മഴ തകര്‍ത്തു; രണ്ടു വര്‍ഷത്തിനുശേഷം അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു

05:50 AM
12/07/2018
അതിരപ്പിള്ളി: മഴ കനത്തതോടെ രണ്ടു വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടിലെ അപ്പർ ഷോളയാര്‍ ഡാം തുറന്നു. കേരളത്തിലെ ഷോളയാര്‍ ഡാമിൽ പകുതിയോളം ജലം നിറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമി​െൻറ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. മഴ കൂടുതല്‍ ശക്തമായതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പര്‍ഷോളയാര്‍ ഡാം കഴിഞ്ഞ രാത്രിയാണ് തുറന്നത്. തമിഴ്‌നാട്ടില്‍ മഴ ശരിയായി ലഭിക്കാത്തതിനാല്‍ രണ്ടുവര്‍ഷത്തിലേറെയായി അപ്പര്‍ഷോളയാര്‍ ഡാം തുറക്കാറില്ല. ഇവിടെ വൈദ്യുതി ഉല്‍പാദനവും മുടങ്ങിയിരുന്നു. ഡാമില്‍ ആവശ്യത്തിന് വെള്ളം എത്തിയതോടെ ജൂലൈ ഒന്നിന് അപ്പര്‍ഷോളയാറില്‍ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചിരുന്നു. തുടര്‍ന്ന് ഡാം നിറഞ്ഞതോടെ ജലം തുറന്നുവിടുകയായിരുന്നു. എന്നാൽ, കേരള ഷോളയാര്‍ ഡാം തുറന്നിട്ടില്ല. ഇവിടെ ഇപ്പോള്‍ 52.4 ശതമാനം വെള്ളമേയുള്ളൂ. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഷോളയാറില്‍ വൈദ്യുതി ഉൽപാദനം നിര്‍ത്തിയിരിക്കുകയാണ്. ഇവിടെ പ്രധാനമായി വേനലിലാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. വര്‍ഷക്കാലത്ത് പരമാവധി വെള്ളം ശേഖരിക്കുകയാണ് ചെയ്യുക. 2663 അടിയാണ് ഷോളയാറി​െൻറ ആകെ സംഭരണശേഷി. നിറയാറായാല്‍ മാത്രമേ ഡാം തുറക്കൂ. അതേസമയം, പെരിങ്ങല്‍കുത്ത് ഡാമി​െൻറ ഷട്ടറുകള്‍ രണ്ടു ദിവസമായി തുറന്നിട്ടുണ്ട്. വെള്ളത്തി​െൻറ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഇത്തവണ മഴ കൂടുതലാണ്. ഷോളയാറില്‍ ചൊവ്വാഴ്ച 121 മില്ലി ലിറ്റര്‍ മഴ പെയ്തു. ബുധനാഴ്ചയിലേത് ഇതിലും കവിയും. തിങ്കളാഴ്ച പെയ്ത മഴയുടെ അളവ് 79 എം.എം ആയിരുന്നു. പെരിങ്ങലില്‍ ചൊവ്വാഴ്ച ആകെ പെയ്ത മഴ 114 എം.എം ഉം തിങ്കളാഴ്ച 72 ഉം ആയിരുന്നു.
Loading...
COMMENTS