Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുമഴയുടെ ബാക്കി; 200 ...

പെരുമഴയുടെ ബാക്കി; 200 ഏക്കർ നെല്‍കൃഷി വെള്ളത്തിൽ

text_fields
bookmark_border
ആമ്പല്ലൂര്‍-: രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ അഞ്ച് പാടശേഖരങ്ങളിലെ 200 ഏക്കറിലേറെ നെല്‍കൃഷി വെള്ളത്തിലായി. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തോടുകളിലൂടെ വെള്ളം പാടത്തേക്ക് കയറുകയായിരുന്നു. കരയാംപാടം, കൊളക്കാട്ടില്‍, ഉപ്പുഴി എന്നീ പാടശേഖരങ്ങളില്‍ 115 ഏക്കറില്‍ കൊയ്ത്തിന് പാകമായ വിരിപ്പ് കൃഷിയും വേലൂപ്പാടം, കൊളക്കാട്ടില്‍ പാടശേഖരങ്ങളിൽ നൂറിലേറെ ഏക്കര്‍ മുണ്ടകന്‍ കൃഷിയുടെ ഞാറും വെള്ളത്തില്‍ മുങ്ങി. നട്ട് പത്തുദിവസമായ ഞാറാണ് നശിച്ചത്. അഞ്ച് പാടശേഖരങ്ങളിലായി കൃഷിയിറക്കിയ അറുനൂറോളം കര്‍ഷകരാണ് ദുരിതത്തിലായത്. വെള്ളക്കെട്ട് തുടര്‍ന്നാല്‍ നെൽക്കതിരുകള്‍ ചീഞ്ഞ് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വരന്തരപ്പിള്ളി കൃഷി വകുപ്പ് അധികൃതര്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോടാലി: കൊയ്ത്തിന് പാകമായ നെല്‍ചെടികള്‍ വെള്ളത്തിലായത് കോടാലി പാടത്തെ കര്‍ഷകരെ നിരാശയിലാക്കി. മറ്റത്തൂരിലെ വിസ്തൃതമായ കോടാലി പാടത്തെ പകുതിയോളം ഭാഗത്തെ വിരിപ്പുകൃഷിയാണ് മഴയെ തുടര്‍ന്ന് വെള്ളത്തിലായത്. തിങ്കളാഴ്ചയോടെ മഴ ശമിച്ച് പാടത്തെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴയില്‍ വെള്ളത്തിലേക്ക് ചാഞ്ഞ കതിര്‍കുലകള്‍ നശിക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. മഴ തുടര്‍ന്നാല്‍ കതിര്‍കുലകളിലെ നെല്‍മണികള്‍ മുളച്ചുനശിക്കുമെന്ന് കോടാലി പാടശേഖരത്തിലെ കര്‍ഷകനായ സുബ്രന്‍ പറഞ്ഞു. മഴ പിന്‍വാങ്ങിയാലും വെള്ളത്തിലേക്ക് ഒടിഞ്ഞുവീണ നെല്‍ചെടികളിലെ കതിര് കൊയ്‌തെടുക്കാന്‍ കിട്ടില്ല. നല്ല വിളവ് പ്രതീക്ഷിച്ച് ഇത്തവണ കോടാലി പാടത്ത് വിരിപ്പുകൃഷി ചെയ്തവര്‍ക്ക് നെല്ലുല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ മഴയും വെള്ളക്കെട്ടും കാരണമാകും. മറ്റത്തൂരില്‍ വിരിപ്പുകൃഷി ചെയ്യുന്ന അപൂര്‍വം പാടശേഖരങ്ങളിലൊന്നാണ് കോടാലി. ജയ, ശ്രേയ തുടങ്ങിയ വിത്തിനങ്ങളാണ് ഇത്തവണ വിരിപ്പുകൃഷിക്ക് ഉപയോഗിച്ചത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ശക്തമായ മഴയോ വെള്ളക്കെട്ടോ ഇല്ലാതിരുന്നതിനാല്‍ കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു. സമീപത്തെ വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകി ഞായറാഴ്ച രാത്രിയോടെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ കോടാലിപാടത്തുനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതി​െൻറ ആശ്വാസത്തിലാണ് കര്‍ഷകർ.
Show Full Article
TAGS:LOCAL NEWS 
Next Story