Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയുടെ പിന്തുണ;...

മന്ത്രിയുടെ പിന്തുണ; കിഴൂർ- തിരുത്തിക്കാട് പാടം നെൽകതിരണിയും

text_fields
bookmark_border
കുന്നംകുളം: 20 വർഷത്തിലധികമായി തരിശ് കിടന്ന കിഴൂർ-തിരുത്തിക്കാട് പാടശേഖരത്ത് കൃഷി ഇറക്കാൻ കർഷകർക്ക് മന്ത്രി എ.സി. മൊയ്തീ​െൻറ പിന്തുണ. നഗരസഭ പ്രദേശമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥ മേധാവികളെയും പാടശേഖര സമിതി അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്. കൃഷി ഇറക്കുന്നതുമായുള്ള പരാതി ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് ആദ്യവാരം 200 ഏക്കറിൽ കൃഷിയിറക്കുമെന്ന് പാടശേഖര സമിതി ചെയർമാൻ പി.ജി. ജയപ്രകാശ് അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചിട്ടുള്ളത്. ഇതി​െൻറ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ തോട് വീതി കൂട്ടി പാടം ഉഴുതുമറിച്ചു. ഇതോടെ പാടശേഖരത്തിലേക്കുള്ള മാലിന്യം ഒഴുക്കി​െൻറ അളവ് കുറക്കാനായെന്നും ജയപ്രകാശ് പറഞ്ഞു. പൊന്നാനി കോൾ പടവിൽ നിന്നുള്ള വെള്ളം ജനുവരിയിൽ ഈ കൃഷിയിടത്തിലേക്ക് അടിച്ചുകയറ്റുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിന് മുമ്പ് നെല്ല് കൊയ്തെടുക്കണമെന്നും നിർദേശിച്ചു. കൃഷി സമയത്ത് വെള്ളം കൂടിയാൽ തിരിച്ച് പമ്പ് ചെയ്യാനാകില്ല. പാടശേഖരത്തെ തോട്, കൈത്തോട് എന്നിവയുടെ ആഴം കൂട്ടി ബലപ്പെടുത്തും. ഒഴുകി വരുന്ന മലിനജലം കുറക്കാൻ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ പ്ലാസ്റ്റിക് കമ്പനിയിൽ നിന്ന് ഈ പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതായി കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അത് പരിശോധിക്കാൻ നഗരസഭ അധികാരികളോട് മന്ത്രി നിർദേശിച്ചു. പൊന്നാനി കോളിലേക്ക് ഈ പാടശേഖരത്തെ ഉൾപ്പെടുത്തും. നിലവിലുള്ള മോട്ടോറുകൾക്ക് പകരം പുതിയത് സ്ഥാപിക്കും. പമ്പിങ്ങിന് സമീപത്തായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും. കരിങ്കൽ തറയിൽ സ്ഥാപിക്കണമെന്നും കെ.എസ്.ഇ.ബിയോട് മന്ത്രി നിർദേശിച്ചു. കർഷകർ നേരിടുന്ന ഭൂമിയുടെ വില നിർണയ പ്രശ്നങ്ങൾ അദാലത്തിലൂടെ പരിഹരിക്കുമെന്ന് കലക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. നികുതി അടക്കാത്തതും പട്ടയം സംബന്ധിച്ച വിഷയങ്ങളിൽ തീർപ്പുണ്ടാക്കാൻ താലൂക്ക് തലത്തിൽ അപേക്ഷ നൽകാൻ അവസരം ഒരുക്കും. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യാഗസ്ഥ മേധാവികളോട് കലക്ടർ നിർദേശിച്ചു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, പോർക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഓമന ബാബു, ഉദ്യോഗസ്ഥമേധാവികൾ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story