Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുമ്പൂര്‍മുഴി...

തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ വീണ്ടും ചിത്രശലഭങ്ങള്‍ സജീവം

text_fields
bookmark_border
അതിരപ്പിള്ളി: വിനോദസഞ്ചാരികള്‍ക്ക് കൗതുകം പകര്‍ന്നുകൊണ്ട് തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ ഇടവേളക്ക് ശേഷം ചിത്രശലഭങ്ങള്‍ സജീവമായി. പ്രധാനമായും കാട്ടിനുള്ളിലെ ചിത്രശലഭങ്ങളാണ് തുമ്പൂര്‍മുഴിയില്‍ എത്തിയിട്ടുള്ളത്. കാട്ടരുവികളിലൂടെ ഇവക്ക് ഇഷ്ടപ്പെട്ട ലവണങ്ങളും മറ്റും ഒഴുകി വരുന്ന കാലമായതിനാലാണ് ശലഭങ്ങളുടെ എണ്ണം കൂടിയത്. സമീപകാലത്തായി ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ കുറവ് പ്രകടമായിരുന്നു. തൂക്കുപാലത്തോടനുബന്ധിച്ച നവീകരണപ്രവര്‍ത്തനങ്ങളുടെ മാലിന്യവും മറ്റുമാണ് പൂമ്പാറ്റകളെ അകറ്റിയതെന്ന് സംശയിക്കുന്നു. ആശങ്കകള്‍ക്ക് വിരാമം കുറിച്ച് ഏതാനും ആഴ്ചകളായി എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. ഇവ ഇപ്പോള്‍ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ കൂട്ടമായി പറന്നുകളിക്കുകയാണ്. ഇത്തവണത്തെ വേനലവധി കാലാവസ്ഥ അനുകൂലമായതിനാല്‍ സഞ്ചാരികള്‍ കൂടുതലായി തുമ്പൂര്‍മുഴിയിലെത്തിയിരുന്നു. ഇത് ചിത്രശലഭങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്ന സീസണല്ല. ലെമണ്‍ ബട്ടർഫ്ലൈ, കോമണ്‍ക്രോ തുടങ്ങിയ വിഭാഗങ്ങളാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. പ്രജനനം നടക്കുന്ന ഒക്‌ടോബറിലും നവംബറിലുമാണ് എണ്ണത്തിലും വൈവിധ്യത്തിലും ഏറ്റവും അധികം ചിത്രശലഭങ്ങളെ കാണാനാവുക. ഏകദേശം 148 തരം ചിത്രശലഭങ്ങള്‍ തുമ്പൂര്‍മുഴിയില്‍ വന്നെത്താറുണ്ടെന്നാണ് കണക്ക്. ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭങ്ങളും രണ്ടാമത്തെ ശലഭമായ കൃഷ്ണ ശലഭങ്ങളും തുമ്പൂര്‍മുഴിയില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെയും തുമ്പൂര്‍മുഴിയില്‍ കണ്ടെത്തിയിട്ടുണ്ട്. ലെമണ്‍ ബട്ടർഫ്ലൈ, ലൈറ്റ് ബ്ലൂ ടൈഗർ, ഡാര്‍ക്ക് ബ്ലൂ ടൈഗർ, കോമണ്‍ ക്രോ, സതേണ്‍ ബേഡ് വിങ്, കോമണ്‍ റോസ് തുടങ്ങിയ സാധാരണ ഇനം ശലഭങ്ങളും ഇവിടെ കാണാം. അടുത്ത കാലത്താണ് തുമ്പൂര്‍മുഴിയിൽ ചിത്രശലഭങ്ങളുടെ അപൂർവസാന്നിധ്യം തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ചില അന്തര്‍ദേശീയ യൂനിവേഴ്‌സിറ്റികള്‍ ശലഭങ്ങളെ നിരീക്ഷണ പഠനം നടത്താന്‍ തുമ്പൂര്‍മുഴി ഒരു കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബട്ടർഫ്ലൈ ഗാര്‍ഡനാണ് തുമ്പൂര്‍മുഴി. തുമ്പൂര്‍മുഴിയില്‍ ഇവക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. തുമ്പൂര്‍മുഴി ഉദ്യാനത്തി​െൻറ മൂന്നാം ഘട്ട നവീകരണത്തി​െൻറ ഭാഗമായി ടൂറിസം അധികൃതര്‍ ചെടികളിലും മരങ്ങളിലും ജലധാരയിലും തൂക്കുപാലത്തിലും ആകര്‍ഷകമായ വൈദ്യുതി ദീപങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇത് ചിത്രശലഭങ്ങളുടെ വംശനാശത്തിന് കാരണമാവും എന്നതിനാൽ വനം വകുപ്പ് തടഞ്ഞു. രാത്രിയിലെ വെളിച്ചം ചിത്രശലഭങ്ങളുടെ സ്വാഭാവിക പരിസ്ഥിതിക്ക് വിരുദ്ധമാവും. വെളിച്ചത്തില്‍ ആകൃഷ്ടരായി ശലഭങ്ങള്‍ കൂട്ടത്തോടെ പറന്നെത്തുന്നതോടെ ബള്‍ബുകളുടെ ചൂടില്‍ ഇവയുടെ ചിറക് കരിഞ്ഞ് ജീവഹാനി സംഭവിക്കുകയും ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story