Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂര്‍ സര്‍ക്യൂട്ട്...

തൃശൂര്‍ സര്‍ക്യൂട്ട് ടൂറിസം പദ്ധതി വൻ 'ഹിറ്റ്​'

text_fields
bookmark_border
തൃശൂര്‍: ജില്ലയിലെ ടൂറിസം സ്രോതസ്സുകളുടെയും സാധ്യതകളുടെയും വാതായനം സഞ്ചാരികള്‍ക്ക് തുറന്നിട്ട് നടപ്പാക്കിയ 'തൃശൂര്‍ സര്‍ക്യൂട്ട് ടൂറിസം' പദ്ധതി വൻ വിജയം. കഴിഞ്ഞ വർഷം ഏപ്രിലിൽ തുടങ്ങിയ പദ്ധതി ഒരു വർഷമെത്തുമ്പോൾ ജനം ഏറ്റെടുത്തെന്നാണ് ടൂറിസം വകുപ്പി​െൻറ വിലയിരുത്തൽ. ഇന്ത്യയിലെ ആദ്യ ഓര്‍ഗനൈസ്ഡ് ടൂറിസം പദ്ധതിയെന്ന നിലയിൽ ശ്രദ്ധ നേടിയ പദ്ധതി ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്. തൃശൂർ പൂരം, പുലിക്കളി, അതിരപ്പിള്ളി വെള്ളച്ചാട്ടം, ഗുരുവായൂര്‍ തീര്‍ഥാടനം എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന ജില്ലയിലെ ടൂറിസത്തി​െൻറ അനന്തസാധ്യതകള്‍ ലക്ഷ്യംവെച്ചായിരുന്നു പദ്ധതി തുടങ്ങുന്നത്. ജില്ലയിലെ വിവിധ മേഖലകളെ ബ്ലൂ(വാട്ടര്‍ ടൂറിസം), ബ്രൗണ്‍(ഡാം ടൂറിസം), യെല്ലോ(കള്‍ച്ചറല്‍ ടൂറിസം), ഓറഞ്ച്(മുസ്രിസ് ഹെറിറ്റേജ് ടൂറിസം), ഗ്രീന്‍ (ബാക്ക് വാട്ടര്‍ ടൂറിസം), റെഡ്- 1 (അസോര്‍ട്ടഡ് ടൂറിസം) എന്നിങ്ങനെ ആറ് സര്‍ക്യൂട്ടുകളായി തിരിച്ച് വിഭാവനം ചെയ്ത പദ്ധതിക്ക് ഈ മധ്യവേനലവധിയിലും ബുക്കിങ് തിരക്കിലാണെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറയുന്നു. മേയ് ആദ്യവാരം വരെ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. കുടുംബത്തിനോ സൗഹൃദക്കൂട്ടങ്ങൾക്കോ സർക്യൂട്ട് ടൂറിസം ഉപയോഗപ്പെടുത്താം. തൃശൂര്‍ നഗരത്തില്‍നിന്ന് രാവിലെ ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം, സമയ ക്രമീകരണം, റൂട്ട് മാപ്പ് എന്നിവ ഉള്‍പ്പെടുത്തി വൈകീട്ടോടെ നഗരത്തില്‍ തിരിച്ചെത്തും വിധം തയാറാക്കിയ സർക്യൂട്ടിൽ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡും ഭക്ഷണവും താമസവും ഉൾപ്പെടെയുണ്ട്. പ്രധാന ഹോട്ടലുകള്‍, ടൂര്‍ ഓപറേറ്റേഴ്സ്, പ്രമുഖ ടൂര്‍ വെബ്സൈറ്റുകള്‍ എന്നിവയും സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ജി.പി.