Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശരിക്കും പാഞ്ഞ്​...

ശരിക്കും പാഞ്ഞ്​ ഉത്രാടം

text_fields
bookmark_border
തൃശൂര്‍: ഒടുവിൽ കാത്തിരുന്ന ദിനമെത്തി. ഒരു വർഷത്തേക്കുള്ള ആഹ്ലാദവും ആരവവും നിറക്കാൻ അവസാനവട്ട ഒരുക്കവും കഴിഞ്ഞാണ് ഓണം കൊള്ളുന്നത്. ഉത്രാടപ്പാച്ചിലി​െൻറ ക്ഷീണം മറന്ന് ഇന്ന് സദ്യവട്ടത്തി​െൻറയും ശേഷം വിനോദത്തി​െൻറയും ആലസ്യത്തിലേക്ക്. ഓണമൊരുക്കാനുള്ള അവസാന തിരക്കുകളിലൂടെയാണ് ഞായറാഴ്ച ഉത്രാടസന്ധ്യ വിടവാങ്ങിയത്. ഓണക്കോടി വാങ്ങാനും സദ്യക്കായി പച്ചക്കറികള്‍ വാങ്ങാനുമെത്തിയവരുടെ തിരക്കിലമർന്നു നാടും നഗരവും. പ്രധാന വ്യാപാരകേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. മന്ദഗതിയിൽ തുടങ്ങിയ പൊതുവിപണി ഉച്ചയോടെ സജീവമായി. വഴിയോര കച്ചവടക്കാർക്കും കോളടിച്ചു. വിലക്കയറ്റത്തി​െൻറ ആധിക്യത്തിലും വിപണിയിൽ കാര്യമായ ചലനമാണ് ഉത്രാടപ്പാച്ചിൽ ഉണ്ടാക്കിയത്. പച്ചക്കറി വിപണിയാണ് ഓണമൊരുക്കാന്‍ എത്തിയവരെ ഞെട്ടിച്ചത്. പയര്‍, കാരറ്റ്, മുരിങ്ങ, പച്ചമുളക് തുടങ്ങിയവക്ക് കിലോക്ക് 15 മുതല്‍ 30 രൂപ വരെ വില കൂടുതലാണ് ഉത്രാടദിനത്തില്‍ അനുഭവപ്പെട്ടത്. ശനിയാഴ്ച 60 രൂപക്ക് ലഭിച്ച പയര്‍ ഞായറാഴ്ച 90 രൂപയിലെത്തി. നാടന്‍ പയറിന് 90ല്‍നിന്ന് 120 ആയി ഉയര്‍ന്നു. കാരറ്റ് വില 40ല്‍നിന്ന് 60 ആയും പച്ചമുളക് 30ല്‍നിന്ന് 60 ആയും ബീന്‍സ് 50ല്‍നിന്ന് 70 ആയും മുരിങ്ങ 35ല്‍നിന്ന് 50 ആയും ഉയര്‍ന്നു. ദിവസങ്ങള്‍ക്കുമുമ്പ് കിലോക്ക് 85 രൂപ നിരക്കില്‍ ലഭിച്ചിരുന്ന ചെങ്ങഴിക്കോടന്‍ നേന്ത്രന് 105 രൂപയായിരുന്നു ഇന്നലെ. പഴത്തിനും അഞ്ചുമുതല്‍ 15 രൂപവരെ വില കൂടി. തൊട്ടാൽ പൊള്ളുന്ന വിലയിലായിരുന്നു ഉത്രാടനാളിലെ പൂക്കച്ചവടം. വാഹനങ്ങൾ ഒന്നിച്ചെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇക്കണ്ടവാരിയര്‍ റോഡ്, പാട്ടുരായ്ക്കല്‍, കെ.എസ്.ആർ.ടി.സി റോഡ് എന്നിവിടങ്ങളിൽ വൈകുന്നേരം വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. തേക്കിന്‍കാട് മൈതാനത്തെ പൂക്കച്ചവടക്കാരും വിപണി കൊഴുപ്പിക്കുന്ന തിരക്കിലാണ്. വന്‍ വിലയാണ് പൂക്കള്‍ക്കെങ്കിലും പൂക്കളമില്ലാത്ത ഓണമില്ലാത്തതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഐ.ആര്‍.ഡി.പി വിപണനമേളയും ഓണത്തിരക്കില്‍ അലിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story