Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: ഗുരുവായൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഭേദഗതി; എലിപ്പനി പ്രതിരോധത്തിന് ഊർജിത നടപടി

text_fields
bookmark_border
ഗുരുവായൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്താൻ കൗൺസിൽ തീരുമാനിച്ചു. ഏകദേശം 2.5 കോടി രൂപയുടെ പദ്ധതികളാണ് ഭേദഗതി ചെയ്യേണ്ടി വരിക. പ്രളയത്തിൽ നഗരസഭയിലെ 33 വീടുകളാണ് തകർന്നത്. 154 വീടുകൾക്ക് ഭാഗിക കേടുപാട് സംഭവിച്ചു. ഇവയുടെ പുനർനിർമാണത്തിന് പുറമെ പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടിയോളം ചെലവ് വരും. കൗൺസിലർമാരുടെ നിർദേശങ്ങൾകൂടി സ്വീകരിച്ച ശേഷമാണ് ഭേദഗതിയിൽ അന്തിമ തീരുമാനമെടുക്കുക. വാർഷിക പദ്ധതികളിൽ നേരത്തെ ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്ന ആഘോഷ സ്വഭാവമുള്ള എല്ലാം ഒഴിവാക്കും. എലിപ്പനി പ്രതിരോധത്തിന് ഊർജിത നടപടി സ്വീകരിച്ചതായി നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അറിയിച്ചു. എലിപ്പനി മരണം നടന്ന വാർഡിലെ കൗൺസിലർ ടി.കെ. വിനോദ്കുമാറാണ് യോഗം ആരംഭിക്കുന്നതിന് മുമ്പ് വിഷയം ഉന്നയിച്ചത്. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തിന് ഐ.ആർ.ടി.സിയുമായുള്ള കരാർ പുതുക്കും. റോഡുകളുടെ ദുരവസ്ഥയിൽ എം.എൽ.എ നിഷ്ക്രിയനാണെന്ന മുസ്ലിം ലീഗ് അംഗം റഷീദ് കുന്നിക്കലി​െൻറ ആരോപണം ബഹളത്തിന് വഴിവെച്ചു. പൈപ്പിടാൻ പൊളിക്കുന്ന റോഡുകളുടെ പുനർനിർമാണത്തിന് എം.എൽ.എ അടക്കമുള്ളവരുടെ മേൽനോട്ടം വേണമെന്ന സി.പി.ഐയിലെ അഭിലാഷ് ചന്ദ്ര​െൻറ അഭിപ്രായത്തിന് പിന്നാലെയാണ് റഷീദ് എം.എൽ.എക്കെതിരെ ആഞ്ഞടിച്ചത്. കുത്തകയായിരുന്ന ഗുരുവായൂർ നഷ്ടപ്പെട്ടതി​െൻറ ദുഃഖവും കൊതിക്കെറുവുമാണ് റഷീദി​െൻറ വാക്കുകളിലെന്നായിരുന്നു ഉപാധ്യക്ഷൻ കെ.പി. വിനോദി​െൻറ പ്രതികരണം. റഷീദിനെ സഹായിക്കാൻ കോൺഗ്രസ് അംഗങ്ങൾ ഉണ്ടായില്ലെങ്കിലും ഒടുവിൽ കോൺഗ്രസിലെ പി.എസ്. രാജൻ മാത്രം പിന്തുണയുമായി എഴുന്നേറ്റു. വിവാദങ്ങൾക്ക് തുടക്കമിട്ട അഭിലാഷ് താൻ എം.എൽ.എയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ പൈപ്പിടാൻ റോഡ് പൊളിക്കുന്നതും പുനർനിർമാണവും നിരീക്ഷിക്കാൻ സമിതി വേണമെന്ന് മുൻ അധ്യക്ഷനായ ടി.ടി. ശിവദാസൻ ആവശ്യപ്പെട്ടു. പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.പി. വിനോദ്, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, എ.പി. ബാബു, സുരേഷ് വാര്യർ, ബഷീർ പൂക്കോട്, അഭിലാഷ് വി. ചന്ദ്രൻ, ഹബീബ് നാറാണത്ത്, സുഷ ബാബു എന്നിവർ സംസാരിച്ചു. അരി വിവാദം വീണ്ടും ഗുരുവായൂർ: കൗൺസിലിൽ അരി വിവാദം വീണ്ടും തിളച്ചു. പ്രളയകാലത്ത് സർക്കാർ നിർദേശം ലംഘിച്ച് അംഗൻവാടികളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യധാന്യങ്ങളെടുത്തുവെന്ന വിവാദമാണ് വീണ്ടും കൗൺസിലിലെത്തിയത്. ഒരു ടെൻഡറുമായി ബന്ധപ്പെട്ട വിഷയത്തിന് ഐ.സി.ഡി.എസ് സൂപ്പർവൈസർ കൗൺസിലിലെത്തിയപ്പോൾ കോൺഗ്രസി​െൻറ പി.എസ്. രാജനാണ് വിഷയം ഉന്നയിച്ചത്. അംഗൻവാടികളിൽ നിന്ന് ഭക്ഷ്യധാന്യമെടുത്തതിൽ തെറ്റുണ്ടോയെന്നായിരുന്നു ആരാഞ്ഞത്. എന്നാൽ റവന്യു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഭക്ഷ്യധാന്യം എടുക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതാണ് പിഴവായതെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ പറഞ്ഞു. കൗൺസിലർമാരുടെ മേൽനോട്ടത്തിലാണ് ഭക്ഷ്യധാന്യം എടുത്തത്. ദുരിത മേഖലകളിലെ അംഗൻവാടികളിൽനിന്ന് മാത്രം റവന്യു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എടുക്കാൻ നൽകിയ നിർദേശം ചില കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ ലംഘിക്കുകയായിരുന്നുവെന്ന് ഭരണപക്ഷം പറഞ്ഞു. ഭക്ഷ്യധാന്യം എടുക്കാൻ കൂട്ടുനിന്ന കൗൺസിലർമാർക്കെതിരെ പരാതി നൽകിയതായി സുരേഷ് വാര്യർ പറഞ്ഞു. വിഷയത്തെ ചൊല്ലി ഇരുപക്ഷവും കൊമ്പ് കോർത്തതോടെ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഇടപെട്ട് ശാന്തരാക്കി. സംഭവത്തെ കുറിച്ച് കലക്ടർ അടക്കമുള്ളവർക്ക് റിപ്പോർട്ട് നൽകിയതായി അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story