Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയൂർ പഞ്ചായത്തിൽ...

പുന്നയൂർ പഞ്ചായത്തിൽ 19.83 കോടിയുടെ ബജറ്റ്; സമ്പൂർണ തരിശ് രഹിത പദ്ധതിക്ക് മുൻഗണന

text_fields
bookmark_border
പുന്നയൂർ: സമ്പൂർണ തരിശ് രഹിത പദ്ധതിക്ക് പ്രാമുഖ്യം നൽകി പുന്നയൂർ പഞ്ചായത്തിൽ 19.83 കോടിയുടെ വരവും 19.34 കോടിയുടെ ചെലവും 48 ലക്ഷത്തി​െൻറ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ അവതരിപ്പിച്ചു. 40 വർഷത്തോളമായി തരിശായി കിടന്ന പഞ്ചായത്തിലെ 1100 ഏക്കറോളമുള്ള പാടശേഖരത്തിൽ 2017--18 ൽ വർഷം 400 ഏക്കർ നിലം വൃത്തിയാക്കി കൃഷിയാരംഭിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഭരണ സമിതിയുടെ പുതിയ തീരുമാനം. പാടം തരിശ് രഹിതമാക്കി കൃഷിയാരംഭിച്ചതിന് ജില്ല തലത്തിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രോത്സാഹനമായി മാറിയെന്ന് ബഷീർ പറഞ്ഞു. ബജറ്റിൽ നിന്ന് ഒരു കോടിയാണ് സമ്പൂർണ തരിശ് രഹിത പദ്ധതിക്കായി നീക്കിവെക്കുന്നത്. വൈദ്യുതിക്ക് പകരം സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പ് സെറ്റുകളാണ് പാടത്ത് സ്ഥാപിക്കുക. പഞ്ചായത്തിൽ ഉൾപ്പെടുന്ന കുട്ടാടൻ പാടത്താണ് പദ്ധതി വരുന്നത്. ഇവിടെ നിലവിലെ കൃഷി വികസനത്തിന് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് ഉപ്പ് വെള്ളം ശുദ്ധീകരണത്തിന് 25 ലക്ഷവും കനോലി കനാൽ സംരക്ഷണത്തിന് 20 ലക്ഷവും ചെലവിടും. ഭവന നിർമാണ പദ്ധതിക്കായി ഒരു കോടിയും പഞ്ചായത്തിലെ അംഗൻവാടി കെട്ടിട നിർമാണത്തിന് ഒന്നരക്കോടിയും അനുവദിക്കും. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതി​െൻറ ഭാഗമായി 50 ലക്ഷം മുടക്കി കുടിവെള്ള സംഭരണി നിർമിക്കും. ലൈഫ് പദ്ധതിയിൽ 25 ലക്ഷം, പച്ചക്കറി വിത്ത് വിതരണം, ഹരിത പഞ്ചായത്ത്, ആശ്രയ പദ്ധതികൾക്കും പകൽ വീട് അടിസ്ഥാന സൗകര്യം വർധിപ്പിക്കലിനും 10 ലക്ഷം വീതം ചെലവിടും. വഴിവിളക്കുകൾ എൽ.ഇ.ഡിയാക്കാൻ 40 ലക്ഷവും സ്കൂളുകൾക്ക് സ്ഥലം വാങ്ങാൻ 20 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. കുട്ടാടൻ പാടത്തെ കണ്ണംചിറയിൽ ബോട്ട് സർവിസ് ആരംഭിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കും. ഇതിനായി 10 ലക്ഷമാണ് മുടക്കുക. മേഖലയിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാനെത്തുന്ന പ്രദേശം എന്നതിനാൽ പഞ്ചായത്ത് നേരിട്ട് കടലാമ സംരക്ഷണ ഹാച്ചറി ആരംഭിക്കും. പദ്ധതിക്കായി രണ്ട് ലക്ഷം രൂപയാണ് മാറ്റിവെക്കുന്നത്. പ്രസിഡൻറ് എം.കെ. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ബജറ്റിലുള്ള ചർച്ച ആരംഭിച്ചെങ്കിലും ബുധനാഴ്ച രാവിലെ വീണ്ടും തുടർന്ന ശേഷമാണ് ബജറ്റ് അംഗീകരിക്കുക. ബജറ്റ് അവതരണത്തെ തുടർന്ന ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. എം.ബി. രാജേഷ്, സി.എം. സുധീർ, കെ.വി. അബ്ദുൽ കരീം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത് പ്രതിപക്ഷ നിരയിൽ നിന്ന് സംസാരിച്ചത്. ഭരണപക്ഷത്ത് നിന്ന് ബജറ്റിനെ അനുകൂലിച്ച് സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. രാജേന്ദ്രൻ മാത്രമാണ് സംസാരിച്ചത്. ബാക്കിയുള്ളവർ ബുധനാഴ്ച ചർച്ചയിൽ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story