Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​​ട്രപതി ഗുരുവായൂർ ...

രാഷ്​​ട്രപതി ഗുരുവായൂർ ദർശനം നടത്തി

text_fields
bookmark_border
ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി. ഗവർണർ പി. സദാശിവം, ഭാര്യ സരസ്വതി, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ രാഷ്ട്രപതിയെ അനുഗമിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ തൃശൂരിൽനിന്ന് കാർ മാർഗമാണ് 12.45ഓടെ ദേവസ്വം ഗെസ്റ്റ് ഹൗസിലെത്തിയത്. 1.05ഓടെ തെക്കെ നടയിലൂടെ നടന്ന് ക്ഷേത്രത്തിലേക്ക് പോയി. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പൂർണകുഭത്തോടെ സ്വീകരിച്ചു. ഉപദേവനായ അയ്യപ്പനെ തൊഴുത ശേഷം രാഷ്ട്രപതിയും സംഘവും പ്രദക്ഷിണം ചെയ്തു. ഇതിനിടെ ക്ഷേത്രത്തിലെ സ്വർണക്കോലം കണ്ട് അൽപ്പസമയം നിന്നു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സ്വർണക്കോലത്തി​െൻറ പ്രത്യേകതകൾ വിവരിച്ചു. കിഴക്കുഭാഗത്തു കൂടി നാലമ്പലത്തിൽ പ്രവേശിച്ച് പത്ത് മിനിറ്റോളം ശ്രീകോവിലിന് മുന്നിൽ തൊഴുകൈകളുമായി നിന്നു. കദളിപ്പഴം, നെയ്യ്, തുളസിമാല, തെച്ചിമാല, താമരമാല എന്നിവയും കാണിക്കയും സോപാനത്ത് സമർപ്പിച്ചു. മേൽശാന്തി മുന്നൂലം ഭവൻ നമ്പൂതിരി കളഭം, ചന്ദനം, പട്ട്, ഉണ്ടമാല എന്നിവ പ്രസാദമായി നൽകി. ഉപദേവരായ ഗണപതി, ഭഗവതി എന്നിവരെയും തൊഴുതു. ക്ഷേത്ര ഗോപുരത്തിനടുത്തുവെച്ച് ചെയർമാൻ കെ.ബി. മോഹൻദാസ് പ്രസാദം നൽകി. ഭരണ സമിതി അംഗങ്ങളായ ഉഴമലക്കൽ വേണുഗോപാൽ, പി. ഗോപിനാഥ്, എം. വിജയൻ, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കർരാജ് എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ ക്ഷേത്രത്തിൽ സ്വീകരിച്ചത്. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവിട്ട് 1.41നാണ് ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്നത്. കിഴക്കെനടയിൽ ജനങ്ങളെ കണ്ടപ്പോൾ സുരക്ഷ മറികടന്ന് രാഷ്ട്രപതി ജനങ്ങൾക്കടുത്തെത്തി. തുടർന്ന് കാർ മാർഗം മമ്മിയൂർ ക്ഷേത്രത്തിലേക്ക് പോയി. മലബാർ ദേവസ്വം പ്രസിഡൻറ് ഒ.കെ. വാസു, ഭരണ സമിതി അംഗം ടി.എൻ. ശിവശങ്കരൻ, കമീഷണർ കെ. മുരളി, ഡെപ്യൂട്ടി കമീഷണർ എ.വി. സദാശിവൻ, എക്സിക്യുട്ടീവ് ഓഫിസർ ടി. ബിനീഷ്കുമാർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവർ ചേർന്ന് പ്രസാദം നൽകി. ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ ഏറെ താൽപര്യപൂർവം രാഷ്ട്രപതി വീക്ഷിച്ചു. 15 മിനിറ്റോളം മമ്മിയൂരിൽ ചെലവഴിച്ച ശേഷം 2.10ഓടെ ഗെസ്റ്റ് ഹൗസിൽ തിരിച്ചെത്തി. 2.30ഓടെ ഗുരുവായൂരിൽനിന്ന് മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story