എസ് സെക്യൂരിറ്റി ആപ്പ് സംവിധാനവും ഉണ്ട്. സാംസ്കാരിക നഗരിയെന്ന പെരുമയുണ്ടെങ്കിലും കൾച്ചറൽ ടൂറിസത്തിലാണ് നിലവിൽ സർക്യൂട്ട് ടൂറിസത്തിൽ ചെറിയ പിറകോട്ടടിയുള്ളത്. ക്രമീകരിച്ച സമയത്ത് കലാമണ്ഡലത്തിൽ കലാപരിപാടികൾക്ക് പലപ്പോഴും കഴിയുന്നില്ലേത്ര. ഇത് മറികടക്കാനുള്ള ശ്രമമുണ്ടെന്ന് അധികൃതർ പറഞ്ഞു. അസി. കലക്ടറായിരുന്ന എം.വി. ആര്‍. കൃഷ്ണ തേജയാണ് ടി.സി.ടി പദ്ധതി തയാറാക്കിയത്. ഫാം ടൂറിസം കൂടി ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് വിപുലീകരിക്കുകയും സംസ്ഥാനത്തെതന്നെ മറ്റ് മേഖലകളിലേക്കും സർക്യൂട്ട് ടൂറിസത്തെ വിപുലപ്പെടുത്താനുള്ള പദ്ധതിയൊരുങ്ങുകയാണെന്ന് വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. സർക്യൂട്ട് ടൂറിസം പദ്ധതി ഇങ്ങനെ- ബ്ലൂ സര്‍ക്യൂട്ട്: വാഴച്ചാല്‍, ചാര്‍പ്പ, അതിരപ്പിള്ളി, തുമ്പൂര്‍മൂഴി വെള്ളച്ചാട്ടങ്ങളും മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചും ഉള്‍പ്പെടുന്ന വാട്ടര്‍ ടൂറിസം: സമയം രാവിലെ 7.00-വൈകു. 6.30. ബ്രൗണ്‍ സര്‍ക്യൂട്ട്: ചിമ്മിനി, പീച്ചി, വാഴാനി, പൂമല ഡാമുകളും വിലങ്ങന്‍കുന്നും ഉള്‍പ്പെടുന്ന ഡാം ടൂറിസം: രാവിലെ 8.00-- 7.00. യെല്ലോ സര്‍ക്യൂട്ട്: കേരള കലാമണ്ഡലം, പപ്പറ്റ് ആര്‍ട്ട് ഗാലറി, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മ്യൂസിയം, മൃഗശാല, ആയുര്‍വേദ മ്യൂസിയം ഉള്‍പ്പെടുന്ന കള്‍ചറല്‍ ടൂറിസം: 8.00 -7.00. ഓറഞ്ച് സര്‍ക്യൂട്ട്: പറവൂര്‍ സിനഗോഗ്, കോട്ടപ്പുറം, ഫോര്‍ട്ട്, പാലിയം കോവിലകം, പാലിയം നാലുകെട്ട്, പട്ടണം അവശേഷിപ്പ് പ്രദേശം ഉള്‍പ്പെടുന്ന മുസ്രിസ് പൈതൃക ടൂറിസം: 8.00- -7.00. ഗ്രീന്‍ സര്‍ക്യൂട്ട്: ചിമ്മിണി, മൂന്നുമണിക്കൂര്‍ യാത്ര ഉള്‍പ്പെടുന്ന ചേറ്റുവ- എനാമാവ് (കോടമുക്ക് പുഴതീരം, പുളിക്കകടവ്, ചേറ്റുവ ഐലൻഡ്, ചേറ്റുവ ഹാര്‍ബര്‍), സ്നേഹതീരം ബീച്ച് ഉള്‍പ്പെടുന്ന ബാക്ക് വാട്ടര്‍ ടൂറിസം: 8.00- -7.00. റെഡ് സര്‍ക്യൂട്ട്-1: വിലങ്ങന്‍കുന്ന്, വാഴാനി ഡാം, കാഴ്ചബംഗ്ലാവ്-, മ്യൂസിയം, സ്നേഹതീരം ബീച്ച് എന്നിങ്ങനെ വ്യത്യസ്തമായ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയ അസോര്‍ട്ടഡ് ടൂറിസം: 8.00 -7.00.
Show Full Article
TAGS:LOCAL NEWS 
Next Story