Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ വികസന...

കോർപറേഷൻ വികസന പദ്ധതി: റോഡ് ടാർ ചെയ്യും; കുടിവെള്ളവും വെളിച്ചവുമെത്തിക്കും

text_fields
bookmark_border
തൃശൂർ: കോർപറേഷൻ പരിധിയിൽ 75 കി.മീ ഇപ്പോഴും ടാർ ചെയ്തിട്ടില്ല. 11 കി.മീ ദൂരത്തോളം ഇനിയും കുടിവെള്ള പൈപ്പ് ലൈൻ എത്തിയില്ല. കോർപറേഷൻ വാർഷിക പദ്ധതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കോർപറേഷന്‍ പരിധിയിലെ എല്ലാ മണ്ണ് റോഡും ടാർ ചെയ്യുന്നതുൾപ്പെടെ 2018--'19 പ്ലാൻ ഫണ്ടിലെ വാര്‍ഷിക വികസന പദ്ധതി കൗണ്‍സില്‍ അംഗീകരിച്ചു. എല്ല പ്രദേശത്തും തെരുവ് വിളക്കുകള്‍ സ്ഥാപിക്കും എല്ലാ വീട്ടിലേക്കും കുടിവെള്ളം എത്തിക്കും. ലൈഫ് പദ്ധതിപ്രകാരം 1,000 വീട് പണിതു നല്‍കുന്നതുള്‍പ്പെടെ 94.27 കോടിയുടെ പദ്ധതികള്‍ അംഗീകരിച്ചു. സാധാരണ സെപ്റ്റംബറിലാണ് കൗണ്‍സില്‍ പദ്ധതി അംഗീകരിക്കാറുള്ളത്. മാര്‍ച്ച് 31നകം തന്നെ വികസന സെമിനാറുകള്‍ പൂര്‍ത്തിയാക്കി കൗണ്‍സില്‍ അംഗീകാരം നൽകിയത് പുതിയ ചുവടുവെപ്പാണെന്ന് ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു. മേയര്‍ അജിത ജയരാജ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ ബാബു വികസന രേഖ അവതരിപ്പിച്ചു. വെള്ളം, വെളിച്ചം, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമഗ്രവും സന്തുലിതവുമായ വികസനമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറര കോടി രൂപയുടെ അധിക പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്. ശക്തന്‍ നഗര്‍, ഒല്ലൂര്‍, കുരിയച്ചിറ, മണ്ണുത്തി, ഒളരിക്കര, കിഴക്കേകോട്ട, ചേറൂര്‍ ജങ്ഷനുകള്‍ വികസിപ്പിക്കും. എല്ലാ ഡിവിഷനിലും സി.സി ടി.വി കാമറ സ്ഥാപിക്കും. ടാഗോര്‍ സ​െൻറിനറി ഹാള്‍, കമ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ നവീകരണം, സോണല്‍ ഓഫിസ് നിര്‍മാണം എന്നിവയുൾപ്പെടെ 20 മെഗാ പ്രൊജക്ട് നടപ്പാക്കും. ലക്ഷം വീടുകള്‍ ഒറ്റ വീടാക്കും. ഇ.എം.എസ് പദ്ധതിപ്രകാരം മുളയം റോഡ് കുടുംബങ്ങള്‍ക്കുവേണ്ടി ഫ്ലാറ്റ് നിര്‍മിക്കും. അങ്കണവാടി വികസനം, എല്ലാ വീട്ടിലും ജൈവമാലിന്യ സംസ്കരണ പ്ലാൻറ് എന്നിവയാണ് മറ്റു പദ്ധതികൾ. ജില്ല ആശുപത്രി അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ഉപകരണങ്ങളും മരുന്നും വാങ്ങാനും പണം അനുവദിക്കും. ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, എം പ്രിൻറർ, യു.പി.എസ്, ഫര്‍ണിച്ചര്‍, സ്പോര്‍ട്സ് കിറ്റ്, ലാബ് ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും. അതേസമയം, വികസന രേഖക്ക് വികസന കാഴ്ചപ്പാടില്ലെന്ന് പ്രതിപക്ഷകക്ഷി നേതാവ് എം.കെ. മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫണ്ടില്‍ ആറു കോടി രൂപ കുറവാണെന്ന് സുബി ബാബു ആരോപിച്ചു. ജനറല്‍ ഫണ്ടില്‍ 35.58 കോടി ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫണ്ടിനെ ചൊല്ലി തർക്കം: സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പരസ്യ വാഗ്വാദം തൃശൂർ: വികസനത്തിനായി ഡിവിഷൻ തലത്തിൽ അനുവദിക്കുന്ന ഫണ്ടിന് കുറവ് വരുന്നതിനെചൊല്ലി കൗൺസിലിൽ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തർക്കം. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബ ബാബു അവതരിപ്പിച്ച വികസന പദ്ധതിയുടെ ചർച്ചയിലാണ് തർക്കം. കോർപറേഷനിലേക്ക് പഞ്ചായത്തുകളിൽനിന്ന് കൂട്ടിച്ചേർത്ത പലയിടത്തും വികസനം എത്തിയിട്ടില്ലെന്നും ഇതും കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഡിവിഷൻ വികസന ഫണ്ട് വകയിരുത്തിയതെന്ന് അറിയിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. കൗൺസിൽ യോഗം തുടങ്ങിയ ഉടൻ ഇത്തവണ ആറര കോടിയോളം പ്ലാൻ ഫണ്ട് ഇനത്തിൽ കുറവാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വികസന കാഴ്ചപ്പാടില്ലാതെയും, സ്വന്തം പദ്ധതികളില്ലാതെയുമാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാവ് വിമർശിച്ചിരുന്നു. ഫണ്ട് കുറവാണ് ലഭിച്ചിട്ടുള്ളതെന്ന് മുൻ ഡെപ്യൂട്ടി മേയർ കൂടിയായ സുബി ബാബുവാണ് പ്രതിപക്ഷത്ത് നിന്നും ആരോപണമുന്നയിച്ചത്. ഇതിെന ചുവട് പിടിച്ചായിരുന്നു നഗരാസൂത്രണ സമിതി അധ്യക്ഷൻ പി. സുകുമാരനും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റിയധ്യക്ഷ എം.എൽ. റോസിയും ചർച്ചയിൽ പങ്കെടുത്തത്. പഞ്ചായത്തുകളിൽ വികസനം നടന്നിട്ടുണ്ടാവുമെന്നും കോർപറേഷൻ ഡിവിഷനുകളിൽ നേരത്തെ ലഭിച്ചിരുന്ന ഫണ്ടിൽ കുറവ് വരുത്താൻ കഴിയില്ലെന്നും എം.എൽ. റോസിയും സുകുമാരനും ആവശ്യപ്പെട്ടു. തുകയിൽ കുറവ് വരില്ലെന്നും കൂടുതലാണ് വരികയെന്നും ഷീബു ബാബു തന്നെ മറുപടി നൽകിയെങ്കിലും കണക്കുകളിൽ വ്യക്തതയില്ലെന്ന കാരണവുമായി തർക്കം ഏറെ നേരം നിന്നു. പിന്നീട് മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി കണക്കുകൾ നിരത്തുകയായിരുന്നു. മുൻ വർഷത്തിൽ നിന്നും ആറര കോടി അധികമാണ് ഈ വർഷമെന്ന് കണക്കുകൾ അറിയിച്ചതോടെ പ്രതിപക്ഷവും ആരോപണത്തിൽ നിന്ന് പിൻവലിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story