Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് പാർപ്പിട പദ്ധതി:...

ലൈഫ് പാർപ്പിട പദ്ധതി: നഷ്​ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി

text_fields
bookmark_border
തൃശൂർ: ലൈഫ് പാർപ്പിട പദ്ധതി‍യിൽ നഷ്്ടപ്പെട്ട ഗുണഭോക്തൃ വിവരങ്ങൾ വീണ്ടും ചേർക്കാൻ ശ്രമം തുടങ്ങി. സെർവറിലെ സാങ്കേതിക തകരാർ മൂലം ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങളാണ് നഷ്ടമായത്. ഇതോടെ അപ്പീലുകൾ പരിഗണിച്ച് ആഗസ്റ്റ് 31ന് കരടുപട്ടിക പ്രസിദ്ധീകരിക്കുമെന്ന തീരുമാനം നടപ്പാക്കാൻ കഴിഞ്ഞില്ല. നഷ്്ടമായ വിവരങ്ങൾ വീണ്ടും ചേർക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. സെർവറിലെ തകരാറുകൾ പരിഹരിച്ച് എല്ലാ ഗുണഭോക്താക്കളെയും ഉൾെപ്പടുത്തി കരടുപട്ടിക പുനഃപ്രസിദ്ധീകരിക്കുന്നതിന് 11 വരെ സമയവും അനുവദിച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളും ശേഖരിച്ച വിവരങ്ങൾ എത്രത്തോളം നഷ്ടമായെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഡാറ്റ എൻട്രി ചെയ്തതടക്കം സമഗ്രമായ വിവരങ്ങളാണ് നഷ്ടപ്പെട്ടത്. ഇപ്പോൾ അനുവദിച്ച സമയം കൊണ്ട് വിവരങ്ങൾ തിരിച്ചുപിടിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. ആഗസ്റ്റ് ആദ്യവാരത്തിലാണ് പ്രഥമ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. ആക്ഷേപമുള്ളവരുടെ അപ്പീലുകൾ പരിഗണിച്ച് 31ന് കരടുപട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പ്. അപ്പീലുകൾ പരിഗണിക്കുന്നതിന് തുടക്കം മുതൽ ഉദ്യോഗസ്ഥർ വൈമനസ്യം കാട്ടിയിരുന്നു. പതിവു ജോലിക്കിടയിൽ ലൈഫ് മിഷ​െൻറ പ്രവർത്തനങ്ങൾ നടത്തുകയെന്നത് സങ്കീർണമാണെന്ന് കാട്ടി ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രതിഷേധത്തിലുമായിരുന്നു. ഇതിനിടെയാണ് സെർവറിൽനിന്ന് ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്രത്യക്ഷമായത്. ഓണാവധി ഉൾെപ്പടെ തുടർച്ചയായി ആഘോഷ ദിനങ്ങൾ വന്നതോടെ അപ്പീൽ പൂർണമായും പരിഗണിക്കാനാവില്ലെന്ന് കണ്ട് അട്ടിമറിയിലൂടെ വിവരങ്ങൾ നഷ്ടമാക്കിയെന്നും ആരോപണമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് 11ന് കരടുപട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. വീണ്ടും അപ്പീലുകൾ ഉണ്ടെങ്കിൽ 16വരെ കലക്ടർക്ക് സമർപ്പിക്കാം. 28ന് അന്തിമ കരടുപട്ടിക പുറത്തിറക്കും. ഗ്രാമസഭ, വാർഡുസഭ ഉൾെപ്പടെ കൂടി അപാകത പരിഹരിച്ച് പട്ടിക അംഗീകരിക്കൽ ഒക്ടോബർ മൂന്നിനും 20നും ഇടയിൽ പൂർത്തീകരിക്കണമെന്നാണ് നിർദേശം. ഒക്ടോബർ 25നാണ് ലൈഫ് പാർപ്പിട പദ്ധതിയിലൂടെ വീട് കിട്ടുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story