Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത ഖനനം: റവന്യൂ...

അനധികൃത ഖനനം: റവന്യൂ വകുപ്പ്​ പിടിച്ച വാഹങ്ങൾ വിട്ടുകൊടുക്കാൻ ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
ചാവക്കാട്: തണ്ണീർതടങ്ങളിൽ അനധികൃതമായി ഖനനം നടത്തിയെന്ന പേരിൽ റവന്യൂ അധികൃതർ വൻ പിഴ ചുമത്തി താലൂക്ക് ഓഫിസ് വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്. നികത്തിയത് തണ്ണീർതടമല്ലെന്ന് കണ്ടെത്തിയതിനാലാണ് പിഴ കുറച്ച് വാഹനം വിട്ടുനൽകാൻ നിർദേശം നൽകിയത്. ചാവക്കാട് താലൂക്ക് ഓഫിസ് വളപ്പിൽ ഒരു വർഷത്തോളമാണ് ആളുകൾക്ക് നടക്കാൻ വഴിയില്ലാത്ത വിധം രണ്ട് ലോറി, രണ്ട് ട്രാക്ടർ, രണ്ട് ടിപ്പർ എന്നീ വാഹനങ്ങൾ നിർത്തിയിട്ടത്. കഴിഞ്ഞ വർഷം എപ്രില്‍ 25നാണ് എളവള്ളി വാകയില്‍ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ച് അനധികൃത ഖനനം നടത്തിയെന്ന പേരിൽ റവന്യൂ അധികൃതര്‍ ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളുടെ മൂല്യത്തി​െൻറ ഒന്നര ഇരട്ടി പിഴ അടച്ചാല്‍ വണ്ടി കൊണ്ടുപോകാം എന്നായിരുന്നു വ്യവസ്ഥ. ഇതിനെതിരെ വാഹന ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. റവന്യൂ അധികൃതർ ആരോപിച്ച പോലെ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ചിട്ടില്ലെന്ന് ഉടമകള്‍ തെളിയിച്ചു. ഇതോടെയാണ് അനുമതിയില്ലാതെ മണ്ണെടുപ്പ് നടത്തിയതിന് മാത്രമുള്ള പിഴ അടപ്പിച്ച് വണ്ടികള്‍ വിട്ടുനല്‍കാന്‍ ഹൈകോടതി കലക്ടര്‍ക്ക് നിര്‍ദേശം നൽകിയത്. കലക്ടറുടെ ഉത്തരവി​െൻറ പകര്‍പ്പ് കഴിഞ്ഞ ദിവസം താലൂക്ക് അധികൃതര്‍ക്ക് ലഭിച്ചു. രണ്ട് ലോറികള്‍ക്ക് 50,000 രൂപ വീതവും രണ്ട് ട്രാക്ടറിനും രണ്ട് ടിപ്പറിനും 25,000 രൂപ വീതവും ഉടമസ്ഥര്‍ തൃശൂര്‍ ജിയോളജി വകുപ്പ് ഓഫിസില്‍ പിഴയടച്ചു. വെള്ളിയാഴ്ച പിഴയടച്ച രേഖകളുമായി താലൂക്ക് ഓഫിസിലെത്തിയ ഉടമകള്‍ വാഹനങ്ങള്‍ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി. രണ്ട് വ്യത്യസ്ത കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനങ്ങൾ. ഇവര്‍ സംയുക്തമായാണ് കോടതിയില്‍ കേസ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story