Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊണ്ടുവരുന്ന മത്സ്യം...

കൊണ്ടുവരുന്ന മത്സ്യം മുഴുവനും ഇറക്കും ചേറ്റുവ ഹാർബറിലെ പണിമുടക്ക് അവസാനിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: കടൽ നിയമങ്ങൾ പാലിച്ച് ഹാർബറിലേക്ക് കൊണ്ടുവരുന്ന മത്സ്യം മുഴുവനും ഇറക്കണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ചോറ്റുവ ഹാർബറിൽ നാല് ദിവസമായി നടന്ന പണിമുടക്ക് അവസാനിച്ചു. 400 യൂനിയൻ തൊഴിലാളികളുള്ള ഹാർബറിൽ വിശ്രമമില്ലാത്ത ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് ശനിയാഴ്ച രാത്രി മത്സ്യം ഇറക്കുന്നത് നിർത്തി തൊഴിലാളികൾ പോയത്. ഇതോടെ നിരവധി വള്ളങ്ങളിലുള്ള ലക്ഷങ്ങൾ വിലവരുന്ന മത്സ്യം കേടായി. ഇതേ ചൊല്ലി വാക്കേറ്റവും ബഹളവുമുണ്ടായി. തർക്കം കാരണം മത്സ്യബാങ്ക് എന്നറിയപ്പെടുന്ന ചേറ്റുവ ഹാർബറിലെ വിപണനം തകരുന്ന അവസ്ഥ വന്നതോടെ ഫിഷറീസ് വകുപ്പും പൊലീസും ചേർന്നാണ് വള്ളം ഉടമകളുടേയും യൂനിയൻ തൊഴിലാളികളുടേയും തരകൻമാരുടേയും സംയുക്ത യോഗം വിളിച്ചത്. തർക്കത്തെത്തുടർന്ന് വള്ളം ഉടമകളായ കൊടിയംമ്പുഴ ദേവസ്വം ഭാരവാഹികൾ യോഗത്തിൽനിന്ന് ഇറങ്ങി പോയെങ്കിലും വലപ്പാട് സി.ഐ ടി.കെ. ഷൈജുവും ഫിഷറീസ് അസി. ഡയറക്ടർ പ്രശാന്തനും ഇടപ്പെട്ട് ഇവരെ അനുനയിപ്പിച്ച് കൊണ്ടുവന്നു. മത്സ്യം ഇറക്കുന്നതിനിടയിൽ നിർത്തിപ്പോയ യൂനിയൻ തൊഴിലാളികളുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. നിലപാടിനോട് യൂനിയൻ നേതാക്കളും അനുകൂലിച്ചില്ല. ഒരു കാരണവശാലും മിന്നൽ പണിമുടക്ക് നടത്തില്ലെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു. ചുരകണ്ണി കൈയിൽ ആകുന്നത് ദോഷകരമാകുന്നതായി യൂനിയൻ അംഗങ്ങൾ പറഞ്ഞെങ്കിലും തങ്ങളും മത്സ്യം പിടിക്കുമ്പോൾ ദോഷമാകുന്നതായി വള്ളക്കാരായ മത്സ്യത്തൊഴിലാളികളും അറിയിച്ചു. അതിനാൽ കൈയുറ ധരിക്കാനും തീരുമാനിച്ചു. നിലവിൽ നാനൂറോളം മത്സ്യം കയറ്റിറക്ക് തൊഴിലാളികളുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലിലും ഏർപ്പെടുന്നതായി ആരോപണമുയർന്നു. മത്സ്യം കൂടുതൽ ലഭിക്കുന്ന പക്ഷം മറ്റ് പണി ഉപേക്ഷിച്ച് തൊഴിലാളികൾ മത്സ്യം ഇറക്കാൻ എത്തണമെന്നും തീരുമാനമെടുത്തു. വള്ളങ്ങളിൽ ദിവസവും ലീഡർമാരെ നിശ്ചയിക്കും. കൂടുതൽ മത്സ്യം ലഭിക്കുന്ന പക്ഷം ലീഡർ വയറലസ് മുഖേന വിവരം അറിയിച്ച് ആവശ്യത്തിന് തൊഴിലാളികളെ സജരാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതോടെ രമ്യതയോടെ സമരവും അവസാനിപ്പിച്ചു. വിവിധ യൂനിയൻ നേതാക്കളും വാടാനപ്പള്ളി എസ്.ഐ എം.കെ. രമേഷും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story