Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടികൊള്ളാൻ ചെണ്ട;...

അടികൊള്ളാൻ ചെണ്ട; വലിച്ചുമുറുക്കാൻ സുകുമാര മാരാര്‍

text_fields
bookmark_border
കൊടകര: പതിനെട്ട് വാദ്യങ്ങള്‍ക്കും മീതെ നില്‍ക്കുന്ന വാദ്യവിശേഷമായ ചെണ്ടയുടെ നാദം കൂടുതൽ ശ്രവണസുന്ദരമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് നെല്ലായി വയലൂരിലെ സുകുമാര മാരാര്‍. ചെണ്ട വലിച്ചുമുറുക്കി ശബ്ദസൗകുമാര്യം വരുത്തുന്നതില്‍ ഇദ്ദേഹത്തിന് അസാധാരണ വൈഭവമുണ്ട്. ഉത്സവകാലമെത്തിയാൽ സുകുമാര മാരാര്‍ തിരക്കിലാകും. മേള കലാകാരന്‍ പോറോത്ത് ശങ്കരമാരാരുടെ മകനായ ഇദ്ദേഹം ഇരുപതാം വയസ്സുമുതല്‍ വാദ്യരംഗത്തും ചെണ്ടവലിയിലും ഒരു പോലെ മികവ് പുലര്‍ത്തുന്നു. അച്ഛനോടൊപ്പം വലംതല മേളക്കാരനായാണ് വാദ്യരംഗത്ത് തുടക്കം കുറിച്ചത്. അച്ഛ​െൻറ ചെണ്ട വലിച്ചുമുറിക്കിയായിരുന്നു ചെണ്ടവലിയിലെ അരങ്ങേറ്റം. ഉത്സവകാലം തുടങ്ങുന്നതിനുമുമ്പ് എല്ലാ വാദ്യകലാകാരന്മാരും ചെണ്ട വലിച്ചുമുറുക്കി ശബ്ദസൗകുമാര്യം ഉറപ്പാക്കും. കൈകൊണ്ട് വലിച്ചുമുറുക്കുന്ന രീതിയാണ് പരമ്പരാഗതമായി പിന്തുടരുന്നതെങ്കിലും യന്ത്രം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, സുകുമാര മാരാരുടെ കൈകൊണ്ട് തന്നെ ചെണ്ട വലിച്ചുമുറുക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് പല വാദ്യകലാകാരന്മാരും. ചെണ്ട വലിച്ചുമുറുക്കുന്നതില്‍ സുകുമാര മാരാര്‍ക്ക് ചില ചിട്ടകളൊക്കെയുണ്ട്. ചെണ്ടയുടെ ഉടമയല്ലാതെ മറ്റാരെയും കാണാന്‍ അനുവദിക്കാറില്ല. ചെണ്ടയെ തൊട്ടുനമസ്‌കരിച്ച ശേഷം മുന്നില്‍കുത്തി നിര്‍ത്തിയാണ് ജോലി തീർക്കുക. അരയിലെ ചെണ്ടക്കച്ചയില്‍ കെട്ടിയ കൊക്കി എന്നുപേരുള്ള ഇരുമ്പുകൊളുത്ത് ഉപയോഗിച്ച് ചെണ്ട വലിച്ചുപിടിക്കും. തുടര്‍ന്ന് ഇരുകാലുകളും ഉപയോഗിച്ച് ഓരോ കണ്ണിയും വലിച്ചുമുറുക്കും. 12 കണ്ണിയിലും കൃത്യതയോടെ ചരട് മുറുക്കിയാണ് ചെണ്ടയുടെ നാദം ശരിയാക്കുക. വലിച്ചുമുറുക്കിയ ശേഷം ഇടം തലയും വലംതലയും കൊട്ടി നോക്കി ശബ്ദം ഉറപ്പാക്കും. ഒരു ചെണ്ട വലിച്ചുമുറുക്കാൻ ഒരു മണിക്കൂർ വേണ്ടിവരും. വയലൂരിലെ വീട്ടിലിരുന്നും വിവിധ മേളപ്രമാണിമാരുടെ വീടുകളിലെത്തിയും സുകുമാരന്‍ ചെണ്ടവലിക്കും. ആദ്യമൊക്കെ ദിവസേന എട്ടുചെണ്ടകള്‍ വരെ ശരിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ നാലോ അഞ്ചോ മാത്രമേ വലിക്കാറുള്ളൂവെന്ന് സുകുമാര മാരാര്‍ പറഞ്ഞു. പെരുവനം കുട്ടന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ തുടങ്ങിയ പ്രശസ്ത വാദ്യകലാകാരന്മാരുടെ ചെണ്ടകള്‍ വിലിച്ചുമുറുക്കിയിട്ടുണ്ട്. പ്രമുഖ വാദ്യകലാകാരന്മാരുടെ മേളനിരയിലെ വലംതല പ്രമാണി കൂടിയാണ് 57 കാരനായ സുകുമാര മാരാര്‍. ചക്കംകുളം അപ്പുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, തൃപ്പേക്കുളം അച്യുത മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍ എന്നിവരോടൊപ്പം വലംതല മേളനിരയില്‍ അണിനിരന്ന ഇദ്ദേഹം പെരുവനം കുട്ടന്‍മാരാർ, പെരുവനം സതീശന്‍മാരാര്‍, ചെറുശേരി കുട്ടന്‍മാരാര്‍ തുടങ്ങിയവരുടെ മേളനിരയിലും സജീവ സാന്നിധ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story