Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇവർക്കിനി ഒന്നിൽ...

ഇവർക്കിനി ഒന്നിൽ നിന്ന്​ തുടങ്ങണം

text_fields
bookmark_border
തൃശൂർ: ചാലക്കുടി കാഞ്ഞിരപ്പിള്ളി കോവിലകം പടിയിൽ എൻജിനീയർ വേട്ടാളി ദേവസിയും കുടുംബാംഗങ്ങളും ഇപ്പോൾ നിസ്സംഗരാണ്. മനസ്സ് മരവിച്ച അവസ്ഥ. ഒറ്റരാത്രി കൊണ്ട് അവരുടെ വിലപിടിപ്പുള്ള സകലതും നശിച്ചു. ഇൗ കുടുംബം ഒരു പ്രതീകം മാത്രമാണ്. ദുരന്തം വിതച്ച കോവിലകം പടി, തൂമ്പാക്കോട്, വേളൂർക്കര തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക മേഖലകളുടെയും അവസ്ഥ ഇതുതന്നെ. പ്രളയശേഷം തിരിച്ചെത്തിയവർ കണ്ടത് മനം തകരുന്ന കാഴ്ച്ച. വിലപിടിപ്പുള്ളതെല്ലാം വെള്ളത്തിൽ നശിച്ചു. വസ്ത്രങ്ങളും വിദ്യാർഥികളുടെ പുസ്തകങ്ങളുമടക്കം എല്ലാം വെയിലിൽ ഉണക്കിയെടുക്കാൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് പരിയാരം, കാഞ്ഞിരപ്പിള്ളി, അതിരപ്പിള്ളി മേഖലയിൽ കണ്ടത്. വേട്ടാളി ദേവസിയുടെ മകൻ ജിയോ സംഭവങ്ങൾ ഒാർത്തു: ആഗസ്റ്റ് 15ന് പള്ളിയിൽ കുർബാനക്ക് പോയപ്പോൾ ഗേറ്റ് വരെയായിരുന്നു വെള്ളം. നല്ല മഴയുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോൾ വീട്ടിന്നകത്തേക്ക് പുഴ ഗതി മാറി ഒഴുകുകയാണോ എന്ന് തോന്നി. ഒരു കിലോമീറ്റർ അകലെയുള്ള പുഴയിൽ നിന്ന് ഏതാണ്ട് 55 അടി ഉയരത്തിലാണ് വീട്. എന്നിട്ടും ഒന്നാം നില വെള്ളത്തിൽ മുങ്ങി. അതോടെ കുറേക്കൂടി ഉയരത്തിൽ നിൽക്കുന്ന വല്ല്യപ്പച്ച​െൻറ വീട്ടിൽ എല്ലാവരും അഭയം തേടി. അൽപം കഴിഞ്ഞപ്പോൾ അവിടെയും വെള്ളമെത്തി. തങ്ങളുടെ വീട് അപ്പോഴേക്കും പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. അതിനിടെ പെരിങ്ങൽകുത്ത് ഡാം പൊട്ടിയെന്ന വാർത്ത പരന്നു. അതോടെ തങ്ങളടക്കം പരിസരത്തെ കുടുംബങ്ങൾ പുല്ലുമുട്ടി മലയിലെ ക്യാമ്പിലേക്ക് ഒാടി രക്ഷപ്പെട്ടു. പിന്നീട്, വളരെ ഉയരത്തിൽ നിൽക്കുന്ന പള്ളിയിലേക്ക് മാറി. 150 കുടുംബങ്ങൾ അവിടെ അഭയം തേടി. അതിനിടെ കൊന്നക്കുഴിയിൽ ഉരുൾപൊട്ടി. ഞായറാഴ്ച്ച വെള്ളം ഇറങ്ങി തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. വീട് നിറയെ ചെളി. എല്ലാ വീടുകളിലേയും സ്ഥിതി ഇതു തന്നെ. വീട്ടിലെ എല്ലാ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു-ജിയോ പറഞ്ഞു. പലരുടെയും വീടുകൾ ഭാഗികമായി തകർന്നിരുന്നു. ഇതെല്ലാം പൂർവ സ്ഥിതിയിലാക്കാൻ കഠിനാധ്വാനം വേണം. സർവതും നഷ്ടപ്പെട്ടവർ നിസ്സഹായരായി നിൽക്കുന്ന അവസ്ഥ. ദുരതാശ്വാസ പ്രവർത്തനങ്ങളേക്കാൾ കൂടുതൽ ഏകോപനം ഇനി സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുവേണം എന്ന സന്ദേശമാണ് അതിദയനീയ പ്രളയാനന്തര കാഴ്ചകൾ നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story