്ങൾ പിന്നിട്ടിട്ടും നിർമാണം പുനരാരംഭിച്ചിട്ടില്ല. പുതിയ പാത നിർമിക്കുമ്പോൾ കരാർ കമ്പനി നിലവിലെ പാത ഗതാഗതയോഗ്യമായി നിലനിർത്തണം എന്നാണ് ചട്ടം. ഗതാഗത സ്തംഭനം ഉണ്ടായിട്ടുപോലും ഇക്കാര്യത്തിൽ നടപടിക്ക് കമ്പനി മുതിരുന്നില്ല. കുതിരാനിൽ കഴിഞ്ഞ സർക്കാറി​െൻറ കാലത്താണ് അറ്റകുറ്റപ്പണി നടത്തിയത്. എന്നിട്ടും ദേശീയപാത അതോറിറ്റി ഇവിടേക്ക് തിരിഞ്ഞുനോക്കുന്നതു പോലുമില്ല. ഇതോടെ ഗതാഗതക്കുരുക്ക് കുതിരാനിൽ പതിവായി . കൂടാതെ അടിപ്പാത നിർമാണം നടക്കുന്ന മുളയം, പീച്ചി റോഡ്, പട്ടിക്കാട് എന്നിവിടങ്ങളിൽ തകർന്നു കിടക്കുന്ന റോഡിൽനിന്നുള്ള പൊടി മൂലം ജനജീവിതം അസഹനീയവുമാണ്. ഇത്രയൊക്കെയായിട്ടും സി.പി.ഐ പ്രതിനിധിയായ മണ്ഡലം എം.പിയും ഒല്ലൂർ എം.എൽ.എയും ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയത്തിലാണ്. അതേസമയം, ഇടതുയുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പീച്ചി റോഡിൽ പന്തൽകെട്ടി സമരം തുടങ്ങി. കോൺഗ്രസ് സമരപ്പന്തലിന് തൊട്ടരികെയാണ് ഇവർ സമരം ചെയ്യുന്നത്. നാല് അടിപ്പാതകളാണ് മണ്ണുത്തി- വടക്കഞ്ചേരി പാതയിൽ ഇനി നിർമിക്കേണ്ടത്. ഇതിൽ പട്ടിക്കാടും പീച്ചിറോഡും നിർമാണം പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. മുളയത്തും മുടിക്കോടും അടിപ്പാത നിർമിക്കാൻ നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെ തകർന്ന പാതയിൽ രക്തസാക്ഷികളാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇക്കാര്യത്തിൽ ജില്ല ഭരണകൂടം ഇടപെടുന്നില്ലെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story