Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅൽനയുടെ പിറന്നാൾ...

അൽനയുടെ പിറന്നാൾ ആഘോഷിച്ച്​ ഗുരുവായൂരി​െൻറ അതിഥികള്‍ മടങ്ങി

text_fields
bookmark_border
ഗുരുവായൂര്‍: ഗോതുരുത്ത് കോന്നുള്ളി സെല്‍സ​െൻറയും ലിജിയുടെയും മകള്‍ അല്‍ന ഇത്തവണ പിറന്നാൾ ആഘോഷിച്ചത് പുതിയ നിരവധി സുഹൃത്തുക്കൾക്കൊപ്പം കേമമായി. ഗുരുവായൂരിെല ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആഘോഷം. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കേക്ക് മുറിച്ച് നല്‍കി. ഒപ്പം ഒരു പിറന്നാള്‍ സമ്മാനവും. ദേവസ്വം ഭരണസമിതി അംഗം എ.വി. പ്രശാന്ത് പുത്തനുടുപ്പ് സമ്മാനിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ്. ഷെനില്‍, കെ.വി. വിവിധ്, കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണ്‍, ആര്‍.വി. അബ്ദുൽ മജീദ്, സുനിത അരവിന്ദന്‍, സെക്രട്ടറി വി.പി. ഷിബു, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആര്‍. അനീഷ്, വൈ.എം.സി.എ മുന്‍ പ്രസിഡൻറ് പോളി ഫ്രാന്‍സിസ്, പ്രധാനാധ്യാപിക ലതിക, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.ആര്‍. സൂരജ്, ക്യാമ്പ് ഡയറക്ടര്‍ കെ.കെ. കിഷോര്‍കുമാര്‍ എന്നിവരൊക്കെ ആശംസ നേരാനെത്തി. ഗോതുരുത്തില്‍ നിന്ന് പ്രളയത്തി​െൻറ സങ്കടക്കടല്‍ നീന്തി ഗുരുവായൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി എറണാകുളം ഗോതുരുത്ത് സ്വദേശികളാണ് തങ്ങളുടെ സംഘത്തിലെ പത്ത് വയസ്സുകാരിയുടെ പിറന്നാള്‍ ആഘോഷമാക്കിയത്. 31 പേരാണ് ഗോതുരുത്തില്‍ നിന്ന് ഗുരുവായൂരിലെത്തിയിരുന്നത്. പിറന്നാള്‍കാര്യം അറിഞ്ഞതോടെ ക്യാമ്പ് നടത്തിപ്പുകാര്‍ തന്നെ ആഘോഷങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കേക്കും പുതുവസ്ത്രങ്ങളും സമ്മാനപ്പൊതികളുമെല്ലാം എത്തി. ഒന്നിനും ഒരു കുറവുണ്ടാവാതിരിക്കാന്‍ രണ്ട് തരം പായസവും ഒരുക്കി. എല്ലാവര്‍ക്കും ഉച്ചഭക്ഷണം ബിരിയാണിയാക്കി. ആറ് ദിവസം ക്യാമ്പില്‍ തങ്ങിയവര്‍ തിരിച്ചുപോകുന്ന ദിവസം കൂടിയായിരുന്നു വ്യാഴാഴ്ച. തങ്ങളുടെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികളെയും വാരിയെടുത്ത് കിട്ടിയ ബസില്‍ ഗുരുവായൂരിലെത്തിയവരാണ് മടങ്ങിയത്. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളില്‍ എത്തിപ്പെടാതെ ഗുരുവായൂരിലെത്തിയത് മഹാഭാഗ്യമായെന്ന് ഇവര്‍ പറഞ്ഞു. പുറത്തുനിന്നെത്തിയവര്‍ക്കായി നഗരസഭ സംഘടിപ്പിച്ച ജി.യു.പി സ്‌കൂളിലെ ക്യാമ്പിലാണ് ഇവര്‍ താമസിച്ചത്. ഇവര്‍ക്ക് എല്ലാ സൗകര്യവും നഗരസഭയും ദേവസ്വവും ചേര്‍ന്ന് നല്‍കി. സേവാഭാരതി, വൈ.എം.സി.എ, ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകള്‍ ഇവര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്മാനിച്ചു. കിഴക്കെനടയിലെ സയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ തിരിച്ചുപോകാനായി വാഹനം നല്‍കി. ഇവര്‍ക്ക് സമ്മാനമായി ലഭിച്ച നിത്യോപയോഗ വസ്തുക്കള്‍ കൊണ്ടുപോകാനായി മിനി ലോറിയും ഏര്‍പ്പാടാക്കിയിരുന്നു. ക്യാമ്പ് ഡയറക്ടറായ കിഷോര്‍കുമാര്‍ സംഘാംഗങ്ങളെ ഗോതുരുത്തിലേക്ക് അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story