Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാനത്ത് അപൂർണമായ...

സംസ്ഥാനത്ത് അപൂർണമായ വീടുകൾ 58634

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്ത് അപൂർണമായ വീടുള്ളവർ 58,634. സർക്കാറി​െൻറ പാർപ്പിട പദ്ധതിക്കായുള്ള ലൈഫ് മിഷൻ പുറത്തുവിട്ട കണക്കുപ്രകാരമാണിത്. കോഴിക്കോട് ജില്ലയിലാണ് നിർമാണം പാതിവഴിയിലായ കൂടുതൽ വീടുകളുള്ളത്. 8,121 വീടുകളാണ് ഇവിടെ പൂർത്തിയാക്കാനുള്ളത്. 1,251 വീടുകൾ പൂർത്തിയാവാനുള്ള എറണാകുളം ജില്ലയാണ് പട്ടികയിൽ പിന്നിലുള്ളത്. വയനാട് 7,224, പാലക്കാട് 6,779, തിരുവനന്തപുരം 6,479, ഇടുക്കി 5,127, കൊല്ലം 4,773, തൃശൂർ 4,227, ആലപ്പുഴ 3,536, മലപ്പുറം 2,977, കണ്ണൂർ 2,671, കാസർകോട് 2,222, പത്തനംതിട്ട 1,650, കോട്ടയം 1,597 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ പൂർത്തിയാകാനുള്ള ഭവനങ്ങളുടെ പട്ടിക. ജനറൽ വിഭാഗത്തിൽ 21,206, എസ്.സി 25,474, എസ്.ടി 11,954 എന്നിങ്ങനെയാണ് പട്ടികയിൽ ഇടം നേടിയവരുടെ എണ്ണം. വിവിധ പദ്ധതികൾ പ്രകാരം ധനസഹായം ലഭ്യമായിട്ടും വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാത്ത ഭവനങ്ങൾ യഥാർഥ്യമാക്കുക എന്നതാണ് ലൈഫ് മിഷ​െൻറ ആദ്യ വർഷത്തെ ലക്ഷ്യം. ഇത്തരം വീടുകൾ 2018 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്വന്തമായി ഭൂമിയുള്ളവരും വീടിനായി ഏതെങ്കിലും സർക്കാർ ധനസഹായപദ്ധതിയുടെ ഗുണഭോക്താക്കളായി 2016 മാർച്ച് 31ന് മുമ്പ് നിർമാണം തുടങ്ങി പൂർത്തീകരിക്കാൻ കഴിയാത്തവരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഗുണഭോക്താക്കൾക്ക് ആനുപാതിക തുക നേരിട്ട് നൽകി പൂർത്തീകരിക്കാൻ അവസരം നൽകും. അവശർ, നിരാലംബർ, നിരാശ്രയ കുടുംബം തുടങ്ങി സമാന സാഹചര്യത്തിലുള്ളവർക്ക് വീട് പൂർത്തിയാക്കാൻ ഏജൻസികളെയോ കരാറുകാരെയോ ഏൽപിക്കും. അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇതിനുള്ള ചുമതല. ഭവനരഹിതരായ എല്ലാവർക്കും വീട് നിർമിച്ച് നൽകുകയാണ് ലൈഫ് മിഷ​െൻറ ലക്ഷ്യം. വീടില്ലാത്തവരുടെ അന്തിമ പട്ടിക അനിശ്ചിതമായി നീളുന്നത് മൂലമാണ് പാതിവഴിയിൽ നിർമാണം നിലച്ച വീടുകൾ പൂർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകിയത്. ഭാഗിക നിർമാണം നടത്തിയ ഭവനങ്ങളുടെ പരമാവധി തറ വിസ്തീർണം 400 ചതുരശ്ര അടിയായി നിജപ്പെടുത്തിയിട്ടുണ്ട്. പൊതുവായ ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറി ഉൾെപ്പടെ പൂർത്തീകരണത്തിനാണ് ധനസഹായം നൽകുക. 400 ചതുരശ്ര അടിയിൽ കൂടുതൽ ആവശ്യമായവക്ക് അത്തരത്തിലും നിർമാണം അനുവദിക്കും. ഏത് ഭവനപദ്ധതിയിൽ ആരംഭിച്ചതാണെങ്കിലും യൂനിറ്റ് കോസ്റ്റ് നാലുലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story