Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടമുറി കൈമാറ്റ വിവാദം: ...

കടമുറി കൈമാറ്റ വിവാദം: കോർപറേഷൻ നിയമനടപടിക്ക്

text_fields
bookmark_border
കച്ചമുറുക്കി ഭരണ-പ്രതിപക്ഷം ഇന്ന് കൗൺസിലിന് തൃശൂർ: യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോർപറേഷൻ ഉടമസ്ഥതയിലുള്ള കടമുറി കൈമാറ്റത്തിൽ അഴിമതിയെന്ന ആരോപണത്തിൽ കോർപറേഷൻ നിയമനടപടിക്ക്. കടമുറി കൈമാറ്റത്തിന് 17 ലക്ഷം പാരിതോഷികം നൽകിയെന്ന് വ്യാപാരി വിജിലൻസിന് നൽകിയ മൊഴിയുടെയും, കടമുറി കൈമാറിയ തീരുമാനം റദ്ദാക്കി തിരിച്ചെടുക്കണമെന്ന മുൻ സെക്രട്ടറിയുടെ കത്തി​െൻറയും അടിസ്ഥാനത്തിലാണിത്. കടമുറി അനുവദിച്ച തൃശൂർ മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘത്തിനും ഈ മുറി വ്യക്തിക്ക് കൈമാറാൻ അനുവദിച്ച യു.ഡി.എഫ് ഭരണസമിതിക്കെതിരെയും നിയമനടപടിക്കാണ് സി.പി.എം നിർദേശിച്ചത്. ഇക്കാര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കും. കോർപറേഷൻ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് മാർക്കറ്റിലെ മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘം നൽകിയിരുന്ന മുറി കൈമാറിയതിലാണ് ലക്ഷങ്ങൾ പാരിതോഷികമായി നൽകിയെന്ന്, കടയനുവദിച്ച വ്യാപാരി വിജിലൻസിന് മൊഴി നൽകിയത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഏറെ വിവാദമായതായിരുന്നു ഈ കടമുറി കൈമാറ്റം. സഹകരണ സംഘത്തിന് കടമുറി ആവശ്യമില്ലെങ്കിൽ കോർപറേഷനെ തിരികെ ഏൽപിക്കുകയാണ് വേണ്ടതെന്നിരിക്കെ മറിച്ച് നൽകുകയായിരുന്നു. ഈ തീരുമാനത്തിന് യു.ഡി.എഫ് ഭരണസമിതി അംഗീകാരം നൽകി. കടമുറി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് സെക്രട്ടറിയായിരുന്ന കെ.എം. ബഷീർ, കോർപറേഷന് അയച്ച കത്തി​െൻറ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള വ്യാപാരിയുടെ മൊഴിപ്പകർപ്പും കോർപറേഷന് ലഭിച്ചത്. അന്ന് സെക്രട്ടറിയായിരുന്ന കെ.എം. ബഷീറി​െൻറ കത്തിൽ, അസി.സെക്രട്ടറിയാണ് തീരുമാനത്തിൽ ഒപ്പുവെച്ചതെന്നും, കടമുറി കൈമാറിയത് ശരിയായ നടപടിയാണെങ്കിലും, 17 ലക്ഷം പാരിതോഷികം നൽകിയത് പരിശോധിക്കേണ്ടതുണ്ടെന്നും, ഈ അടിസ്ഥാനത്തിൽ കടമുറി തിരിച്ചെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. വഴിയോര കച്ചവടക്കാരുടെ സംഘടനാ നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് അന്വേഷിക്കുന്നത്. നിലവിൽ കേസിൽ കോർപറേഷൻ കക്ഷിയല്ല. ഈ സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് കടക്കാൻ ആലോചിക്കുന്നത്. അജണ്ടയിലെ ആദ്യ ഇനമാണ് കടമുറി കൈമാറ്റ വിവാദം. കോൺഗ്രസിനെ കുരുക്കിലാക്കാനുള്ള നീക്കമാണ് ഇതിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത്. അതിനെ നേരിടാൻ പാകത്തിൽ കരുതലോടെയാണ് പ്രതിപക്ഷം വെള്ളിയാഴ്ച കൗൺസിലിന് എത്തുക. പാരിതോഷികം നൽകിയത് സഹകരണ സംഘത്തിന് ആണെന്നും കോർപറേഷനോ, കൗൺസിലിനോ അതിൽ പങ്കില്ലെന്നും വാദമുയർത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. നിരവധി പൊതുവിഷയങ്ങളും, റിലയൻസ് കേബിളിടുന്നതിലെ പരിശോധനാ റിപ്പോർട്ടുമുൾപ്പെടെ അജണ്ടയിൽ മറ്റിനങ്ങളുണ്ടെങ്കിലും കൗൺസിൽ ചൂടാവുക കടമുറി കൈമാറ്റ വിവാദത്തിലാവും.
Show Full Article
TAGS:LOCAL NEWS 
Next Story