Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യത്തിൽനിന്ന്...

'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' ഉത്തരവാദിത്തം ഏറ്റെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ

text_fields
bookmark_border
തൃശൂർ: മാലിന്യത്തിൽനിന്ന് നാടിനെ മുക്തമാക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപന‍ങ്ങളിൽ പാളുന്നു. സ്വാതന്ത്ര്യദിനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' ഉത്തരവാദിത്തം എറ്റെടുക്കൽ പ്രഖ്യാപനം നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ കടലാസിലൊതുങ്ങി. വിപുലമായ പരിപാടികളാണ് ആഗസ്റ്റ് 15ന് നടത്തിയത്. മന്ത്രിമാർ, എം.പി, എം.എൽ.എ ഉൾെപ്പടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും ലഘുലേഖ വിതരണവും നടത്തി. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനവും പ്രതിജ്ഞയും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടന്നു. പദ്ധതി പ്രകാരം സെപ്്റ്റംബർ 15ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല ശുചിത്വ, മാലിന്യസംസ്കരണ പ്ലാൻ അവതരിപ്പിക്കണമായിരുന്നു. എന്നാൽ, ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഇതുവരെ പ്ലാൻ തയാറായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ ആവിഷ്കരിച്ച മാലിന്യസംസ്കരണ പദ്ധതി ഏതൊക്കെ പ്രദേശങ്ങളിൽ മാർഗരേഖക്ക് അനുസൃതമാണെന്ന് കണ്ടെത്തുക, മെച്ചപ്പെടുത്തൽ ആവശ്യമായ സ്ഥലങ്ങളിൽ മാതൃകാപദ്ധതികൾ തയാറാക്കി നൽകുക, എല്ലാ പ്രദേശങ്ങൾക്കും അജൈവ, വിഷലിപ്ത മാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള പദ്ധതി തുടങ്ങിയവ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ സമഗ്ര ശുചിത്വ പദ്ധതിക്ക് അംഗീകാരം നൽകുകയെന്നതായിരുന്നു ലക്ഷ്യം. പദ്ധതി അംഗീകരിച്ചശേഷം ഒക്ടോബർ പകുതിയോടെ ഹരിത കർമസേന രൂപവത്കരിക്കണമെന്നായിരുന്നു നിർദേശം. സമഗ്ര ശുചിത്വ പദ്ധതിക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥയിൽ കർമസേന രൂപവത്കരണവും നീളാനാണ് സാധ്യത. നവംബർ ഒന്നിനാണ് തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വ പ്രോജക്ടുകൾ ആരംഭിക്കേണ്ടത്. മാലിന്യസംസ്കരണത്തിൽ വ്യക്തമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ പ്ലാനിങ് ഇല്ലാത്തതാണ് പ്രതിസന്ധി. മാർഗനിർദേശങ്ങൾ താത്തേട്ടുവരെ നൽകിയെങ്കിലും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. പദ്ധതി വിനിയോഗത്തിൽത്തന്നെ ഇഴയുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതികളൊന്നും വിജയിക്കാത്ത അവസ്ഥയാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തേണ്ട മാലിന്യനിർമാർജന പദ്ധതി ഉദ്ഘാടന മാമാങ്കത്തിനുശേഷം പഴയതുപോലെയായി. കാടിളക്കിയുള്ള ഭവനസന്ദർശനവും ലഘുലേഖ വിതരണവും ഒഴിച്ചാൽ തുടർ നടപടികളെന്തായെന്ന് ജനപ്രതിനിധികൾ അന്വേഷിക്കുന്നില്ല. മാലിന്യക്കൂമ്പാരം പകർച്ചവ്യാധി ഭീഷണി അപകടകരമായ രീതിയിൽ ഉയർത്തുമ്പോഴും കാണേണ്ടവർ കാണാത്ത കാഴ്ചയാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story