Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിയാരം സ്വാശ്രയ...

പരിയാരം സ്വാശ്രയ കര്‍ഷകസംഘം ചന്തയില്‍ കായക്കുലകളുടെ പ്രവാഹം; വെള്ളപ്പൊക്കം കാരണം ഒരുമിച്ച് വെട്ടിയെടുത്തതോടെ വില ഇടിഞ്ഞു;

text_fields
bookmark_border
ചാലക്കുടി: നേന്ത്രവാഴകള്‍ വെള്ളത്തിലായതിനെ തുടര്‍ന്ന് പരിയാരം സ്വാശ്രയസംഘം ചന്തയില്‍ തിങ്കളാഴ്ച നേന്ത്രവാഴക്കുലകളുടെ പ്രവാഹം. ചന്തദിവസമായ തിങ്കളാഴ്ച മാത്രം ഇവിടെ എത്തിയത് 34,770 കിലോ വാഴക്കുലകളാണ്. രാവിലെ 12 ഒാടെ തീരാറുള്ള വിപണി ഉച്ചക്ക് രണ്ടിനും അവസാനിപ്പിക്കാന്‍ സാധിച്ചില്ല. കര്‍ഷകസമിതിയുടെ ചന്തയില്‍ കായക്കുലകള്‍ വെക്കാന്‍ പോലും സ്ഥലമില്ലാതായി. ബാഹുല്യം നിമിത്തം നേന്ത്രവാഴക്കായയുടെ വില 50 രൂപയായി ഇടിഞ്ഞു. ഓണവിപണിയില്‍ പൊന്നും വില പ്രതീക്ഷിച്ച് നട്ടുവളര്‍ത്തിയ വാഴക്കുലകളാണ് നശിച്ചുപോകാതിരിക്കാന്‍ നിവൃത്തികേടുകൊണ്ട് വെട്ടിയെടുത്ത് കര്‍ഷകര്‍ ചന്തയിലെത്തിച്ചത്. രണ്ടാഴ്ച കഴിഞ്ഞാല്‍ മൂപ്പെത്തി വെട്ടേണ്ട കുലകള്‍ നേരത്തെ വെട്ടിയെടുത്തതിനാല്‍ ഗുണം കുറവായത് വിലയെ ബാധിച്ചു. ഒരുമിച്ച് വെട്ടിയെടുത്തതോടെ വിപണിയില്‍ കായ സുലഭമായതും വിലയെ ബാധിച്ചു. ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്ന് പെരിയാറി​െൻറ തീരത്തെ വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട് നെട്ടൂര്‍, കുന്നത്തുനാട്, ആലുവ, എറണാകുളം വിപണികള്‍ തളര്‍ച്ചയിലാണ്. ഇവിടങ്ങളിലേക്കാണ് പ്രധാനമായും കായകള്‍ പരിയാരത്തുനിന്നും കയറ്റിപ്പോകുക. അവിടെ നിന്ന് അധികമാരും തിങ്കഴാഴ്ച ഇവിടേക്ക് വന്നെത്തിയില്ല. കായക്കുലകള്‍ വിറ്റഴിക്കാനാകാതെ ചന്തയില്‍ ബാക്കിയാവുകയായിരുന്നു. മേഖലയിലെ നേന്ത്രവാഴ കര്‍ഷകര്‍ ഇതോടെ വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പരിയാരം വാഴ കര്‍ഷകരുടെ പ്രധാന മേഖലയാണ്. ജില്ലയിലെ 26 സ്വാശ്രയ കര്‍ഷകസമിതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് ഇവിടത്തെ പൂവത്തിങ്കല്‍ സ്വാശ്രയ കര്‍ഷക സമിതി. ഈ സമിതിയിലെ അംഗങ്ങളാണ് പരിയാരത്തെ വാഴ കര്‍ഷകരിൽ ഏറെയും. കര്‍ഷകര്‍ക്ക് ഇടത്തരക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സമിതി രൂപവത്കരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കനുസരിച്ച് 374 ടണ്‍ കായയാണ് പരിയാരത്ത് വില്‍പന നടത്തിയത്. എന്നാല്‍ ഓണത്തിന് വില്‍പന നടത്താന്‍ വേണ്ടി ഉല്‍പാദിപ്പിച്ച ഒന്നരലക്ഷം കായക്കുലകളാണ് മഴയെ തുടര്‍ന്ന് നശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിപണിയില്‍ നേന്ത്രക്കായയുടെ വില കിലോക്ക് 67 രൂപ വരെ എത്തിയിരുന്നു. ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തോട്ടങ്ങള്‍ വെള്ളത്തിലായതിനാല്‍ കായക്കുലകള്‍ വെട്ടിയെടുക്കാന്‍ സാധിക്കാത്തതാണ് അന്ന് വില വര്‍ധിക്കാൻ കാരണം. ഇതിനിടയില്‍ സാഹസികരായ ചിലര്‍ വഞ്ചിയില്‍ പോയാണ് വാഴക്കുല വെട്ടിയത്. കപ്പത്തോടി​െൻറ ഇരുവശങ്ങളിലുമുള്ള പ്രദേശത്താണ് പരിയാരത്തെ നേന്ത്രവാഴ കൃഷി കൂടുതലും. ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കപ്പത്തോട്ടിലേക്ക് വെള്ളം തിരിച്ചൊഴുകുകയും കൃഷിയിടങ്ങൾ മുങ്ങുകയുമായിരുന്നു. 20 ഏക്കറില്‍ പരം കൃഷിയിടം മുങ്ങിപ്പോയി. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 42 രൂപയാണ് നേന്ത്രക്കായയുടെ ഉല്‍പാദനച്ചെലവ്. വിപണിയിലെ അപ്രതീക്ഷിത വിലയിടിവിന് പുറമെ പ്രകൃതി ദുരന്തവും കര്‍ഷകരുടെ നടുവൊടിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story