Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലായിക്കുളം പദ്ധതി ...

കടലായിക്കുളം പദ്ധതി കടലാസില്‍; പൈനൂരില്‍ കുടിവെള്ളത്തിന് നെട്ടോട്ടം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഒരു വര്‍ഷം മുമ്പെ ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത കടലായിക്കുളം കുടിവെള്ളപദ്ധതി കടലാസിൽ മാത്രമായി ഒതുങ്ങി. പൈനൂര്‍- കല്ലുംകടവ് നിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തിൽ. എടത്തിരുത്തി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പെട്ട ഈ പ്രദേശത്ത് രണ്ടുമാസമായി കുടിവെള്ളം കിട്ടുന്നില്ല. പല വീടുകളിലും ശുദ്ധജല കണക്ഷന്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം നാമ മാത്രമായ വെള്ളമാണ് കിട്ടുന്നത്. പൊതുടാപ്പിനെ ആശ്രയിക്കുന്നവരുടെ ദുരിതം ഇരട്ടിയാണ്. അര്‍ധരാത്രി എത്തുന്ന വെള്ളവും കാത്ത് റോഡില്‍ ഓലക്കീറില്‍ കിടക്കുകയാണ് തങ്ങളെന്ന് വീട്ടമ്മമാര്‍ കണ്ണീരോടെ പറയുന്നു. കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ പറമ്പിലെ കിണറ്റില്‍നിന്ന് തലച്ചുമടായും അറബാനയിലും ഓട്ടോ റിക്ഷയിലും ഒക്കെയാണ് വെള്ളം കൊണ്ടുവരുന്നത്. ഒരു ദിവസത്തെ ഇവരുടെ പ്രധാന ജോലിതന്നെ വെള്ളം ശേഖരിക്കലാണ്. വീട്ടില്‍ വെള്ളം കൊണ്ടുവരാന്‍ ആളില്ലാത്തവര്‍ 500 ലിറ്റര്‍ വെള്ളത്തിന് 200 രൂപ എന്ന തോതില്‍ വെള്ളം വാങ്ങുകയാണ്. ആഴ്ചയില്‍ ഒരുതവണയെങ്കിലും കുളിക്കാന്‍ കഴിയാത്ത അവസ്ഥയാണ് തങ്ങള്‍ക്കെന്ന് നാട്ടുകാര്‍ പറഞ്ഞു. അറ്റകുറ്റപ്പണി കാരണമോ മറ്റോ വെള്ളം മുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും കഴിയാതെ പൈനൂരില്‍ വെള്ളമെത്തില്ല. പലയിടത്തും കുടിവെള്ള ടാപ്പ് ഇരിക്കുന്ന ഭാഗം കുഴിച്ച് പൈപ്പ് താഴ്ത്തി വെച്ചിരിക്കുകയാണ്. വെള്ളം വരുന്നില്ലെങ്കിലും വാട്ടര്‍ അതോറിറ്റി കൃത്യമായി ബില്ല് തുക വാങ്ങുന്നുണ്ട്. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്നം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് കടലായിക്കുളം കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. ഇന്നസ​െൻറ് എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. കേരള വാട്ടര്‍ അതോറിറ്റിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. പക്ഷെ, ഉദ്യോഗസ്ഥ ലോബിയുടെ പാര പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് എന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. നാട്ടിക ഫർക്കയുടെ സമഗ്ര കുടിവെള്ള പദ്ധതി വരുന്നതിനാൽ കടലായിക്കുളം പദ്ധതി ആവശ്യമില്ലെന്ന നിലപാടിലാണ് ഈ പദ്ധതി പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story