Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശത്ത് പ്രളയജലം...

തീരദേശത്ത് പ്രളയജലം ഇറങ്ങിത്തുടങ്ങി

text_fields
bookmark_border
കയ്പമംഗലം: കനോലിപ്പുഴയോരമൊഴികെ തീരദേശത്തെ മിക്കയിടങ്ങളിലും പ്രളയജലം ഇറങ്ങിത്തുടങ്ങി. കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപത്തെ പ്രദേശങ്ങളിലാണ് വെള്ളമിറങ്ങിത്തുടങ്ങിയത്. ഇതോടെ പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം, പെരിഞ്ഞനം പഞ്ചായത്തിലെ കോവിലകം, കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട്, പള്ളിനട, കോഴിത്തുമ്പ്, കാക്കാത്തുരുത്തി, എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഈസ്റ്റ്, പല്ല, കല്ലുകടവ്, സിറാജ് നഗർ തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇവിടങ്ങളിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ നെഞ്ചു തകരുന്ന കാഴ്ചയാണ് കണ്ടത്. ചളിയടിഞ്ഞ്, നനഞ്ഞു കുതിർന്ന വീടുകൾ, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, തുടങ്ങിയ വീട്ടുപകരണങ്ങൾ, വൈദ്യുതി കണക്ഷനുകള്‍ എല്ലാം നശിച്ച നിലയിലാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുഴയോരത്തെ വീടുകളും കെട്ടിടങ്ങളും വാസയോഗ്യമാക്കണമെങ്കില്‍ ആഴ്ചകള്‍ കാത്തിരിക്കണം. കയ്പമംഗലം ചളിങ്ങാടുള്ള പഞ്ചായത്ത് ആയുർവേദ ആശുപത്രി, പെരിഞ്ഞനം മഹ്മൂദിയ സ്‌കൂള്‍, എടത്തിരുത്തി അയ്യപ്പന്‍കാവ് ക്ഷേത്രം, നിരവധി അംഗൻവാടികള്‍, എടത്തിരുത്തി പഞ്ചായത്തിലെ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ അരയോളം വെള്ളമാണിപ്പോഴും. കയ്പമംഗലം പഞ്ചായത്തില്‍ വെള്ളമൊഴിഞ്ഞ മേഖലകളില്‍ ബുധനാഴ്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ജില്ല ആസ്ഥാനത്ത് നിന്നുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story