Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിമുടക്കും തർക്കവും:...

പണിമുടക്കും തർക്കവും: ചേറ്റുവ ഹാർബർ നിശ്ചലം

text_fields
bookmark_border
വാടാനപ്പള്ളി: തൊഴിലാളി പണിമുടക്കും തർക്കവും മൂലം ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ച മത്സ്യബന്ധനം സ്തംഭിച്ചു. വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കിയത്. ഇതുമൂലം ഞായറാഴ്ച മുപ്പതിലധികം വള്ളങ്ങളിൽ എത്തിയ മത്സ്യം ഇറക്കാനായില്ല. ഞായറാഴ്ച വൈകിട്ട് മുതൽ മത്സ്യംപിടിച്ച് വരുന്ന വള്ളങ്ങളുടെ തിരക്കായിരുന്നു. തുടർച്ചയായി വീണ്ടും വള്ളങ്ങൾ വന്നതോടെ രാത്രി ഒമ്പതോടെ പണി നിർത്തി ഹാർബറിലെ യൂനിയൻ തൊഴിലാളികൾ മടങ്ങി. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഇവർ തിരിച്ചെത്തിയില്ല. വള്ളത്തിലും ബോട്ടിലും കിടന്ന മീൻ പിന്നീട് തിങ്കളാഴ്ച പുലർച്ചെ നാലോടെ പുറമെ നിന്ന് മറ്റ് തൊഴിലാളികളെ കൊണ്ടുവന്നാണ് ഇറക്കിയത്. കേടുവന്നതിനാൽ പല വിൽപനക്കാരും മത്സ്യം വാങ്ങാൻ തയ്യാറായില്ല. ഇതോടെ കനത്ത നഷ്ടമാണ് ബോട്ടുകൾക്കും വള്ളക്കാർക്കും ഉണ്ടായത്. തർക്കം കാരണം ചൊവ്വാഴ്ച വള്ളങ്ങളും ബോട്ടുകളും മത്സ്യബന്ധനത്തിന് കടലിൽ പോയില്ല. കയറ്റിറക്കിനെ ചൊല്ലി വാക്കേറ്റവും ഉണ്ടായി. സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു. തൊഴിലാളികളുടെ പിടിവാശിയാണ് പണിമുടക്കിലേക്ക് വഴിതെളിയിച്ചതെന്നും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും വള്ളങ്ങളുടെ ഉടമസ്ഥരായ കൊടിയമ്പുഴ ദേവസ്വം ചെയർമാൻ പി.വി. ജനാർദനനും പ്രസിഡൻറ് ഹരിലാലും കുറ്റപ്പെടുത്തി. മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് തൊഴിലാളികൾ പോയത്. കലക്ടർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, വിശ്രമമില്ലാത്ത പണിയാണ് ഹാർബറിൽ നടക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ വർഷവും ഹാർബറിൽ തൊഴിലാളികളുമായി തർക്കം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story