Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോന്തിപുലത്ത് നികത്തിയ ...

കോന്തിപുലത്ത് നികത്തിയ പാടത്ത് കെട്ടിടനിർമാണത്തിന് നീക്കം

text_fields
bookmark_border
ആമ്പല്ലൂര്‍-: പറപ്പൂക്കര കോന്തിപുലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയ സംരക്ഷിത തണ്ണീര്‍തടത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ നീക്കം. ഇതിന് പഞ്ചായത്തും വില്ലേജ് അധികൃതരും അനുമതി നല്‍കാന്‍ ഒരുങ്ങുന്നതായി പരാതി. തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തിയതാണെന്ന കൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെയാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്. നികത്തിയ തണ്ണീര്‍ത്തടം പൂര്‍വ സ്ഥിതിയിലാക്കുന്നതിനും സ്ഥലം ഉടമക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.എന്‍. മുകുന്ദന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. കോന്തിപുലം പാടശേഖരത്തിലെ ഒന്നര ഏക്കര്‍ വരുന്ന സംരക്ഷിത തണ്ണീർതടമാണ് മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. പറപ്പൂക്കര കൃഷി ഓഫിസര്‍ ജില്ല കലക്ടര്‍ക്കും ആര്‍.ഡി.ഒ ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ മണ്ണിട്ട് നികത്തിയ സ്ഥലം തണ്ണീര്‍തടമാണെന്നും അനധികൃതമായാണ് ഇത് നികത്തിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശപ്രകാരം മറ്റ് നടപടികള്‍ എടുക്കുമെന്ന് കൃഷി ഓഫിസര്‍ അജിത് മോഹന്‍ അറിയിച്ചു. അതേസമയം ഈ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും കൃഷി ഓഫിസര്‍ പറഞ്ഞു. ഒരു മാസത്തിനിടെ മേഖലയിലെ തണ്ണീര്‍തടങ്ങളും നെല്‍വയലുകളും വ്യാപകമായി മണ്ണിട്ടു നികത്തിയതില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കോന്തിപുലം പാടശേഖരം. 1972 ല്‍ ഇറാനില്‍ നടന്ന റംസാര്‍ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ ലോകത്ത് സംരക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള തണ്ണീര്‍തടങ്ങളിലൊന്നാണ് കോന്തിപുലം പാടശേഖരം. പാടത്തെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഹൈകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി മണ്ണിട്ട് നികത്തല്‍ നടത്തുന്നത്. പുതുക്കാട് പഞ്ചായത്തിലെ പല സ്ഥലങ്ങളില്‍നിന്ന് കുന്നിടിച്ചു കൊണ്ടുപോകുന്ന മണ്ണ് ഉപയോഗിച്ചാണ് തണ്ണീര്‍തടങ്ങളും നെല്‍വയലുകളും നികത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story