Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാങ്കറിലെ പെട്രോൾ...

ടാങ്കറിലെ പെട്രോൾ ചോർച്ച: ഉറക്കമൊഴിച്ച് നാട്ടുകാരും അധികൃതരും കാവലിരുന്നത് ആറ് മണിക്കൂർ

text_fields
bookmark_border
തൃപ്രയാർ: കണ്ടെയ്നർ ലോറിയിൽ ഇടിച്ചതിനെത്തുടർന്ന് ടാങ്കറിൽനിന്ന് പെട്രോൾ ചോർന്നതോടെ അപകടാവസ്ഥ ഒഴിവാക്കാൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും കാവലിരുന്നത് ആറ് മണിക്കൂർ. ശനിയാഴ്ച രാത്രി 10.45ഓടെ ദേശീയപാത 17 കോതകുളത്തുണ്ടായ അപകടത്തെത്തുടർന്നാണ് ടാങ്കറിൽ ദ്വാരം വീണ് പെട്രോൾ ചോർച്ച തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ പ്രത്യേകസംഘമെത്തിയത്. പൊട്ടിയ ടാങ്കറിലെ ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതോടെയാണ് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായത്. പെട്രോൾ ഒഴുകിയ ഇടത്തെല്ലാം വെള്ളമടിച്ച് നിർവീര്യമാക്കി ഫയർഫോഴ്സും പൊലീസും തിരിച്ചുപോകുമ്പോഴേക്കും നേരം വെളുത്തിരുന്നു. കൊച്ചിയിൽനിന്നും പെട്രോളുമായി കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു ടാങ്കർ. നാട്ടിക, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ അഗ്നിശമന സേനകൾ എത്തിയാണ് ഒഴുകിയ പെട്രോളിൽ വെള്ളം തളിച്ച് നിർവീര്യമാക്കിയത്. വലപ്പാട് സി.ഐ ടി.കെ. ഷൈജു, എസ്.ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം തെക്ക്, വടക്ക് ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളെ മറുവഴിയിലൂടെ വിട്ട് ഗതാഗതം നിയന്ത്രിച്ചു. പൊലീസ്, അഗ്നിശമന സേന, റിൈഫനറി സ്ക്വാഡ്, നാട്ടുകാർ എന്നിവരുടെ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ പാലക്കാട് സ്വദേശി ഊശാലി പറമ്പിൽ സിജനെ (35) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറു വരെ ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു.
Show Full Article
TAGS:LOCAL NEWS 
Next Story