Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിറക്കല്‍ ചെറുപുഴ...

ചിറക്കല്‍ ചെറുപുഴ പദ്ധതി നിലച്ചിട്ട്‌ ഒന്നര വര്‍ഷം; പദ്ധതി പ്രദേശം കാടുകയറി നാശോന്മുഖമായി

text_fields
bookmark_border
കയ്പമംഗലം: നിയമക്കുരുക്കില്‍നിന്ന് കരകയറാതെ ചിറക്കല്‍ ചെറുപുഴ പദ്ധതി. തീരദേശത്തി​െൻറ കാര്‍ഷിക മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കരുതിയ പദ്ധതി നിലച്ചിട്ട്‌ ഒന്നര വര്‍ഷം. പദ്ധതി പ്രദേശം കാടുകയറി നാശോന്മുഖമായി. ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലെ തര്‍ക്കമാണ് പദ്ധതി നിലക്കാന്‍ കാരണം. പുതിയ കരാറുകാരനെ കണ്ടെത്തിയെങ്കിലും പഴയ കരാറുകാരൻ നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചതാണ് കുരുക്കായത്. കഴിഞ്ഞ ഏപ്രിലില്‍ ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെെട്ടങ്കിലും നിർമാണത്തില്‍ പുരോഗതി ഉണ്ടായില്ല. മണ്ണ് പരിശോധനയില്‍ വന്ന അപാകതയാണ് പദ്ധതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയതെന്നാണ് പഴയ കരാറുകാര​െൻറ വാദം. രണ്ടു കോടിക്ക് മുകളിലുള്ള പദ്ധതികളില്‍ ഐ.ഡി.ആര്‍.വി (ഇന്‍വെസ്റ്റിഗേഷന്‍ ഡിസൈന്‍ ആൻഡ് റിസേര്‍ച് വിങ്) ആണ് മണ്ണ് പരിശോധന നടത്തേണ്ടത്. ഈ പദ്ധതിയില്‍ അങ്ങനെ ഉണ്ടായില്ല. പദ്ധതിയുടെ ഭാഗമായി ഒമ്പത് കിലോമീറ്റര്‍ നീളമുള്ള തോടി​െൻറ മിക്കയിടത്തും കരിങ്കല്‍ പാര്‍ശ്വഭിത്തികള്‍ കെട്ടേണ്ടതുണ്ട്. ചളിങ്ങാട് കൂനിപ്പറമ്പില്‍ ഇതിനായി തോടി‍​െൻറ അരിക് കുഴിച്ചപ്പോള്‍ അടിഭാഗം ചളിയും മണലുമാണെന്ന് മനസ്സിലായി. എന്നാല്‍, കരാറില്‍ അടിഭാഗം വെട്ടുകല്ലാണ് എന്നാണത്രേ കാണിച്ചിരുന്നത്. ചളിയും മണലും നിറഞ്ഞ സ്ഥലത്ത് കരിങ്കല്‍ ഭിത്തി കെട്ടിയാല്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ഈ വിവരം ഇറിഗേഷന്‍ വകുപ്പിനെ അറിയിച്ചപ്പോള്‍ പൈലിങ് നടത്താനും അതിനു മീതെ ഭിത്തികെട്ടാനും നിർദേശിച്ചു. എന്നാല്‍, ഇതിനായി എസ്റ്റിമേറ്റില്‍ വ്യത്യാസം വരുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടാണ് കരാറുകാരന്‍ നിർമാണം നിര്‍ത്തിവെച്ചത്. അതേസമയം, കരാറുകാരന്‍ സ്ഥിരം വ്യവഹാരക്കാരന്‍ ആണെന്നും ഇയാള്‍ കരാറെടുത്ത നിരവധി പദ്ധതികള്‍ക്ക് ഇതേ ദുര്യോഗമുണ്ടെന്നും ഇക്കാര്യം നേരത്തെ അറിയാത്തത് വിനയായെന്നും ഇ.ടി. ടൈസന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതിക്കായി കോഴിത്തുമ്പിലും കൂനിപ്പറമ്പിലുമായി അഞ്ച് ചിറകള്‍ മാത്രമാണ് ഇതുവരെ നിർമിച്ചത്. പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസന്‍ എം.എല്‍.എ ജലവിഭവ മന്ത്രിക്ക് കത്ത് നല്‍കുകയും അതി‍​െൻറ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് കരാറുകാരനെ മാറ്റി പുതിയ ആളെ നിയമിക്കുകയുമായിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാറി‍​െൻറ ആസ്തി വികസന ഫണ്ടില്‍നിന്ന് 4.8 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. എടത്തിരുത്തി-, കയ്പമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറക്കല്‍ -ചെറുപുഴ തോടുവഴി ശുദ്ധജലം പ്രവഹിപ്പിച്ച് രണ്ടു പഞ്ചായത്തുകളിലെ കുടിനീര്‍ ക്ഷാമവും കൃഷി, ജലസേചന പ്രശ്നങ്ങളും പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂത്തുമാക്കല്‍ ഷട്ടറിനടിയിലൂടെ കെ.എല്‍.ഡി.സി കനാലില്‍നിന്ന് ടണല്‍ വഴി ഈ തോട്ടിലേക്ക് ശുദ്ധജലം എത്തിക്കണമെങ്കില്‍ ആദ്യം തോട് നവീകരിക്കുകയും ഉപതോടുകള്‍ക്ക് ചീര്‍പ്പുകളും കനാലുകളും നിർമിക്കുകയും വേണം.
Show Full Article
TAGS:LOCAL NEWS 
Next Story