Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴുജീവിതം

പുഴുജീവിതം

text_fields
bookmark_border
ഗുരുവായൂര്‍: നഗരത്തി​െൻറ തെരുവോരങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ കാണണം ഈ സാധു മനുഷ്യരുടെ ദുരിതം. മാലിന്യം ചിക്കിച്ചികഞ്ഞ് ഭക്ഷണം കണ്ടെത്തുന്ന തെരുവ് നായ്ക്കളേക്കാൾ കഷ്ടമാണ് ഇവരുടെ ജീവിതം. തെരുവോരത്ത് കൂടിക്കിടക്കുന്ന അഴുകിയ മാലിന്യം ചികഞ്ഞ് വേർതിരിക്കുകയാണ് നഗരസഭ ശുചീകരണ വിഭാഗത്തിലെ താൽക്കാലിക തൊഴിലാളികളുടെ ഇപ്പോഴത്തെ ജോലി. സ്വന്തം വീടും പരിസരവും വൃത്തിയായിരിക്കാൻ മാന്യന്മാർ തെരുവിലേക്ക് വലിച്ചെറിയുന്ന മാലിന്യപ്പൊതികളാണ് ഇവർ അഴിച്ച് വേർതിരിക്കുന്നത്. പ്ലാസ്റ്റിക് കലർന്ന മാലിന്യം സംസ്കരണ പ്ലാൻറിൽ നിക്ഷേപിക്കാൻ കഴിയാത്തതിനാലാണ് പ്ലാസ്റ്റിക്കും അജൈവ വസ്തുക്കളും ജൈവവസ്തുക്കളും വേർതിരിക്കുന്നത്. ദിവസങ്ങളായി വീട്ടിൽ കെട്ടിെവച്ച് കവറുകളിലാക്കി എറിയുന്ന മാലിന്യം തുറന്നാൽ പലതിലും പുഴു തിളക്കുന്ന അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. ഒപ്പം കടുത്ത ദുർഗന്ധവും. വീട്ടിലെ കുട്ടികളും കിടപ്പു രോഗികളുമെല്ലാം ഉപയോഗിച്ച വിസർജ്യം കലർന്ന നാപ്കിനുകൾവരെ കൂട്ടത്തിലുണ്ട്. തെരുവിലെ മാലിന്യത്തിന് വ്യാപാരികളെയാണ് പലരും പഴി പറയുന്നതെങ്കിലും ദുർഗന്ധം വമിക്കുന്ന, പുഴുവരിച്ച മാലിന്യം ഏറെ എത്തുന്നത് വീടുകളിൽനിന്നാണെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്ക് നഗരസഭ കൈയുറ നൽകിയിട്ടുണ്ടെങ്കിലും അതുപയോഗിച്ച് വേർതിരിക്കൽ എളുപ്പമല്ലാത്തതിനാൽ പലരും ഉപയോഗിക്കുന്നില്ല. ഇവരുടെ ജോലി അൽപനേരം കണ്ടുനിൽക്കുകപോലും പ്രയാസമുള്ള കാഴ്ചയാണ്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ ഈ തൊഴിലാളികളുടെ ദുരിതവും ദൈന്യതയും വിവരിച്ചെങ്കിലും നഗരവാസികളുടെ കണ്ണു തുറന്നില്ല. എല്ലാം കേട്ടുപോയ കൗൺസിലർമാരും ഈ വിഷയത്തിൽ ഇടപെടൽ നടത്തിയില്ല. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യ നിക്ഷേപം നിർത്തിയതോടെയാണ് തെരുവിൽ മാലിന്യക്കൂനകൾ ഉയർന്നത്. സംസ്കരിക്കാവുന്ന ജൈവമാലിന്യം മാത്രമേ ട്രഞ്ചിങ് ഗ്രൗണ്ടിലെ പ്ലാൻറിലേക്ക് ഇപ്പോൾ കൊണ്ടുപോകുന്നുള്ളൂ. ഇതോടെ തെരുവോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യം നീക്കാൻ കഴിയാത്ത അവസ്ഥയായി. ഇതിന് പരിഹാരമായാണ് മാലിന്യം വേർതിരിച്ച് ജൈവമാലിന്യം പ്ലാൻറിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. നഗരത്തിെല നാലിടങ്ങളിൽ മാലിന്യം സംസ്കരിക്കാൻ എയറോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുകയും അവിടെ വേർതിരിച്ച ജൈവമാലിന്യം സൗജന്യമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇത്തരം കേന്ദ്രങ്ങളുടെ സമീപത്തുപോലും മാലിന്യം കവറിലാക്കി വലിച്ചെറിയുകയാണ് പലരും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാവലിരുന്നപ്പോൾ ഒരു പ്രധാന ഉദ്യോഗസ്ഥൻ കുടുങ്ങിയ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story