Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളിച്ചിത്ര...

കള്ളിച്ചിത്ര ആദിവാസികള്‍ക്ക് ഭൂമി: തടസ്സം ഗവ. പ്ലീഡറെന്ന് സംയുക്ത സമരസമിതി

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ ഗവ. പ്ലീഡറാണെന്ന് സംയുക്ത സമരസമിതി. ആദിവാസികള്‍ക്ക് നല്‍കാനുള്ള ഭൂമിയുടെ രേഖകള്‍ നിയമോപദേശത്തിനായി രണ്ടുമാസം മുമ്പ് പ്ലീഡര്‍ക്ക് കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ആദിവാസികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മാര്‍ച്ച് 17നാണ് കലക്ടര്‍ ഗവ.പ്ലീഡര്‍ക്ക് രേഖകള്‍ അടങ്ങുന്ന ഫയല്‍ കൈമാറിയത്. എന്നാല്‍ ഇതുവരെയും നടപടി എടുക്കാത്തത് ഭൂമാഫിയകളെ സഹായിക്കാനാണ്. ആദിവാസികള്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നല്‍കിയ പരസ്യം കണ്ടാണ് ഭൂമാഫിയകള്‍ രംഗത്തിറങ്ങിയത്. ആദിവാസി കുടുംബങ്ങള്‍ക്ക് താല്‍പര്യമുള്ള ഭൂമിക്കു പകരം ഭൂമാഫിയകള്‍ പല സ്ഥലങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തത്. ഈ സ്ഥലങ്ങള്‍ ആദിവാസികളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സമരസമിതി ആരോപിച്ചു. ഹൈകോടതി വിധിയെ തുടര്‍ന്ന് ആദിവാസികള്‍ക്ക് ഭൂമി വാങ്ങുന്നതിന് അഞ്ചുകോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ വെള്ളാരംപാടത്താണ് ആദിവാസികള്‍ക്കായി ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഈ ഭൂമിയുടെ രേഖകളാണ് കലക്ടര്‍ പ്ലീഡര്‍ക്ക് കൈമാറിയത്. ചിമ്മിനി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കള്ളിച്ചിത്ര കോളനിയിലെ ആദിവാസി കുടുംബങ്ങളെ കാട്ടില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചത്. ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമിയും ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാമെന്നായിരുന്നു ധാരണ. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാതായതോടെ നാലാംഘട്ട ഭൂസമരമാണ് ആദിവാസികള്‍ നടത്തുന്നത്. പാലപ്പിള്ളി ഫോറസ്റ്റ് ഒാഫിസിന് മുന്നില്‍ നടക്കുന്ന കുടില്‍കെട്ടി സമരം ഒരു വര്‍ഷം പിന്നിട്ടു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി എത്രയും വേഗം ആദിവാസികള്‍ക്ക് നല്‍കിയില്ലെങ്കില്‍ അയ്യങ്കാളി ചരമദിനമായ ജൂണ്‍ 18ന് ഗവ. പ്ലീഡറുടെ ജില്ല ഒാഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നേതാക്കളായ എം.എന്‍. പുഷ്പന്‍, എം.എന്‍. പ്രേംജി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story