Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഞാറ്റടിയിൽ കോടിയേരി;...

ഞാറ്റടിയിൽ കോടിയേരി; തളിയാംകുന്ന് പാടത്ത് ആവേശം പതഞ്ഞു

text_fields
bookmark_border
ഒല്ലൂർ: നീണ്ട ഇടവേളക്ക് ശേഷം തൃശൂർ നഗരാതിർത്തിയിലെ പുത്തൂർ തളിയാംകുന്ന് പാടത്ത് ഞാറ്റുപാട്ടുയർന്നു. ഒപ്പം വിപ്ലവ ഗാനങ്ങളും നാടൻ പാട്ടുകളും... പാട്ടലകൾ പതപ്പിച്ച് കയറ്റിയ ആവേശവും അഭിമാനവും നുരഞ്ഞ് പൊങ്ങുന്ന അന്തരീക്ഷത്തിൽ കള്ളിമുണ്ട് ഉടുത്ത്, തലയില്‍ തോര്‍ത്ത് മുറുക്കി കെട്ടി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാടത്തേക്കിറങ്ങി ഒരുക്കി നിർത്തിയ ഞാറ്റുനടീല്‍ യന്ത്രത്തിനടുത്തേക്ക് ചളിയിലൂടെ നടന്നു. പിന്നാലെ, ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണനും സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു എം.പിയും. യന്ത്രത്തിൽ കയറിയ കോടിയേരിക്ക് അത് വഴങ്ങുമോ എന്ന് ആശങ്കപ്പെട്ട് നിന്ന അനുയായികളെ അമ്പരപ്പിച്ച് അദ്ദേഹം അതിനെ ചിരപരിചിതനെ പോലെ മെരുക്കി നീക്കിയപ്പോൾ പിറകിൽ വരിവരിയായി ഞാറ് നിരന്നു. വരമ്പില്‍ കൂടിനിന്നവരുടെ മുദ്രാവാക്യം വിളി ഞാറ്റുപാട്ടുകളുടെയും വിപ്ലവ ഗാനങ്ങളുടെയും പശ്ചാത്തലത്തിൽ ആർപ്പുവിളിയായി മാറി. ഞാറ് നടീൽ കഴിഞ്ഞ് പാടത്തിനരികിലെ നീർച്ചാലിൽ കൈകാലുകളും മുഖവും കഴുകിയെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കട്ടൻ ചായയുമെത്തി. കപ്പയും ചമ്മന്തിയും ആവോളം കഴിച്ച് ചായയും കുടിച്ച് പാർട്ടി പ്രവർത്തകരോട് സൗഹൃദം പങ്കുവെച്ചും നാട്ടുകാരോട് കുശലം പറഞ്ഞും കുറേ നേരം. പിന്നെ കോടിയേരിയും കൂട്ടരും മടങ്ങി. ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് എത്തുന്നവർക്ക് ഭക്ഷണത്തിന് അരിയൊരുക്കാനുള്ള ജൈവകൃഷിയുടെ ഞാറ് നടീലി​െൻറ ഉദ്ഘാടനം പുത്തൂരി​െൻറ ഉത്സവമായി. 2018 ഫെബ്രുവരി 22 മുതല്‍ 25വരെ തൃശൂരിലാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. 600ഒാളം പ്രതിനിധികളടക്കം ആയിരത്തോളം പേർ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു ദിവസത്തെ ഭക്ഷണം ഒരുക്കാനാണ് അരി ഉല്‍പാദിപ്പിക്കുന്നത്. സി.പി.എമ്മി​െൻറയും വർഗ ബഹുജന സംഘടനകളുടെയും കൂട്ടായ്മയിലാണ് കൃഷി ചെയ്യുന്നത്. ഏറക്കാലം തരിശിട്ട പാടത്ത് കഴിഞ്ഞ വർഷം സി.പി.എം നിയന്ത്രണത്തിലുള്ള കർഷക സൊസൈറ്റി കൃഷിയിറക്കിയിരുന്നു. ഇവിടെയാണ് സി.പി.എം ഇത്തവണ കൃഷി ചെയ്യുന്നത്. നാേലക്കറില്‍ ജ്യോതി നെല്‍വിത്താണ് ഇറക്കിയത്. ഗ്രീന്‍ ആര്‍മി മാതൃകയിലുള്ള കൃഷിക്ക് പുത്തൂര്‍ കാര്‍ഷിക- കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘമാണ് സാങ്കേതിക സഹായം നല്‍കുന്നത്. നെല്‍കൃഷിക്കൊപ്പം പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവയും സമ്മേളനത്തി​െൻറ ഭാഗമായി ചെയ്യും. ഞാറ് നടീലി​െൻറ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. പോള്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍, പുത്തൂര്‍ പള്ളി വികാരി ഫ്രാന്‍സിസ് തരകന്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു എം.പി, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ എം.എം. വര്‍ഗീസ്, യു.പി. ജോസഫ്, പി.കെ. ഡേവീസ്, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൊച്ചിന്‍ ദേവസ്വം പ്രസിഡൻറ് എം.കെ. സുദര്‍ശനന്‍, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംയോജിത കൃഷി സി.പി.എം നടപ്പാക്കും -കോടിയേരി ഒല്ലൂർ: സി.പി.എം നേതൃത്വത്തില്‍ സംയോജിത കൃഷി നടപ്പാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ ഭക്ഷണം ഒരുക്കാനുള്ള ജൈവ നെല്‍കൃഷിയുടെ ഞാറുനടീല്‍ ഉദ്ഘാടനം പുത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തി​െൻറ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളെല്ലാം വിപണിയില്‍നിന്ന് വാങ്ങാതെ കൃഷിയിറക്കിയും ജനകീയമായും സംഭരിക്കും. നെല്ല്, പച്ചക്കറി, മത്സ്യം എന്നിവ കൃഷിയിറക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ജൈവകൃഷിയിറക്കി വ്യാപിപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഇത് വിജയകരമായി തുടരുകയാണ്. ഓണനാളുകളില്‍ 2000 വിപണനകേന്ദ്രങ്ങള്‍ തുറന്ന് വിഷരഹിതപച്ചക്കറി വില്‍പന നടത്തി. അടുത്ത ഘട്ടത്തില്‍ പച്ചക്കറിക്കൊപ്പം മറ്റു കൃഷികളും ഉള്‍പ്പെടുത്തി സംയോജിത കൃഷി നടത്തും. പച്ചക്കറി, അരി, മത്സ്യകൃഷി എന്നിവക്കൊപ്പം ആട്, കോഴി, എരുമ, പശു തുടങ്ങി മാടുകൃഷി നടത്തി പാല്‍ ഉല്‍പാദനവും മാംസോല്‍പാദനവും ലക്ഷ്യം വെക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കൂടുതല്‍ ശക്തി നേടാൻ ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും. മതനിരപേക്ഷത, ജനകീയ വികസന നയം എന്നിവ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. കോര്‍പറേറ്റ്വത്കരണത്തിന് ബദല്‍ മാതൃക നയങ്ങളാണ് സി.പി.എം സ്വീകരിക്കുന്നത്. സാംസ്കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവ വ്യാപകമായി സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story