Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനന്ദി, ഈ

നന്ദി, ഈ സുകൃതത്തിന്...

text_fields
bookmark_border
തൃശൂർ: ഭൂമിയിലെ ഈ സമ്മോഹന നിമിഷങ്ങൾ സമ്മാനിച്ച 'തമ്പുരാന്'നന്ദി; പൂരഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞ സുകൃതത്തിനും. മണ്ണിലും വിണ്ണിലും ആളുകളും ദൈവങ്ങളെയും ഒന്നിപ്പിക്കുന്ന അഭൗമസൗന്ദര്യ മഹോത്സവം..! പൂരം; വാക്കുകളുടെ വർണനകൾ മതിയാവുന്നില്ല. ഒരു മാത്രയുള്ള കാഴ്ചയും മതിയാവില്ല കാഴ്ചകൾക്ക്....താളങ്ങൾക്ക്... അനുഭവങ്ങൾക്ക്...ഇല്ല, പകരങ്ങളില്ല ഈ ആഘോഷത്തിന്. വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥ​െൻറ സന്നിധിയിലേക്ക് എഴുന്നള്ളിയെത്തിയപ്പോള്‍ തന്നെ, മുന്‍വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ വടക്കുംനാഥ​െൻറ മുറ്റത്തുണ്ടായിരുന്നു. ദേശങ്ങളുണര്‍ത്തിയെത്തിയ ചെറുപൂരങ്ങള്‍ പിരിഞ്ഞുപോവുമ്പോഴേക്കും നഗരം ജനസാഗരത്തില്‍ മുങ്ങി. പീലിത്തിരുമുടി ചാര്‍ത്തിയ ഉണ്ണികണ്ണെന്‍റ കോലത്തില്‍ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി മഠത്തിനുമുന്നില്‍ നായക ഗൗരവത്തിൽ ചന്ദ്രശേഖരൻ‍... രണ്ടാംപ്രമാണത്തിൽ തിമിലയിൽ താളമിട്ട് കോങ്ങാട്‍. ഇളകിയാടി ബ്രഹ്മസ്വംമഠത്തിന് മുന്നിലെ ആലിലകള്‍. കണ്ണുകളും കാതുകളും നിറഞ്ഞൊഴുകിയ പെരുങ്കടലായി ബ്രഹ്മസ്വംമഠം റോഡ്. കാഹളം മുഴക്കി ജനക്കൂട്ടം. സ്വരാജ് റൗണ്ട് ചുറ്റി പാറമേക്കാവിന് മുന്നിലെത്തിയപ്പോൾ പ്രൗഢിയിൽ പാറമേക്കാവിലമ്മയുടെ പുറപ്പാട്. തേക്കിൻകാടും സ്വരാജ് റൗണ്ടും കടക്കാനാവാത്ത ജനക്കൂട്ടം. പ്രദക്ഷിണ വഴി മുറിച്ചുകടന്ന് വടക്കുംനാഥനിലെത്തിയപ്പോൾ ഇലഞ്ഞിച്ചുവട്ടില്‍ പെരുമഴകണക്കെ ആര്‍ത്തലച്ച് വീണൊഴുകി പാണ്ടിയുടെ രൗദ്രവിസ്മയം. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണിത്തത്തില്‍ ഇടം-വലംതലയിലായി ഇരുന്നൂറ്റമ്പതോളം മേളവിശാരദര്‍ ഒന്നിച്ചണിനിരന്ന ഇലഞ്ഞിത്തറക്ക് ചുറ്റം പെരുവള്ളപ്പാച്ചില്‍പോലെ മേളക്കമ്പക്കാർ.. പുറത്തേക്കിറങ്ങിയപ്പോൾ തേക്കിൻകാടിനെയും സ്വരാജ് റൗണ്ടിനെയും എം.ഒ.റോഡിനെയും വേർതിരിക്കാനാവാത്ത വിധം ആൾക്കടലി​െൻറ ആർത്തിരമ്പൽ... നോക്കിയിരിക്കെ നിരന്ന നെറ്റിപ്പട്ടം കെട്ടിയ കരിവീരൻമാർ ആർപ്പ് വിളിച്ച് ആസ്വാദകരും ചേരിതിരിഞ്ഞു. ഉയർത്തിയ മാറി മറിയുന്ന കുടകളുടെ നിറങ്ങളിൽ പൂരക്കര നീരാടി. അവസാനമില്ലാത്ത പൂരരസത്തി​െൻറയും മേളരസത്തി​െൻറയും സമ്മേളനത്തിനൊടുവില്‍ ഓരോ പൂരപ്രേമിക്കും അടുത്ത പൂരം വരെ കാത്തിരിക്കാനുള്ള ആവേശം നല്‍കിയുള്ള മടക്കം. മതിവരാത്ത കാഴ്ചകൾ...ഇല്ല, പൂരം ഒറ്റ കാഴ്ചയിൽ മതിയാവില്ല.
Show Full Article
TAGS:LOCAL NEWS 
Next Story