Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപദ്ധതി നിർവഹണം:...

പദ്ധതി നിർവഹണം: പഞ്ചായത്ത്​ സെക്രട്ടറിമാർ ഉത്തരം പറ​യണം

text_fields
bookmark_border
തൃശൂർ: പദ്ധതിച്ചെലവില്‍ എറ്റവും പിന്നിലായ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരോട് വിശദീകരണം ചോദിക്കാന്‍ വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓഡിനേഷന്‍ സമിതി തീരുമാനിച്ചു. പദ്ധതികൾക്ക് മുൻകൂട്ടി അനുമതി നൽകിയിട്ടും നിർവഹണം ഇഴയുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറിമാരെ പിടികൂടാൻ സമിതി തീരുമാനിച്ചത്. നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടും തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിർവഹണം ഒരിടത്തുമെത്തിയിട്ടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പദ്ധതി നിർവഹണം പൂർണതയിലെത്തണമെന്ന ലക്ഷ്യത്തിൽ മികച്ച ഒരുക്കമാണ് നടത്തിയിരുന്നത്. ജൂണ്‍ 15നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതി സമര്‍പ്പണത്തില്‍ വീഴ്ച വരുത്തിയ സെക്രട്ടറിമാര്‍ക്കും എൻജിനീയര്‍മാര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുകയും കര്‍ശന നിര്‍ദേശം നൽകുകയും ചെയ്തു. എല്ലാം നടപ്പാക്കിയിട്ടും പദ്ധതി ചെലവിലുള്ള മെല്ലെപ്പോക്ക് കോ-ഓഡിനേഷന്‍ സമിതി ഗൗരവമായാണ് കാണുന്നത്. ഓണാവധിക്കു മുമ്പുള്ള കണക്ക് പ്രകാരം 14.16 ശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണം. നഗരസഭകള്‍ 16.72 ശതമാനം, ഗ്രാമപഞ്ചായത്ത് 15.80, ബ്ലോക്ക് പഞ്ചായത്ത് 12.54, കോര്‍പറേഷന്‍ 11.38, ജില്ല പഞ്ചായത്ത് 9.07 എന്നിങ്ങനെയാണ്. മറ്റു വകുപ്പുകളില്‍ പണം മുന്‍കൂറായി അടച്ചു ചെയ്യുന്ന പ്രവൃത്തികളുടെ ബില്ലുകള്‍ ട്രഷറിയില്‍ നല്‍കി തുക ബന്ധപ്പെട്ട സ്ഥാപനത്തില്‍ അടയ്ക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. ഇപ്രകാരമുള്ള െഡപ്പോസിറ്റ് തുകയുടെ ബില്ലുകള്‍ ഇത്വരെ നല്‍കിയിട്ടില്ലെങ്കില്‍ കാരണം വകുപ്പ് മേധാവികള്‍ക്ക് നല്‍കണം. െഡപ്പോസിറ്റ് പ്രവൃത്തികളുടെ വിവരങ്ങള്‍ അടുത്ത കോ-ഓഡിനേഷന്‍ സമിതിയില്‍ അവതരിപ്പിക്കാനും മേധാവികള്‍ക്ക് നിർദേശം നല്‍കി. നിർവഹണത്തിൽ തടസ്സമാകുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ തദ്ദേശ സ്ഥാപന വകുപ്പ് മേധാവികൾ, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിർവഹണത്തിൽ മുന്നിലെത്തുകയും താഴെ പോവുകയും ചെയ്ത 10 വീതം സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമുണ്ട്. ഗ്രാമപഞ്ചായത്ത്‍, ബ്ലോക്ക് പഞ്ചായത്ത്‍, നഗരസഭ‍, കോർപറേഷൻ‍, ജില്ല പഞ്ചായത്ത് എന്നിവയുടെ പട്ടിക പ്രത്യേകം പരസ്യപ്പെടുത്തും.
Show Full Article
TAGS:LOCAL NEWS 
Next Story