Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ വായ്പ...

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി പാളി; നാലായിരം പേർ കടക്കെണിയിൽ

text_fields
bookmark_border
തൃശൂർ: ബാങ്കുകളുടെ കടുംപിടിത്തം മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായപദ്ധതികള്‍ ലഭിക്കാത്തതിനാൽ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ദുരിതത്തില്‍. വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിയില്‍നിന്ന് ഭൂരിഭാഗം പേരും പുറത്തായി. ജില്ലയില്‍ നാലായിരത്തോളം പേരാണ് വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാനാവാതെ കടക്കെണിയിലായത്. സംസ്ഥാനത്ത് ഇത് നാല് ലക്ഷമെന്നാണ് കണക്ക്. ജപ്തി നടപടി അവസാനിപ്പിക്കണമെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് 27ന് വിദ്യാർഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിയെ കാണും. പഠനം പൂര്‍ത്തിയായ ശേഷം സ്ഥിരം തൊഴിലും മെച്ചപ്പെട്ട വരുമാനവും ലഭിക്കാത്തതിനാല്‍ വായ്പ ബാധ്യത തിരിച്ചടക്കാനാവാത്തവരാണ് ഭൂരിപക്ഷവും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ല എന്ന ന്യായത്തില്‍ ബാങ്ക് വായ്പ ആധാരമാക്കി പഠനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. എന്നാല്‍, ഇങ്ങനെ പഠിച്ചിറങ്ങിയവര്‍ക്ക് മെച്ചപ്പെട്ട തൊഴിലും ശമ്പളവും ഉറപ്പില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതി പ്രകാരം കിട്ടാക്കടമായി മാറിയ അക്കൗണ്ടുകള്‍ക്ക് എടുത്ത തുകയുടെ 40 ശതമാനം അടച്ച് വായ്പ ബാധ്യത അവസാനിപ്പിക്കാനും കുടിശ്ശിക വരുത്തിയവര്‍ക്ക് 40 ശതമാനം തുകയടച്ച് വായ്പയുടെ തിരിച്ചടവ് ക്രമപ്പെടുത്താനുമായിരുന്നു അവസരം. എന്നാൽ, പലിശ പൂര്‍ണമായി ഒഴിവാക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതിനാല്‍ ഈ ആനുകൂല്യം പ്രയോജനപ്പെട്ടില്ല. ഉന്നത വിദ്യാഭ്യാസത്തി​െൻറ ചുമതല സര്‍ക്കാര്‍ കൈയൊഴിഞ്ഞതും സ്വകാര്യ മേഖലയിലേക്ക് വിദ്യാഭ്യാസ മേഖലയെ തുറന്നുവിട്ടതുമാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ചതിക്കുഴിയിലേക്ക് തള്ളിവിട്ടതെന്ന് പാരൻറ്സ് അസോസിയേഷൻ ആരോപിക്കുന്നു. വിദ്യാഭ്യാസ വായ്പ മൂലം കടക്കെണിയിലായവരുടെ മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായപദ്ധതിയിലെ നിര്‍ധനരെ അവഗണിക്കുന്ന ഉപാധികള്‍ പിന്‍വലിക്കണമെന്നും ജപ്തി നിയമനടപടി അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 27ന് വിദ്യാർഥികളും രക്ഷിതാക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്താനും തൃശൂരിൽ ചേർന്ന പാരൻറ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story