മൂന്നുതാലൂക്കുകളിൽ റേഷൻവിതരണം സ്​തംഭിച്ചു

05:32 AM
14/02/2018
തൃശൂർ: ജില്ലയിലെ മൂന്ന് താലൂക്കുകളായ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ റേഷൻവിതരണം സ്തംഭിച്ചിരിക്കുകയാണ്. റേഷൻ സാധനങ്ങൾ കടകളിലേക്ക് എത്തിക്കുന്ന വാതിൽപടി വിതരണ കരാറുകാരൻ പണിമുടക്കിയിട്ട് 10 ദിവസത്തിൽ ഏറെയായി. ചാലക്കുടി, മുകുന്ദപുരം താലുക്കുകളിൽ ഫെബ്രുവരിയിലെ വിഹിതത്തി​െൻറ 30 ശതമാനം ജനുവരിയിൽ മുൻകൂറായി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇൗ രണ്ടു താലൂക്കുകളിൽ പ്രതിസന്ധി രൂക്ഷമാവുന്നേയുള്ളൂ. എന്നാൽ കൊടുങ്ങല്ലൂർ താലൂക്കിൽ മുൻകൂർ വിഹിതം നൽകിയിരുന്നില്ല. ഭക്ഷ്യഭദ്രത നിയമത്തിൽ മുൻകൂർ നൽകാൻ നിയമം അനുവദിക്കുന്നിെല്ലന്ന നിലപാടാണ് സപ്ലൈ അധികൃതർ കൈക്കൊള്ളുന്നത്. തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് കരാറുകാരൻ കത്ത് നൽകിയിരിക്കുകയാണ്. കരാർ എടുത്തത് നഷ്്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാള സ്വദേശിയായ ഇയാൾ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഒപ്പം ചുമട്ടുതൊഴിലാളികൾ കൂടുതൽ കൂലി ചോദിക്കുന്നതും കൃത്യമായി റേഷൻവസ്തുക്കൾ കയറ്റി, ഇറക്കി തരാത്തതും പരാതിയായി ഇയാൾ ഉന്നയിച്ചിരുന്നു. കരാറി​െൻറ ബാക്കി തുകയായ 30 ശതമാനം നൽകാമെന്ന് അറിയിച്ചിട്ടും തുടരാൻ തയാറായില്ല. പൊതു വിതരണ വകുപ്പ് സുതാര്യമാണെന്ന് അവകാശപ്പെടുന്ന കരാറിലാണ് ഇയാൾ ഉൾപ്പെട്ടത്. അതും കുറഞ്ഞ തുകയാണ് കരാറിൽ രേഖപ്പെടുത്തിയത്. അതുെകാണ്ടാണ് മൂന്നു താലൂക്കുകളിലും കരാർ ലഭിക്കാൻ ഇടയായത്. ഒടുവിൽ നടത്തി കൊണ്ടുപോകാനാവില്ലെന്ന് ഇയാൾ പറയുേമ്പാൾ നേരത്തെ കരാറിൽ ഏർപ്പെട്ടവരെ കളിയാക്കുന്നതും ഒപ്പം നിയമത്തെ നോക്കി കൊഞ്ഞനംകുത്തുന്ന നടപടിയുമാണിതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഭക്ഷ്യഭദ്രത നിയമം ഫലപ്രാപ്തിയിൽ എത്തുന്നതിന് വാതിൽപടി വിതരണം കൃത്യമായി നടക്കേണ്ടതുണ്ട്. അതിനിടെ, മൂന്ന് താലൂക്കുകളിലും വാതിൽപടി വിതരണത്തിനായുള്ള പുതിയ കരാർ നടപടികൾ മുടന്തുകയാണ്. റേഷൻ പ്രതിസന്ധിക്കെതിരെ സമരവുമായി കോൺഗ്രസ് പാർട്ടി രംഗത്തുവന്നിട്ടുമുണ്ട്.
COMMENTS